കാനഡയിൽ ക്ഷേത്രത്തിന് നേരെ ഖാലിസ്ഥാൻ വാദികളുടെ ആക്രമണം; ആരാധനാലയങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് ഇന്ത്യ
ഒട്ടാവ:കാനഡയിലെ ബ്രാംപ്ടണിൽ ക്ഷേത്രത്തിന് നേരെ ഖാലിസ്ഥാൻ വാദികൾ നടത്തിയ ആക്രമണത്തെ അപലപിച്ച് ഇന്ത്യ. ആരാധനാലയങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് കാനഡയോട് ഇന്ത്യ ആവശ്യപ്പെട്ടു. ഭീഷണികളിലൂടെ നയതന്ത്ര ഉദ്യോഗസ്ഥരെ പിന്തിരിപ്പിക്കാനാവില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കാനഡയിലൂടെ പൗരന്മാരുടെ സുരക്ഷയിലും ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. അതേസമയം കാനഡയിലെ ബ്രാംപ്ടണിൽ ഹിന്ദു ക്ഷേത്ര പരിസരത്ത് അതിക്രമിച്ച് കയറിയാണ് ഒരു സംഘം സിഖ് വംശജർ ആക്രമണം അഴിച്ചുവിട്ടത്. ഹിന്ദു മഹാസഭ മന്ദിറിന് മുന്നിലെ ആക്രമണത്തിൽ കാനഡ കേന്ദ്രമന്ത്രി അനിത ആനന്ദ് ആശങ്ക പങ്കുവച്ചു.
ഖലിസ്ഥാൻ പതാകകളുമായി എത്തിയ സിഖ് വംശജരാണ് ഹിന്ദുമഹാസഭാ മന്ദിറിൽ മുന്നിൽ ഇന്ത്യക്കെതിരെ പ്രതിഷേധം ഉയർത്തിയത്. പ്രതിഷേധക്കാർ അവിടെ ഉണ്ടായിരുന്നവർക്ക് നേരെ അക്രമം നടത്തുകയായിരുന്നു. ആക്രമണത്തിൽ ആശങ്ക ഉണ്ടെന്ന് ട്രൂഡോ സർക്കാരിലെ കേന്ദ്ര മന്ത്രിയായ അനിത ആനന്ദ് പറഞ്ഞു. ഹിന്ദുക്കൾ ഉൾപ്പെടെ എല്ലാ മത വിഭാഗങ്ങൾക്കും ആക്രമണങ്ങളില്ലാതെ അവരുടെ മതം ആചരിക്കാൻ അവകാശമുണ്ടെന്ന് അനിത ആനന്ദ് എക്‌സിൽ പങ്കുവച്ചു.
ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിന് ശേഷം വഷളായ ഇന്ത്യ-കാനഡ ബന്ധത്തിന്‍റെ പശ്ചാത്തലത്തിലാണ് ഖാലിസ്ഥാൻ വാദികളുടെ ആക്രമണം നടത്തുന്നത്. ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തില്‍ ഇന്ത്യ കടുത്ത പ്രതിഷേധം കാനഡയെ അറിയിച്ചിരുന്നു. നിജ്ജര്‍ കൊലപാതകത്തിലും കാനഡയെ നിരീക്ഷിക്കുന്നതിലുമടക്കം അമിത് ഷായ്ക്ക് പങ്കുണ്ടെന്ന് സുരക്ഷകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് മുന്‍പില്‍ കനേഡിയന്‍ വിദേശകാര്യ സഹമന്ത്രിയും സുരക്ഷ ഉപദേഷ്ടാവും സ്ഥിരീകരിച്ചതായിരുന്നു ഇന്ത്യയെ ചൊടിപ്പിച്ചത്.
ഇന്ത്യ ഭീകരൻ ആയി പ്രഖ്യാപിച്ച ഹർദീപ് സിങ് നിജ്ജർ കഴിഞ്ഞ വർഷം ജൂൺ 18 -നാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപണം ഉന്നയിച്ചിരുന്നു. ട്രൂഡോയുടെ ആരോപണം അസംബന്ധം എന്നാണ് ഇന്ത്യ പ്രതികരിച്ചത്. പക്ഷേ ട്രൂഡോയുടെ ഈ ആരോപണം ഇന്ത്യ - കാനഡ ബന്ധത്തെ വഷളാക്കി. ഇന്ത്യൻ പൗരന്മാരായ കരൺ ബ്രാർ, കമൽപ്രീത് സിംഗ്, കരൺ പ്രീത് സിംഗ് എന്നിവരെയാണ് ഹർദീപ് സിംഗ് നിജ്ജർ കൊലപാതക കേസിൽ കാനഡ പൊലിസ് പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."