ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കുരുതി; അല്‍ അഖ്‌സ ആശുപത്രിയിലെ അഭയാര്‍ഥി ടെന്റുകള്‍ക്ക് നേരെ ഷെല്ലാക്രമണം ആളിപ്പടര്‍ന്ന് തീ
ഗസ്സയില്‍ കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്‌റാഈല്‍. അല്‍ അഖ്‌സ രക്തസാക്ഷി ആശുപത്രിയില്‍ അഭയാര്‍ഥികള്‍ താമസിക്കുന്ന ടെന്റിന് നേരെ കഴിഞ്ഞ ദിവസം കനത്ത ഷെല്ലാക്രമണം നടത്തി. നാലു പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.
70 പേര്‍ക്കെങ്കിലും പരുക്കേറ്റതായും അല്‍ ജസീറ റിപ്പോര്‍ട്ടില്‍ പറയുന്നു. മരണ സംഖ്യ ഇനിയും കൂടുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ടെന്റുകള്‍ക്ക് ഒന്നാകെ തീപിടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
അതിനിടെ, ലബനാനിലും ഇസ്‌റാഈല്‍ ആക്രമണം തുടരുകയാണ്. ലബനാനില്‍ യു.എന്‍ സമാധാന സേനയുടെ ആസ്ഥാനത്തിന്റെ പ്രധാന കവാടം കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ സേന തകര്‍ത്തു. ലബനാനിലെ സമാധാന സേനയായ യു.എന്‍.ഐ.എഫ്.ഐസല്ലിന്റെ റാമിയയിലെ ആസ്ഥാനത്തിനു നേരെയാണ് ആക്രമണം.
തെക്കന്‍ ലബനാനില്‍ നിന്ന് യു.എന്‍ സേനയെ പിന്‍വലിക്കണമെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ആക്രമണം. 15 യു.എന്‍ സമാധാന സൈനികര്‍ക്ക് പരുക്കേറ്റു.
മെര്‍കാവ ടാങ്കുകള്‍ ഉപയോഗിച്ച് വൈകിട്ട് നാലരയോടെയാണ് ആക്രമണം നടന്നത്. ഉറങ്ങുകയായിരുന്ന സൈനികര്‍ക്കാണ് പരുക്കേറ്റത്. സമാധാന സേനയെ പിന്‍വലിക്കണമെന്ന ഇസ്‌റാഈല്‍ ആവശ്യത്തെ ലബനാന്‍ പ്രധാനമന്ത്രി നജീബ് മികാതി അപലപിച്ചു. യു.എന്‍ സമാധാന സേനയെ മാനിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയും ആവശ്യപ്പെട്ടു. ഒരിക്കല്‍ കൂടി താന്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. 40 രാജ്യങ്ങളും ലബനാനിലെ യു.എന്‍ സേനാ ആസ്ഥാനത്തെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചു. അതിനിടെ ഇസ്‌റാഈലിലേക്ക് 115 മിസൈലുകള്‍ ഹിസ്ബുല്ല അയച്ചു.
അതിനിടെ, ഇസ്‌റാഈല്‍ ടാങ്ക് ഇടിച്ചുകയറ്റാന്‍ ശ്രമിക്കവെ രണ്ടു ഇന്തോനേഷ്യന്‍ സമാധാന സേനാംഗങ്ങള്‍ക്ക് നിരീക്ഷണ ടവറില്‍നിന്ന് വീണ് പരുക്കേറ്റു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."