കങ്കണക്ക് വീണ്ടും തിരിച്ചടി; സിഖ് സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ കോടതി നടിക്ക് നോട്ടീസയച്ചു
ഛണ്ഡീഗഡ്: എമര്‍ജന്‍സി സിനിമയിലൂടെ സിഖ് മതവിശ്വാസികളുടെ പ്രതിച്ഛായ മോശമാക്കിയെന്ന പരാതിയില്‍ നടി കങ്കണ റണാവത്തിന് കോടതി നോട്ടീസ്. അഭിഭാഷകനായ രവീന്ദര്‍ സിങ് ബസ്സി സമര്‍പ്പിച്ച ഹരജിയിലാണ് ബി.ജെ.പി എം.പി കൂടിയായ കങ്കണക്ക് ഛണ്ഡീഗഡ് ജില്ല കോടതി നോട്ടീസ് നല്‍കിയത്. ഡിസംബര്‍ അഞ്ചിനകം മറുപടി നല്‍കാനാണ് നിര്‍ദേശം.
ശരിയായ ചരിത്ര വസ്തുതകളും കണക്കുകളും പഠിക്കാതെ സിനിമയില്‍ സിഖുകാരെ മോശമായി ചിത്രീകരിക്കുകയാണ്. കുറ്റാരോപിതരുടെ ഈ പ്രവൃത്തി സിഖ് സമൂഹത്തിന്റെ പൊതുവായ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും അഭിഭാഷകന്‍ ഹരജിയില്‍ ആരോപിച്ചു.
ട്രെയിലര്‍ പുറത്ത് വന്നതിന് പിന്നാലെ നിരവധി പരാതികളാണ് ചിത്രത്തിന് നേരെ ഉയര്‍ന്നത്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ പ്രകോപനപരമായ പ്രസ്താവനകളും, പ്രസംഗങ്ങളും നടത്തി സമുദായങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കുകയാണ് കങ്കണയെന്നും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു. കങ്കണയ്ക്കും, മറ്റ് രണ്ടുപേര്‍ക്കെതിരെയും ഭാരതീയ് നാഗരിക് സുരക്ഷ സന്‍ഹിതയിലെ വിവിധ വകുപ്പുകള്‍ കേസെടുക്കണമെന്നാണ് ഹരജയില്‍ ആവശ്യമുള്ളത്.
1975ല്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തിന്റെ സംവിധായിക കൂടിയാണ് കങ്കണ. ചിത്രത്തില്‍ ഇന്ദിരാഗാന്ധിയുടെ വധം, 1980 കളില്‍ ജര്‍ണയില്‍ സിങ് ഭിന്ദ്രന്‍വാലയുടെ കീഴിലുള്ള ഖലിസ്ഥാന്‍ പ്രസ്ഥാനത്തിന്റെ ഉദയം എന്നിവ പ്രതിപാദിക്കുന്നുണ്ട്.
court issued a notice to Kangana on the complaint of defaming the Sikh community
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."