44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി
ദുബൈ:ലോകത്തെ ഏറ്റവും വലിയ ടെക്നോളജി പ്രദർശനങ്ങളിലൊന്നായ ജിടെക്സ് ഗ്ലോബലിന്റെ 44-മത് പതിപ്പ് 2024 ഒക്ടോബർ 14, തിങ്കളാഴ്ച തുടക്കമായി.നാല്പത്തിനാലാമത് ജിടെക്സ് ഗ്ലോബൽ 2024 ഒക്ടോബർ 18 വരെ നീണ്ട് നിൽക്കും. ദുബൈ വേൾഡ് ട്രേഡ് സെന്റർ, ദുബൈ ഹാർബർ എന്നിങ്ങനെ രണ്ട് പ്രധാന വേദികളിലായാണ് ഇത്തവണത്തെ ജിടെക്സ് ഗ്ലോബൽ നടത്തപ്പെടുന്നത്.
ജിടെക്സ് ഗ്ലോബൽ 2024-ൽ 180 രാജ്യങ്ങളിൽ നിന്നായി ആറായിരത്തിൽ പരം കമ്പനികൾ പങ്കെടുക്കുന്നുണ്ട്. ഇത്തവണ നാല്പതോളം എക്സിബിഷൻ ഹാളുകളിലായാണ് ജിടെക്സ് ഗ്ലോബൽ സംഘടിപ്പിക്കുന്നത്.1800-ൽ പരം പ്രഭാഷകരും ഈ മേളയിൽ പങ്കെടുക്കുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി, മൊബിലിറ്റി, സസ്‌റ്റൈനബിൾ ടെക് തുടങ്ങിയ മേഖലകളിലെ പ്രമുഖ കമ്പനികൾ ഇത്തവണത്തെ മേളയിൽ പങ്കാളികളാവുന്നു.
‘ഗ്ലോബൽ കോളാബറേഷൻ ടു ഫോർജ് എ ഫ്യൂച്ചർ എ ഐ ഇക്കോണോമി’ എന്ന ആശയമാണ് ഇത്തവണത്തെ ജിടെക്സ് ഗ്ലോബൽ ഒരുക്കിയിരിക്കുന്നത്. എ ഐ നൂതന സാങ്കേതികവിദ്യകളുടെ ആഗോള പട്ടികയിൽ ദുബൈയെ മുൻനിരയിലേക്ക് നയിക്കുന്നതിനുള്ള നിരവധി പരിപാടികൾ ഇത്തവണത്തെ മേളയിൽ ചേർത്തിട്ടുണ്ട്.
ദുബൈ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ജിടെക്സ് ഗ്ലോബൽ വേദിയിലൂടെ പര്യടനം നടത്തി.“നിർമ്മിത ബുദ്ധി ഉൾപ്പടെയുള്ള അതിനൂതന സാങ്കേതികവിദ്യകളിൽ ലോകതലത്തിൽ മുൻപന്തിയിൽ എത്തുന്നതിനായി യു എ ഇ വിഭാവനം ചെയ്യുന്ന നയങ്ങൾ, ഭാവി പരിപാടികൾ എന്നിവ രാജ്യത്തെ ഒരു പുത്തൻ സാമ്പത്തിക വളർച്ചയുടെ പാതയിലേക്ക് നയിക്കുന്നു. ഞങ്ങൾക്ക് ആഗോള ഡിജിറ്റൽ, ടെക്‌നോളജി മേഖലകളിൽ നേതൃനിരയിലേക്ക് യു എ ഇയെ കൊണ്ടുപോകുന്നതിനുള്ള വളരെ കൃത്യമായ വീക്ഷണങ്ങളുണ്ട്. ജിടെക്സ് ഗ്ലോബൽ പ്രദർശനത്തിൽ ദൃശ്യമാകുന്ന ഉയർന്ന അന്താരാഷ്ട്ര പങ്കാളിത്തം ഇത് ചൂണ്ടിക്കാട്ടുന്നു.”, ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു.
“‘ദുബൈ യൂണിവേഴ്സൽ ബ്ലൂപ്രിന്റ് ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്’ പോലെ ഞങ്ങൾ അടുത്ത് നടപ്പിലാക്കിയ നയങ്ങൾ ഉണ്ടാക്കിയിട്ടുള്ള മുന്നോട്ടുള്ള കുതിപ്പിന് ആക്കം കൂട്ടുന്നതാണ് ജിടെക്സ് ഗ്ലോബൽ 2024. എ ഐ അധിഷ്ഠിത വിദേശ നിക്ഷേപത്തിൽ ലോകത്തെ മുൻനിരയിൽ നിൽക്കുന്ന ഇടം എന്ന നിലയിൽ ദുബൈ കമ്പനികൾക്ക് നൂതനസാങ്കേതികവിദ്യകൾ പരമാവധി പ്രയോജനപ്പെടുത്താൻ അവസരമൊരുക്കുന്നു.”, അദ്ദേഹം കൂട്ടിച്ചേർത്തു.തുടർന്ന് അദ്ദേഹം ജിടെക്സ് ഗ്ലോബൽ 2024 വേദിയിലെ വിവിധ പവലിയനുകൾ സന്ദർശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."