യു.എസ് ഓപണ്‍: മുറെ,സെറീന മുന്നോട്ട്
ന്യൂയോര്‍ക്ക്: യു.എസ് ഓപണ്‍ പുരുഷ വിഭാഗം സിംഗിള്‍സില്‍ ബ്രിട്ടന്റെ വിംബിള്‍ഡണ്‍ ജേതാവ് ആന്‍ഡി മുറെ സ്വിസ് താരം വാവ്‌റിങ്ക എന്നിവര്‍ രണ്ടാം റൗണ്ടില്‍ കടന്നു. മുറെ ചെക്ക് താരം ലൂക്കാസ് റോസലിനെ വീഴ്ത്തിയപ്പോള്‍ വാവ്‌റിങ്ക സ്‌പെയിനിന്റെ ഫെര്‍ണാണ്ടോ വെര്‍ഡാസ്‌കോയെയാണ് പരാജയപ്പെടുത്തിയത്.
റോസലിനെതിരേ മികവോടെ പൊരുതിയ മുറെ ഏകപക്ഷീയമായ ജയമാണ് സ്വന്തമാക്കിയത്. സ്‌കോര്‍ 6-3, 6-2, 6-2. ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയ മുറെ എതിരാളിയെ തുടക്കത്തില്‍ തന്നെ സമ്മര്‍ദത്തിലാക്കി. രണ്ടാം സെറ്റില്‍ റോസലിന്റെ ഇരട്ട പിഴവുകള്‍ മുറെയ്ക്ക് മത്സരത്തില്‍ ആധിപത്യം സമ്മാനിച്ചു. 11 എയ്‌സുകളാണ് മത്സരത്തില്‍ താരം തൊടുത്തത്. രണ്ടാം സെറ്റില്‍ ലീഡെടുത്ത ശേഷം റോസലിന് മുറെയ്‌ക്കെതിരേ പൊരുതാന്‍ പോലും സാധിച്ചില്ല. സ്‌പെയിനിന്റെ മാര്‍സെല്‍ ഗ്രാനോളേഴ്‌സാണ് രണ്ടാം റൗണ്ടില്‍ മുറെയുടെ എതിരാളി.
ആദ്യ മത്സരത്തില്‍ കടുത്ത എതിരാളിയായ വെര്‍ഡാസ്‌കോയെ ലഭിച്ചിട്ടും അനായാസം ജയം സ്വന്തമാക്കുകയായിരുന്നു വാവ്‌റിങ്ക. സ്‌കോര്‍ 7-6, 6-4, 6-4. നേരത്തെ കളിച്ച 13 ആദ്യ റൗണ്ട് മത്സരങ്ങളില്‍ 12 എണ്ണത്തിലും ജയിക്കാന്‍ വെര്‍ഡാസ്‌കോയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ വാവ്‌റിങ്കയ്‌ക്കെതിരേ ആദ്യ സെറ്റില്‍ മാത്രമാണ് സ്പാനിഷ് താരത്തിന് മികവോടെ പൊരുതാന്‍ സാധിച്ചത്. ജയത്തോടെ ക്വിന്‍സ് ക്ലബ് റണ്ണ് അപ്പിന്റെ ആദ്യ റൗണ്ടില്‍ വെര്‍ഡാസ്‌കോയോട് പരാജയപ്പെട്ടതിന്റെ ക്ഷീണം തീര്‍ക്കാനും വാവ്‌റിങ്കയ്ക്ക് സാധിച്ചു. മത്സരത്തില്‍ 7 എയ്‌സുകളാണ് താരം തൊടുത്തത്. രണ്ടും മൂന്നും സെറ്റുകളില്‍ വെര്‍ഡാസ്‌കോ വരുത്തിയ പിഴവുകളാണ് വാവ്‌റിങ്കയെ ജയത്തിലേക്ക് നയിക്കുകയായിരുന്നു.
മറ്റു മത്സരങ്ങളില്‍ നിഷികോരി ബെക്കറെയും കിര്‍ഗിയോസ് ബെദനെയെയും പരാജയപ്പെടുത്തി.
വനിതാ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ താരം സെറീന വില്യംസ്, സിമോണ ഹാലെപ്, വീനസ് വില്യംസ് എന്നിവര്‍ രണ്ടാം റൗണ്ടില്‍ കടന്നിട്ടുണ്ട്. സെറീന എകാതറീന മകരോവയെ ഏകപക്ഷീയമായ പോരാട്ടത്തില്‍ കീഴടക്കുകയായിരുന്നു. സ്‌കോര്‍ 6-3, 6-3. മത്സരത്തിനിറങ്ങും മുമ്പ് തോളിനേറ്റ പരുക്ക് സെറീനയ്ക്ക് തിരിച്ചടിയാവുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ അനായാസം തുടങ്ങിയ സെറീന വേഗമേറിയ ഷോട്ടുകള്‍ കൊണ്ട് മകരോവയെ കീഴടക്കുകയായിരുന്നു. വാനിയ കിങാണ് രണ്ടാം റൗണ്ടില്‍ സെറീനയ്ക്ക് എതിരാളി.
അതേസമയം വീനസ് ഉക്രൈന്റെ കാതറീന കോസ്‌ലോവയെയാണ് വീഴ്ത്തിയത്. സ്‌കോര്‍ 6-2, 5-7, 6-4. മത്സരത്തില്‍ ഭാഗ്യം കൊണ്ട് മാത്രമാണ് വീനസ് രക്ഷപ്പെട്ടത്. 63 അണ്‍ഫോഴ്‌സ്ഡ് എറേഴ്‌സാണ് താരം വരുത്തിയത്.
ആദ്യ സെറ്റില്‍ മികവോടെ പൊരുതിയ വീനസ് സെറ്റ് സ്വന്തമാക്കി. എന്നാല്‍ തിരിച്ചു വന്ന കോസ്‌ലോവ വീനസിനെ ഞെട്ടിച്ച് രണ്ടാം സെറ്റ് സ്വന്തമാക്കി. ഈ സെറ്റില്‍ വീനസിന്റെ നിരവധി പിഴവുകള്‍ കോസ്‌ലോവയെ സെറ്റ് സ്വന്തമാക്കുന്നതില്‍ സഹായിക്കുകയും ചെയ്തു.
നിര്‍ണായകമായ അവസാന സെറ്റില്‍ ഇരുവരും ഇഞ്ചോടിഞ്ച് പൊരുതിയെങ്കിലും വീനസ് പിഴവുകള്‍ ധാരാളം വരുത്തി. ഇത്തവണ പിഴവുകള്‍ മുതലെടുക്കാാന്‍ കോസ്‌ലോവയ്ക്കായില്ല. എന്നാല്‍ വീനസ് എതിരാളിയുടെ ദൗര്‍ബല്യം മുതലെടുത്ത് മത്സരം സ്വന്തമാക്കുകയായിരുന്നു.
സിമോണ ഹാലെപ് ഫ്‌ളിപ്‌കെന്‍സിനെയാണ് വീഴ്ത്തിയത്. സ്‌കോര്‍ 6-0, 6-2. എന്നാല്‍ അന ഇവാനോവിക്കിനെ അല്ലര്‍ട്ടോവ അട്ടിമറിച്ചു. സ്‌കോര്‍ 7-6, 6-1.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."