പൊലിസ് വിലക്ക് മറികടന്ന് അന്‍വര്‍, ചേലക്കരയില്‍ വാര്‍ത്താസമ്മേളനം; എല്‍.ഡി.എഫ് മദ്യവും പണവും ഒഴുക്കി വോട്ടുപിടിക്കുന്നെന്ന് ആരോപണം
തൃശൂര്‍: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയില്‍ പൊലിസ് വിലക്ക് ലംഘിച്ച് പി.വി അന്‍വര്‍ എം.എല്‍.എയുടെ വാര്‍ത്താസമ്മേളനം. തെരഞ്ഞെടുപ്പ് ചട്ടലംഘനം എന്ന് ചൂണ്ടിക്കാണിച്ച് പൊലിസ് വാര്‍ത്താസമ്മേളനത്തിന് അനുമതി തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പൊലിസിനെ വെല്ലുവിളിച്ച് അന്‍വര്‍ വാര്‍ത്താ സമ്മേളനം ആരംഭിച്ചത്.
വാര്‍ത്താസമ്മേളനം തുടരുന്നതിനിടെ പി.വി അന്‍വറിനോട് ഇത് നിര്‍ത്താന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും അന്‍വര്‍ ഇവരോട് തര്‍ക്കിച്ചു. തുടര്‍ന്ന് അന്‍വറിന് നോട്ടിസ് നല്‍കിയ ശേഷം ഉദ്യോഗസ്ഥര്‍ മടങ്ങി.
മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് പൊലിസ് തന്റെ വാര്‍ത്താസമ്മേളനം തടയുന്നതെന്ന് അദ്ദേഹം ആരോപിച്ചു. എന്തിനാണ് പിണറായി ഭയക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
ചെറുതുരുത്തിയില്‍ നിന്ന് കിട്ടിയ പണം ആരുടേതാണ്? ആര്‍ക്കായിരുന്നു അവിടെ ചുമതല? മരുമോനായിരുന്നില്ലേ ചുമതല? കോളനികളില്‍ ഇടതുമുന്നണി പണം വിതരണം ചെയ്യുന്നു. തെരഞ്ഞെടുപ്പ് സ്ലിപ് കവറിലാക്കി നല്‍കുന്നു. കവറില്‍ പണം കൂടി വെച്ചാണ് കോളനികളില്‍ സ്ലിപ് നല്‍കുന്നത്. മദ്യവും പണവും ഒഴുക്കി വോട്ട് പിടിക്കുകയാണ് എല്‍.ഡി.എഫെന്നും അന്‍വര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."