ചേലക്കരയില്‍ തന്ത്രങ്ങളുടെ മുനകൂര്‍പ്പിച്ച് മുന്നണികള്‍
തൃശൂര്‍/ ചേലക്കര: ചേലക്കര മണ്ഡലം തിരിച്ചുപിടിച്ചാല്‍ സി.പി.എമ്മിന്റെ സംസ്ഥാനത്തെ അടിവേരറുക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ്. 1996 മുതല്‍ തുടര്‍ച്ചയായി സി.പി.എം ജയിച്ചുവരുന്ന മണ്ഡലമാണിത്. ബി.ജെ.പി അവകാശവാദങ്ങളുമായി രംഗത്തുണ്ടെങ്കിലും മത്സരം എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ്.
യു.ഡി.എഫ് സ്ഥാനാർഥിയായി രമ്യഹരിദാസിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർഥി സി.പി.എമ്മിലെയു.ആര്‍ പ്രദീപാണെന്ന് ഉറപ്പായിട്ടുണ്ട്. രമ്യക്ക് ചേലക്കരയില്‍ വ്യക്തിബന്ധങ്ങള്‍ ഏറെയുണ്ട്. ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജയിച്ച എൽ.ഡി.എഫിലെ കെ. രാധാകൃഷ്ണന്റെ ചേലക്കര നിയമസഭാ മണ്ഡലത്തിലെ ലീഡ് 5173ൽ ഒതുക്കാൻ രമ്യയ്ക്ക് കഴിഞ്ഞിരുന്നു.
സര്‍ക്കാര്‍വിരുദ്ധ വികാരം ശക്തമാണെന്നുറപ്പിച്ചാണ് കോണ്‍ഗ്രസ് പ്രചാരണമുന കൂര്‍പ്പിക്കുന്നത്. തൃശൂര്‍പൂരം അട്ടിമറിച്ച് ബി.ജെ.പിക്ക് രാഷ്ട്രീയനേട്ടമുണ്ടാക്കാന്‍ സര്‍ക്കാര്‍ കൂട്ടുനിന്നുവെന്ന പ്രചാരണം പാര്‍ട്ടി കൂടുതല്‍ ശക്തമാക്കും. ആര്‍.എസ്.എസിനെ എതിര്‍ക്കുന്നതായി സി.പി.എം അഭിനയിക്കുകയാണെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പരിഹാസം. സമീപകാലത്തുണ്ടായ സംഭവവികാസങ്ങള്‍ തങ്ങളുടെ നിലപാടുകള്‍ക്ക് ശക്തിപകരുന്നതായി കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.
എ.ഡി.ജി.പി അജിത്കുമാറിന്റെ ആര്‍.എസ്.എസ് അനുകൂല നീക്കങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ അനുമതിയുണ്ടായിരുന്നുവെന്നാണ് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറയുന്നത്. ആരോപണം ശരിവയ്ക്കുന്ന തെളിവുകള്‍ ദിവസേന പുറത്തുവരുന്നതായും ചൂണ്ടിക്കാട്ടുന്നു. സംഘടനയിലെ ഭിന്നത പരിഹരിക്കാന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസ് കാര്യമായി ശ്രദ്ധിച്ചിരുന്നു. അതിനു ഫലം കാണുമോയെന്നാണ് അറിയേണ്ടത്.
ഭരണവിരുദ്ധവികാരമെന്നത് വെറും സ്വപ്‌നമാണെന്നും ഇടതുമുന്നണിക്ക് ശുഭപ്രതീക്ഷയാണെന്നും സി.പി.എം ചൂണ്ടിക്കാട്ടുന്നു. കണക്കുകള്‍ കൂട്ടിക്കിഴിച്ചാണ് സി.പി.എം സ്ഥാനാര്‍ഥിയെ രംഗത്തിറക്കുന്നത്. യു.ആര്‍ പ്രദീപിനുള്ള വ്യക്തിസ്വാധീനം ഇടതുമുന്നണിക്ക് തുണയാകുമെന്നും ശക്തമായ സംഘടനാ സംവിധാനമൊരുക്കി എല്ലാ ബൂത്തുകളിലും മേൽക്കൈ നേടാനും കഴിയുമെന്നാണ് സി.പി.എം ആത്മവിശ്വാസം. കെ. രാധാകൃഷ്ണനെ നേരിട്ടു രംഗത്തിറക്കിയാകും ഇടതുമുന്നണി പ്രചാരണം.
മികച്ച സ്ഥാനാര്‍ഥിയെ ഇറക്കി ഭൂരിപക്ഷം വര്‍ധിപ്പിക്കുമെന്ന് സി.പി.എം ജില്ലാസെക്രട്ടറി എം.എം വര്‍ഗീസ് അവകാശപ്പെട്ടു. 39,400 വോട്ടുകളുടെ ഭൂരിപക്ഷമാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ രാധാകൃഷ്ണന്‍ നേടിയിരുന്നത്. 1996ല്‍ കെ. രാധാകൃഷ്ണന്‍ മത്സരിക്കാനെത്തിയപ്പോഴാണ് കോണ്‍ഗ്രസ് കോട്ടയായിരുന്ന ചേലക്കര ഇടത്തോട്ട് ചാഞ്ഞത്. ആദ്യ മത്സരത്തില്‍ കെ രാധാകൃഷ്ണന്‍ 2323 വോട്ടുകള്‍ക്കാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.എ രാധാകൃഷ്ണനെ തോൽപ്പിച്ചത്.
2001ല്‍ കെ. രാധാകൃഷ്ണനെതിരേ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയത് കെ.എ തുളസിയെയായിരുന്നു. ലീഡ് കുറഞ്ഞെങ്കിലും 1475 വോട്ടിന് രാധാകൃഷ്ണന്‍ ജയിച്ചു. 2006 ല്‍ രാധാകൃഷ്ണന്‍ ലീഡുയര്‍ത്തി. കോണ്‍ഗ്രസിലെ പി.സി മണികണ്ഠനെതിരേ 14,629 വോട്ടിനായിരുന്നു ജയം. 2011ല്‍ കെ.ബി ശശികുമാറിനെതിരേ 24,676 വോട്ടുകള്‍ക്ക് രാധാകൃഷ്ണന്‍ വിജയിച്ചു. 2021ല്‍ വീണ്ടും മത്സരരംഗത്തിറങ്ങിയപ്പോള്‍ കോണ്‍ഗ്രസിന്റെ സി.സി ശ്രീകുമാറിനെതിരേ 39,400 വോട്ടിനാണ് രാധാകൃഷ്ണന്‍ ജയിച്ചത്. ഇത് മണ്ഡലത്തിലെ റെക്കോഡായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."