കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര പുത്തൂരിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കൂട്ടത്തല്ല്. സ്വകാര്യബസിൽ നായക്കുട്ടിയുമായി കയറിയ യുവാക്കളും വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. മദ്യ ലഹരിയിൽ ആയിരുന്ന യുവാക്കൾ വിദ്യാർത്ഥികളെ കയ്യേറ്റം ചെയ്തതാണ് വലിയ സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. സംഭവത്തിൽ ഇടവട്ടം സ്വദേശികളായ യുവാക്കളെ പൊലിസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.
ഇന്നലെയാണ് പുത്തൂരിൽ നിന്ന് കൊല്ലത്തേക്ക് പോകുന്ന സ്വകാര്യ ബസിൽ ഇടവട്ടം സ്വദേശികളായ അമൽ, വിഷ്ണു എന്നിവർ നായക്കുട്ടിയുമായി കയറിയത്. നിരവധി കുട്ടികൾ അടക്കം സഞ്ചരിക്കുന്ന തിരക്കുള്ള ബസിൽ നായക്കുട്ടിയുമായി കയറരുതെന്ന് ജീവനക്കാർ പറഞ്ഞു. എന്നാൽ യുവാക്കൾ ഇത് വകവെയ്ക്കാതെ ബസിൽ കയറുകയായിരുന്നു. തുടർന്നാണ് വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ തർക്കവും കയ്യാങ്കളിയും നടന്നത്. ബസിനകത്തും പുറത്തും വെച്ച് സംഘർഷമുണ്ടായി.
യുവാക്കൾ വിദ്യാർത്ഥികളെ മർദ്ദിച്ചതാണ് വലിയ സംഘർഷത്തിലേക്ക് നീങ്ങാൻ കാരണമെന്ന് സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. ഇരുവരും മദ്യ ലഹരിയിൽ ആയിരുന്നുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു. വിവരമറിഞ്ഞ് പുത്തൂർ പൊലിസ് സ്ഥലത്തെത്തി യുവാക്കളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. വിദ്യാർത്ഥികൾ ആരും പരാതി നൽകിയില്ല. പൊതുസ്ഥലത്ത് പ്രശ്നമുണ്ടാക്കിയതിന് പൊലിസ് സ്വമേധയാ കേസെടുത്ത ശേഷം ഇരുവരേയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."