കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്
ചണ്ഡിഗഢ്: സംസ്ഥാനത്തെ മുസ് ലിം ഭൂരിപക്ഷ പ്രദേശമെന്നതാണ് ഡല്‍ഹിയോട് ചേര്‍ന്നുള്ള ഹരിയാനയിലെ നൂഹിന്റെ പ്രത്യേകതകളിലൊന്ന്. തെരഞ്ഞെടുപ്പ് നടക്കുന്നതിന് ഒരുവര്‍ഷം മുമ്പാണ് ഹരിയാനയില്‍ വര്‍ഗീയകലാപം പൊട്ടിപ്പുറപ്പെട്ടത്. ദിവസങ്ങളോളം അക്രമങ്ങള്‍ നീണ്ടു. ഭരണകൂടം വിവേചനപരമായി ഇടപെട്ടെന്ന് ആരോപണം ഉയര്‍ന്ന കലാപത്തില്‍, ഇരകളാക്കപ്പെട്ടവരുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയും ചെയ്തു. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ വി.എച്ച്.പി നടത്തിയ ഘോഷയാത്രയ്ക്കിടെയാണ് നൂഹില്‍ ആറുപേരുടെ മരണത്തിനിടയാക്കിയ കലാപം പൊട്ടിപ്പുറപ്പെട്ടത്. അക്രമങ്ങള്‍ നിലച്ചെങ്കിലും അതിന്റെ അനുരണനങ്ങള്‍ മാസങ്ങള്‍ നീണ്ടുനിന്നു. കലാപവുമായി ബന്ധപ്പെട്ട് നൂഹിലെ പ്രബല രാഷ്ട്രീയക്കാരനും കോണ്‍ഗ്രസ് എം.എല്‍.എയുമായ മമ്മന്‍ ഖാനെ ഹരിയാന പൊലിസ് അറസ്റ്റ് ചെയ്തു.
ഈ പ്രതിസന്ധിക്കിടെ നടന്ന വോട്ടെടുപ്പിന്റെ ഫലംവന്നപ്പോള്‍ നൂഹിലെ മൂന്നില്‍ മൂന്ന് മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് നേടാനായത് മികച്ച വിജയം. മൂന്നില്‍ രണ്ടിടത്ത് ബി.ജെ.പി മൂന്നാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നു. നൂഹിലെ നിയമസഭാ മണ്ഡലങ്ങളിലൊന്നായ ഫിറോസ്പൂര്‍ ജിര്‍ക്കയില്‍ ഒരു ലക്ഷത്തിനടുത്ത് ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസിന്റെ സിറ്റിങ് എം.എല്‍.എ മമ്മൻ ഖാന്റെ വിജയം. നൂഹില്‍ മുസ് ലിം സ്ഥാനാര്‍ഥിയെ നിര്‍ത്തി ബി.ജെ.പി പരീക്ഷണം നടത്തിയെങ്കിലും പരാജയപ്പെട്ടു. മമ്മന്‍ ഖാന്‍ 1,30,497 വോട്ടുകള്‍ നേടിയപ്പോള്‍ ബി.ജെ.പിയുടെ നസീം അഹമ്മദിന് 32,056 വോട്ടുകളേ ലഭിച്ചുള്ളൂ. ഭൂരിപക്ഷം: 98441.
ഇവിടെ ഐ.എന്‍.എല്‍.ഡിയുടെ മുഹമ്മദ് ഹബീബിന് 1,5638 ഉം ജെ.ജെ.പിയുടെ ജാന്‍ മുഹമ്മദിന് 720 ഉം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. നോട്ടക്ക് 439 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എ.എ.പിയുടെ വസീം ജാഫര്‍ നോട്ടക്കും പിറകിലായി. കലാപവുമായി ബന്ധപ്പെടുത്തിയായായിരുന്നു മമ്മൻ ഖാനെതിരായ ബി.ജെ.പിയുടെ പ്രചാരണം.
നൂഹ് നിയമസഭാ മണ്ഡലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആദ്യമായി വിജയം പ്രഖ്യാപിച്ചത്. 46,963 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് സിറ്റിങ് എം.എല്‍.എ ആഫ്താബ് അഹ്മദ് ഇന്ത്യന്‍ നാഷനല്‍ ലോക്ദളിന്റെ (ഐ.എന്‍.എല്‍.ഡി) താഹിര്‍ ഹുസൈനെ പരാജയപ്പെടുത്തിയത്. അഫ്താബിന് 91,833 വോട്ട് ലഭിച്ചപ്പോള്‍ താഹിര്‍ ഹുസൈന് 44,870 വോട്ടുകളും കിട്ടി. മൂന്നാംസ്ഥാനത്തെത്തിയ ബി.ജെ.പിയുടെ സഞ്ജയ് സിങ് നേടിയതാകട്ടെ 15,902 വോട്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 4,038ന്റെ ഭൂരിപക്ഷമേ അഫ്താബിന് ഉണ്ടായിരുന്നുള്ളൂ. 48,273 വോട്ടുകളുമായി ഇവിടെ ബി.ജെ.പി രണ്ടാംസ്ഥാനത്തും എത്തിയിരുന്നു.
നൂഹിലെ മറ്റൊരു മണ്ഡലമായ പുന്‍ഹാനയിലും കോണ്‍ഗ്രസിന്റെ തേരോട്ടാമായിരുന്നു. കോണ്‍ഗ്രസിന്റെ മുഹമ്മദ് ഇല്യാസ് 31,916 വോട്ടുകള്‍ക്കാണ് ഇവിടെ വിജയിച്ചത്. സ്വതന്ത്രനായി മത്സരിച്ച റഹീസ് ഖാന്‍ 53,384 വോട്ടുകളുമായി രണ്ടാംമതെത്തിയപ്പോള്‍ മുസ് ലിം സ്ഥാനാര്‍ഥിയെ ഇറക്കിയെങ്കിലും ബി.ജെ.പി നിലംതൊട്ടില്ല. 5,072 വോട്ടുകള്‍ മാത്രമാണ് ബി.ജെ.പിക്ക് ഇവിടെ നേടാനായത്. എ.എ.പിയുടെ നയാബ് ഹുസൈന് 854ഉം ഐ.എന്‍.എല്‍.ഡിയുടെ ദയാ വാതിക്ക് 289ഉം വോട്ടുകളും ലഭിച്ചു.
2019ല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ചൗധരി മുഹമ്മദ് ഇല്യാസ് 816 വോട്ടുകള്‍ക്ക് കഷ്ടിച്ച് ജയിച്ച മണ്ഡലമാണിത്. അന്ന് ബി.ജെ.പിയുടെ നൗക്ഷം ചൗധരിക്ക് 21,421 വോട്ടും ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."