തിരുപ്രഭ ക്വിസ് - DAY 3 : അഹ്മദ്
പ്രവാചക നാമങ്ങളില്‍ നിന്ന് ഖുര്‍ആനിലും പ്രവാചക വചനത്തിലും ഉമ്മത്തിന്റെ ഇജ്മാഇലും ഉപയോഗിക്കപ്പെട്ട നാമമാണ് അഹ്‌മദ് എന്നത്. എനിക്ക് ശേഷം ആഗതമാകുന്ന അഹ്‌മദ് എന്ന് പേരുള്ള പ്രവാചകനെ കുറിച്ച സുവിശേഷകനായിട്ടാണ് (എന്റെ നിയോഗം) (സ്വഫ്ഫ്: 6). ഈ ആയത്തില്‍ പരാമര്‍ശിക്കപ്പെട്ട വിശേഷം സൃഷ്ടികളുടെ നേതാവും അല്ലാഹുവിന്റെ സ്‌നേഹ ഭാജനവുമായ മുഹമ്മദ് നബി (സ) ആണെന്നത് ഉമ്മത്തിന്റെ ഏക കണ്ഠമായ അഭിപ്രായമാണ്.
പ്രസിദ്ധ സ്വഹാബി ജുബൈര്‍ ബിന്‍ മുത്ഇം (റ) ല്‍ നിന്നും മറ്റുള്ളവരില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു ഹദീസില്‍ നബി (സ) പറഞ്ഞതായി കാണാം: എനിക്ക് അഞ്ചു നാമങ്ങളുണ്ട്, ഞാന്‍ മുഹമ്മദാകുന്നു, ഞാന്‍ അഹ്‌മദാകുന്നു, ഞാന്‍ മാഹിയാകുന്നു, അല്ലാഹു എന്നിലൂടെ അവിശ്വാസം വിപാടനം ചെയ്യും, ഞാന്‍ ഹാശിര്‍ ആകുന്നു, അല്ലാഹു ജനങ്ങളെ എന്റെ കാൽപാദത്തിനു മേല്‍ (എനിക്ക് മുന്നില്‍) ഒരുമിച്ചു കൂട്ടും, ഞാന്‍ ആഖിബ് ആകുന്നു (അവസാന പ്രവാചകന്‍).
അഹ്‌മദ് എന്ന നാമത്തിനു ഖാളി ഇയാള് (റ) നല്‍കിയ വിവക്ഷ (അല്ലാഹുവിനെ സ്തുതിക്കുന്നവരില്‍ ഏറ്റവും ഉന്നതനും, സൃഷ്ടികളാല്‍ സ്തുതിക്കപ്പെടുന്നവരില്‍ ഏറ്റവും ഉല്‍കൃഷ്ടനും എന്നാകുന്നു. മുഹമ്മദ്, അഹ്‌മദ് എന്നീ നാമങ്ങള്‍ 'ഹംദ്' എന്ന ധാതുവില്‍ നിന്ന് ഉണ്ടായതാണ്. അത് കൊണ്ട് തന്നെ ഹംദുമായി ബന്ധപ്പെട്ടതെല്ലാം അല്ലാഹു നബി തങ്ങള്‍(സ)ക്ക് നല്‍കി.
'ലിവാഉല്‍ ഹംദ്' എന്ന പതാക അല്ലാഹു പരലോകത്തു നബി തങ്ങള്‍ക്കാണ് നല്‍കുക.
ആ പതാകയുടെ കീഴില്‍ നബി തങ്ങളോടൊപ്പം നില്‍ക്കാനുള്ള ഭാഗ്യത്തിന് വേണ്ടി പ്രാര്‍ഥിക്കാത്ത, കൊതിക്കാത്ത വിശ്വാസികളില്ലല്ലോ! അവസാന നാളില്‍ മഹ്ശറിന്റെ ഭയാനകതയിലും നബി (സ) ഹംദിന്റെ വിശേഷണത്തിലാണ് അറിയപ്പെടുക. അല്ലാഹു നബി തങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയ മുന്‍ഗാമികളും പിന്‍ഗാമികളും ഒരു പോലെ സ്തുതിക്കുന്ന 'മഖാമുന്‍ മഹ്‌മൂദ്' അന്ന് തിരുദൂതര്‍ക്ക് നല്‍കപ്പെടും.
മാത്രമല്ല, അവിടുത്തെ സമുദായത്തിന് അല്ലാഹു നല്‍കിയ വിശേഷണം തന്നെ എല്ലാ അവസ്ഥയിലും അല്ലാഹുവിനെ സ്തുതിക്കുന്നവര്‍ എന്നാണല്ലോ. ഈ പരിശുദ്ധ നാമങ്ങള്‍ക്കുള്ള പവിത്രതയും മഹത്വവും അനുഗ്രഹവുമെല്ലാം അവക്കുള്ള ഉടമയോട് ബന്ധപ്പെട്ടുള്ളതാണ്. അവിടുത്തെ ബറകത്ത് കൊണ്ടാണല്ലോ ലോകമഖിലത്തിന്നും അല്ലാഹു അനുഗ്രഹം ചൊരിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."