ദുബൈയിൽ വാടക തർക്കങ്ങളിൽ കുടുങ്ങിയവർക്ക് സഹായവുമായി വ്യവസായി
ദുബൈ: ദുബൈ എമിറേറ്റിൽ സാമ്പത്തിക പരാധീനത മൂലം വാടക തർക്കങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് സഹായ ഹസ്തവുമായി വ്യവസായി. ഇത്തരക്കാരെ സാമ്പത്തികമായി സഹായിക്കുന്നതിന് 1.2 മില്യൺ ദിർഹമാണ് രാജ്യത്തെ പ്രമുഖ വ്യവസായിയായ അബ്ദുല്ല അഹ്മദ് അൽ അൻസാരി ദുബൈ ലാൻഡ് ഡിപ്പാർട്മെന്റിന് കീഴിലുള്ള നീതിന്യായ വിഭാഗമായ വാടക തർക്ക പരിഹാര കേന്ദ്രത്തിന് നൽകിയത്.
യാദ് അൽ ഖൈർ കമ്മിറ്റി വഴിയാണ് തുക കൈമാറിയത്. സാമൂഹിക സംഘടനകളുടെ സഹായത്തോടെ അർഹതയുള്ളവരെ കണ്ടെത്തി ധന സഹായം നൽകുമെന്ന് ആർ.ഡി.സി അധികൃതർ അറിയിച്ചു. ഉദാരമതികളായ വ്യവസായികൾ ഇത്തരത്തിൽ വ്യക്തിപരമായി സഹായം നൽകാറുണ്ടെന്നും ആർ.ഡി.സി അറിയിച്ചു.
റിയൽ എസ്റ്റേറ്റ് വിപണി ക്രമീകരിക്കുന്നതിന്റെ ഭാഗമായി നീതിപൂർവകമായാണ് വാടക തർക്ക കേസുകൾ കൈകാര്യം ചെയ്യുന്നതെന്ന് ആർ.ഡി.സി ചെയർമാനും ജഡ്ജിയുമായ അബ്ദുൽ ഖാദർ മൂസ മുഹമ്മദ് പറഞ്ഞു. ദുബൈയിൽ ഫ്രീ സോൺ ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലെയും ഭൂവുടമയും വാടകക്കാരും തമ്മിലുള്ള തർക്കം പരിഹരിക്കാനുള്ള നിയമപരമായ ചുമതല ആർ.ഡി.സിക്കാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."