കാഞ്ഞങ്ങാട് ഹസ്സൻ മാസ്റ്റർ അബൂദബിയിൽ അന്തരിച്ചു
അബൂദബി: കാഞ്ഞങ്ങാട്ടെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക- കലാ-കായിക രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന തെക്കേപ്പുറത്തെ പാറക്കാട് കെ.ഹസ്സൻ മാസ്റ്റർ (84) അബൂദബിയിൽ അന്തരിച്ചു. അബൂദബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. മൃതദേഹം വ്യാഴാഴ്‌ച വൈകുന്നേരം ബനിയാസ് മോർച്ചറിയിലേക്ക് മാറ്റി.
ഇക്കഴിഞ്ഞ ഡിസംബർ ആറിനാണ് ഇദ്ദേഹം നാട്ടിൽ നിന്ന് അബൂദബിയിലുള്ള മക്കളെ കാണാൻ എത്തിയത്. മൂന്നു മാസം മുമ്പ് നെഞ്ച് വേദനയെ തുടർന്ന് ശൈഖ് ഖലീഫ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഇതിനിടെ രോഗം മൂർച്ഛിച്ചു.പരപ്പ കമ്മാടത്തെ കുടുംബാംഗമായ ഹസ്സൻ മാസ്റ്റർ അജാനൂർ മാപ്പിള സ്‌കൂൾ, പള്ളിക്കര ഇസ്ലാമിക് സ്‌കൂൾ എന്നിവിടങ്ങളിലും ചെമ്മനാട്, കാസർകോട്, തളങ്കര, ഹൊസ്ദുർഗ് എന്നിവിടങ്ങളിലെ വിദ്യാലയങ്ങളിലും അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മികച്ച അധ്യാപകനുള്ള അവാർഡും ലഭിച്ചിട്ടുണ്ട്.
കായിക രംഗത്ത് ഒട്ടേറെ സംഭാവനകൾ ചെയ്ത അദ്ദേഹം കാഞ്ഞങ്ങാട്ടെ കായിക പ്രേമികൾക്ക് പ്രിയപ്പെട്ടവനായിരുന്നു. ആവേശം പകരുന്ന സ്പോർട്സ് കമന്റേറിയനുമായിരുന്നു. അജാനൂർ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി, കാഞ്ഞങ്ങാട് മുസ്ലിം യത്തീം ഖാന, ക്രസന്റ് സ്കൂൾ കമ്മിറ്റി അംഗവുമായിരുന്നു. ഫാത്തിമത്ത് സുഹ്റയാണ് ഭാര്യ. ശബീർ ഹസ്സൻ, ഷജീർ ഹസ്സൻ, ഡോ. ഷബ്‌ന ഹസ്സൻ (മൂവരും അബൂദബി), ഡോ. ഷഹിൻ (ദുബൈ) മക്കളാണ്.നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ട് പോകുന്ന മൃതദേഹത്തെ ഭാര്യയും മക്കളും ബന്ധുക്കളും അനുഗമിക്കും. കാഞ്ഞങ്ങാട് തെക്കേപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."