ആദ്യദിനം, ആദ്യമണിക്കൂറിൽ പത്രിക സമർപ്പിക്കാൻ മുകേഷ്; രാഹുൽ ഗാന്ധി ഏപ്രിൽ മൂന്നിന്
കൊല്ലം: കേരളത്തിൽ ലോക്‌സഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കാനിരിക്കെ, മുകേഷ് എംഎൽഎ പത്രിക സമർപ്പിക്കുന്ന ആദ്യ സ്റ്റാർ സ്ഥാനാർഥിയാകും. കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർഥിയും സിനിമ നടനുമായ മുകേഷ് ഇന്ന് രാവിലെ പത്തരയോടെയാകും നാമനിർദ്ദേശപത്രിക സമർപ്പിക്കുക. കൊല്ലം ഹൈസ്കൂൾ ജംഗ്ഷനിലുള്ള സിഐടിയു ഓഫീസിൽ നിന്ന് മുന്നണി നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം പത്രിക സമർപ്പിക്കാൻ പുറപ്പെടും. മത്സ്യത്തൊഴിലാളികളാണ് മുകേഷിന് കെട്ടിവയ്ക്കാനുള്ള തുക കൈമാറിയത്.
കേരളത്തിൽ മത്സരിക്കുന്ന ഏറ്റവും കൂടുതൽ ദേശീയ ശ്രദ്ധയുള്ള രാഹുൽ ഗാന്ധി ഏപ്രില്‍ മൂന്നിനാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക. അന്നേദിവസം വയനാട്ടില്‍ റോഡ് ഷോയും നടത്തും. വയനാട്ടിലെ സിറ്റിംഗ് എംപിയായ രാഹുൽ ഗാന്ധി ഇതുവരെ മണ്ഡലത്തില്‍ എത്തിയില്ലെങ്കിലും പ്രചാരണപ്രവര്‍ത്തനങ്ങള്‍ സജീവമാണ്. രാഹുല്‍ ഗാന്ധി കൂടി എത്തുന്നതോടെ കോണ്‍ഗ്രസിന്റെ പ്രചാരണം ഒന്നുകൂടി ശക്തമാകും.
അതേസമയം, രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന കേരളം ഉള്‍പ്പെടെ 13 സംസ്ഥാനങ്ങളിലെ 89 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. ഇന്നുമുതല്‍ ഏപ്രില്‍ നാലു വരെ പത്രിക സമര്‍പ്പിക്കാം. രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെയാണ് പത്രിക സ്വീകരിക്കുന്ന സമയം. അഞ്ചാം തീയതി നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. എട്ടാം തീയതി വരെ പത്രിക പിന്‍വലിക്കാം. ഏപ്രില്‍ 26 നാണ് വോട്ടെടുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."