ദീപാവലിനാളിൽ പുകമൂടി ഡൽഹി
ന്യൂഡൽഹി: കനത്ത പുകമഞ്ഞാൽ പൊതിഞ്ഞ പുലരിയാണ് ദീപാവലി നാളിൽ ഡൽഹിക്കാരെ വരവേറ്റത്. ഇന്ന് (വ്യാഴം) പുലർച്ചെ ഡൽഹിയിൽ എല്ലായിടത്തും വായു വളരെ മോശം അവസ്ഥയിൽ എത്തിയെന്നും നഗരത്തിനുമേൽ പുകമഞ്ഞിൻറെ കട്ടിയുള്ള പാളി കാണപ്പെട്ടുവെന്നും വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു. നഗരത്തിലുടനീളം വായു ‘വളരെ മോശം’ വിഭാഗത്തിലാണെന്ന് മുപ്പത്തിയെട്ട് മോണിറ്ററിംഗ് സ്റ്റേഷനുകൾ കാണിച്ചു. രാവിലെ 9 മണിക്ക് ശരാശരി വായു ഗുണനിലവാര സൂചിക 330ലെത്തി. ബുധനാഴ്ചത്തെ ഇത് 307 ആയിരുന്നു. ദീപാവലി ആഘോഷങ്ങൾ ആരംഭിച്ച് വൈകുന്നേരത്തോടെ കൂടുതൽ മോശമായേക്കുമെന്നും റിപ്പോർട്ട് പറയുന്നു.
പൂജ്യത്തിനും 50 നും ഇടയിലുള്ളത് നല്ലത്, 51-100 തൃപ്‌തികരം, 101-200 മിതമായത്, 201-300 മോശം, 301-400 വളരെ മോശം, 401-450 ഗുരുതരം എന്നിങ്ങനെയാണ് വായു ഗുണനിലവാര സൂചികയിൽ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ഈ വർഷം ഡൽഹിയുടെ അന്തരീക്ഷ മലിനീകരണ തോത് അധികരിച്ചതായാണ് സൂചിക കാണിക്കുന്നത്. ഇത്തവണ മലിനീകരണത്തിൻറെ കാഠിന്യം ലഘൂകരിക്കാൻ പടക്കങ്ങളുടെ നിർമാണം, സംഭരണം, വിൽപന, ഉപയോഗം എന്നിവക്ക് സമഗ്രമായ നിരോധനം ഈ മാസം ആദ്യം ഡൽഹി സർക്കാർ പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."