ഇസ്‌റാഈല്‍ മന്ത്രിസഭയില്‍ പൊട്ടിത്തെറി; പ്രതിരോധ മന്ത്രി ഗാലന്റിനെ പുറത്താക്കി നെതന്യാഹു, വിശ്വാസ്യത നഷ്ടപ്പെട്ടെന്ന്
ജറുസലേം: ലബനാനിലും ഗസ്സയിലും കൂട്ടക്കുരുതി ശമനമില്ലാതെ തുടരുന്നതിനിടെ ഇസ്‌റാഈല്‍ മന്ത്രിസഭയില്‍ പൊട്ടിത്തെറി. പ്രതിരോധ മന്ത്രി സ്ഥാനത്ത് നിന്ന് യോവ് ഗാലന്റിനെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പുറത്താക്കി. ഗാലന്റിന്റെ വിശ്വാസ്യതക്ക് കോട്ടം തട്ടിയെന്നാണ് നെതന്യാഹു പറയുന്നത്. സൈനിക ഓപറേഷനുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചയുണ്ടായെന്നും അതിനാല്‍ പുറത്താക്കുകയാണെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഗാലന്റിന്റെ വിശ്വാസ്യതക്ക് കോട്ടം തട്ടി. അദ്ദേഹത്തിന് നിരവധി വീഴ്ചകള്‍ സംഭവിച്ചു. ഗസ്സയിലും ലബനാനിലും യുദ്ധങ്ങള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് താനും ഗാലന്റും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടുണ്ടെന്നും നെതന്യാഹു വിശദീകരിക്കുന്നു. പ്രധാനമന്ത്രിക്കും പ്രതിരോധമന്ത്രിക്കും ഇടയില്‍ ഉണ്ടാകേണ്ട വിശ്വാസ്യത പൂര്‍ണമായും ഇല്ലാതായെന്നും വിശദീകരണത്തില്‍ പറയുന്നു.
യുദ്ധത്തിന്റെ തുടക്ക കാലത്ത് ഞങ്ങള്‍ക്കിടയില്‍ പരസ്പര വിശ്വാസവും വിശ്വാസ്യതയും ഉണ്ടായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇത് അവസാന കാലത്തേക്കുണ്ടായില്ല. മന്ത്രിസഭാ തീരുമാനങ്ങള്‍ക്കെതിരെ ഗാലന്റ് പ്രവര്‍ത്തിച്ചു. നെതന്യാഹു പറഞ്ഞതായി ടൈസ് ഓഫ് ഇസ്‌റാഈല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2019 മുതല്‍ നെതന്യാഹു മന്ത്രി സഭയിലുള്ള ഗാലന്റിന്റെ പകരക്കാരനായി നിലവിലെ വിദേശകാര്യ മന്ത്രി ഇസ്‌റാഈല്‍ കാറ്റ്‌സ് ആണ് പ്രതിരോധ മന്ത്രിസ്ഥാനത്തേക്ക് എത്തുന്നത്. കാറ്റ്‌സിന് പകരം ഗിദിയോന്‍ സാര്‍ പുതിയ വിദേശകാര്യ മന്ത്രിയാകും.
ഇസ്‌റാലിന്റെ സുരക്ഷക്കായി ഇനിയും നിലകൊള്ളുമെന്നും അതാണ് തന്റെ ജീവിത ദൗത്യമെന്നും നടപടിക്കു പിന്നാലെ ഗാലന്റ് എക്‌സിലൂടെ പ്രതികരിച്ചു.
ഗസ്സക്കു പിന്നാലെ ലബനാനിലും കൂട്ടക്കുരുതി ആരംഭിച്ച നെതന്യാഹുവിന് മുന്നറിയിപ്പുമായി ഗാലന്റ് അയച്ച കത്ത് പുറത്തുവന്നിരുന്നു. ഇസ്‌റാഈലിന്റെ യുദ്ധ തന്ത്രങ്ങള്‍ക്ക് വ്യക്തമായ ദിശയില്ലെന്നും ലക്ഷ്യങ്ങള്‍ പുതുക്കി നിശ്ചയിക്കണമെന്നും രഹസ്യ കത്തില്‍ പറയുന്നു. 'ചാനല്‍ 13' പുറത്തുവിട്ട കത്തിലെ വിവരങ്ങള്‍ക്ക് വലിയ വാര്‍ത്താ പ്രാധാന്യവും ലഭിച്ചിരുന്നു.
