ഇന്ത്യയും സഊദിഅറേബ്യയും പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നു; റിയാദിൽ സംയുക്ത സമിതി യോഗം ചേർന്നു
റിയാദ്: ഇന്ത്യയും സഊദി അറേബ്യയും തമ്മിൽ പ്രതിരോധം ഉൾപ്പടെ വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി റിയാദിൽ സംയുക്ത യോഗം. റിയാദിൽ ചേർന്ന ഇരു രാജ്യങ്ങളുടെയും സംയുക്ത പ്രതിരോധ സഹകരണ സമിതിയുടെ ആറാമത് യോഗത്തിൽ സൈനികം, പരിശീലനം, പ്രതിരോധ വ്യവസായം, ഗവേഷണ വികസനം തുടങ്ങിയ വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവും വ്യാപ്തി വിപുലീകരികരണവും ചർച്ചയായി.
ഇരു രാജ്യങ്ങളുടെയും സായുധ സേനകൾ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനും തീരുമാനമുണ്ട്. ഇതിന്റെ ഭാഗമായി സായുധസേനകളുടെ പ്രതിരോധ, സാങ്കേതിക ശേഷികൾ വർധിപ്പിക്കുന്നതിന് സഹായിക്കുന്ന ഗവേഷണ വികസന മേഖലകളിലെ സഹകരണം ഉറപ്പ് വരുത്തും. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുശേഷം 1947-ലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ആരംഭിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തേണ്ടതിനായി സഊദി-ഇന്ത്യൻ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിൽ പ്രവർത്തിക്കുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിൽ രാഷ്ട്രീയ, സാമ്പത്തിക തലങ്ങളിലും സുരക്ഷ, പ്രതിരോധ മേഖലകളിലും ശക്തവും ചരിത്രപരവുമായ ബന്ധങ്ങളും സംയുക്ത സഹകരണവും പങ്കിടുന്നുണ്ട്.
ഇന്ത്യയിലേക്കുള്ള ഏറ്റവും വലിയ എണ്ണ വിതരണക്കാരിൽ ഒന്നാണ് ഇപ്പോൾ സഊദി അറേബ്യ. കൂടാതെ, ഏഴ് വലിയ പങ്കാളികളിൽ ഒന്നുമാണ്. പ്രതിരോധ സഹകരണത്തിെൻറ ലക്ഷ്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ധാരണാപത്രത്തിന് കീഴിലുള്ള ഒരു സ്ഥിരം സംവിധാനമാണ് സംയുക്ത പ്രതിരോധ സഹകരണ സമിതി.
സംയുക്ത യോഗത്തിൽ സഊദി പ്രതിനിധി സംഘ നേതാവ് മേജർ ജനറൽ സൽമാൻ ബിൻ അവാദ് അൽ ഹർബി അധ്യക്ഷത വഹിച്ചു. ജോയിൻറ് സെക്രട്ടറി അമിതാഭ് പ്രസാദിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിനിധി സംഘം യോഗത്തിൽ സംബന്ധിച്ചു. സംയുക്ത യോഗത്തിൽ പ്രതിരോധ മന്ത്രാലയത്തിൽനിന്നുള്ള ഉദ്യോഗസ്ഥരും ഉൾപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."