ഇറാനില്‍ വ്യോമാക്രമണം നടത്തുന്നതിനു മണിക്കൂറുകള്‍ക്ക് മുമ്പാണ് നെതന്യാഹുവിനും സുരക്ഷ മന്ത്രിസഭക്കും ഗാലന്റ് അതീവ രഹസ്യമായി കത്ത് അയച്ചത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വലിയ ആശങ്കകള്‍ കത്തില്‍ പങ്കുവെച്ചിരുന്നു. ഇസ്‌റാഈലിനുള്ള ഭീഷണികള്‍ വര്‍ധിക്കുകയാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ യുദ്ധ ലക്ഷ്യങ്ങള്‍ക്ക് വേഗമില്ലെന്ന് വിമര്‍ശിച്ചതോടൊപ്പം ഇത് മന്ത്രിസഭാ തീരുമാനങ്ങള്‍ പാളുന്നതിനു കാരണമാകുമെന്ന മുന്നറിയിപ്പും ഗാലന്റ് നല്‍കിയിരുന്നു. യുദ്ധത്തില്‍ വ്യക്തമായ തീരുമാനങ്ങളും പുതുക്കിയ ലക്ഷ്യങ്ങളും നിര്‍ണയിക്കാതെ മുന്നോട്ടു പോകുന്നത് സൈനിക നടപടിയെയും മന്ത്രിസഭാ തീരുമാനങ്ങളെയും ബാധിക്കുന്നുണ്ട്. പ്രത്യേകിച്ചും ഇറാനുമായി മൂര്‍ച്ഛിക്കുന്ന സംഘര്‍ഷാവസ്ഥ ബഹുതലങ്ങളില്‍ നിന്നുള്ള യുദ്ധലക്ഷ്യങ്ങളുടെ പുനഃപരിശോധന ആവശ്യപ്പെടുന്നുണ്ടെന്നും ഗാലന്റ് കത്തില്‍ സൂചിപ്പിച്ചു.
ഓരോ യുദ്ധമുന്നണിയിലും വ്യത്യസ്ത യുദ്ധ തന്ത്രങ്ങളാണ് സ്വീകരിക്കേണ്ടതെന്നും ഗാലന്റ് പറയുന്നു. ഗസ്സയില്‍ ഭീഷണികളില്ലാത്ത സാഹചര്യം സൃഷ്ടിക്കുകയും ഭീകരവാദികളുടെ വളര്‍ച്ച നിര്‍ത്തലാക്കുകയും വേണമെന്ന് കത്തിലുണ്ട്. എല്ലാ ബന്ദികളുടെയും മടക്കം സുരക്ഷിതമാക്കണം. ഹമാസിനു ബദലായി ഒരു സിവിലിയന്‍ സര്‍ക്കാര്‍ മാതൃക വളര്‍ത്തിക്കൊണ്ടു വരണമെന്നും ഗാലന്റ് നിര്‍ദേശിച്ചു.
ലബനാന്‍ അതിര്‍ത്തിയില്‍ സുരക്ഷ ഉറപ്പാക്കി ജനത്തെ താമസസ്ഥലങ്ങളിലേക്ക് തിരികെ കൊണ്ടുവരണം. ഇറാന്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാക്കാതിരിക്കാന്‍ ശക്തമായ പ്രതിരോധം തുടരണം. വെസ്റ്റ് ബാങ്കില്‍ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ അക്രമസമാധ്യതകള്‍ അടിച്ചമര്‍ത്തണമെന്നും ഗാലന്റ് കത്തില്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."