'ഗസ്സയിലേക്ക് ഭക്ഷണം തടയരുത്' ഇസ്‌റാഈലിനോട് അന്താരാഷ്ട്ര നീതിന്യായ കോടതി; റഫയില്‍ ആക്രമണം ഇനിയും ശക്തമാക്കാന്‍ കോപ്പുകൂട്ടി നെതന്യാഹു
ഗസ്സയിലുള്ളവര്‍ക്ക് ഭക്ഷണം തടയരുതെന്ന് ഇസ്‌റാഈലിനോട് അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ടു. ഗസ്സയില്‍ പട്ടിണി മരണങ്ങള്‍ തടയാനുള്ള സമയം അവസാനിക്കുന്നുവെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കി. പക്ഷേ, ഇപ്പോഴും ഗസ്സയില്‍ കുട്ടികളുടെ പട്ടിണിമരണം തുടരുകയാണ്.
എന്നാല്‍ യുഎന്നിന്റേയും അന്താരാഷ്ട്ര നീതിന്യായ കോടതിയുടേയും താക്കീതുകള്‍ വകവെക്കാതെ ആക്രമണം കടുപ്പിക്കുകയാണ് നെതന്യാഹു. റഫയില്‍ കടന്നു കയറാനുള്ള ഒരുക്കത്തിലാണ് സൈന്യമെന്ന് നെതന്യാഹു അറിയിക്കുന്നു. 'ഞങ്ങള്‍ വടക്കന്‍ ഗസ്സയും ഖാന്‍യൂനിസും കീഴടക്കിക്കഴിഞ്ഞു. അടുത്ത ലക്ഷ്യം റഫയാണ്' നെതന്യാഹു പറയുന്നു.
അതേസമയം, ഗസ്സ യുദ്ധത്തില്‍ പരിക്കേറ്റ കുട്ടികളും കാന്‍സര്‍ രോഗികളും അടങ്ങുന്ന 14ാമത് സംഘം ചികിത്സക്കായി അബൂദബിയിലെത്തി. കുട്ടികളടക്കം ചികിത്സ ആവശ്യമുള്ള 34 പേരും 64 കുടുംബാംഗങ്ങളുമാണ് കഴിഞ്ഞ ദിവസം അബൂദബി വിമാനത്താവളത്തിലിറങ്ങിയത്. അടിയന്തിര ചികിത്സ ആവശ്യമുള്ളവരെ വിമാനത്താവളത്തില്‍ നിന്ന് അതിവേഗം ആശുപത്രിയിലേക്ക് മാറ്റി.
ഫലസ്തീനില്‍ ദുരിതമനുഭവിക്കുന്ന കുട്ടികള്‍ക്കും കാന്‍സര്‍ രോഗികള്‍ക്കും ചികിത്സ ലഭ്യമാക്കാന്‍ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായാണ് സംഘം യു.എ.ഇയിലെത്തിയത്. ഈജിപ്തിലെ അല്‍ ആരിഷ് വിമാനത്താവളം വഴിയാണ് ഇവരെ യു.എ.ഇയിലേക്ക് എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടികളും ചികിത്സ തേടി എത്തിയവരിലുണ്ട്. യു.എ.ഇയുടെ സഹായത്തിന് രോഗികളുടെ കുടുംബാംഗങ്ങള്‍ നന്ദിയറിയിച്ചു.
585 കുട്ടികളടക്കം 1154 പേര്‍ മുമ്പ് ചികിത്സക്കായി ഫലസ്തീനില്‍ നിന്ന് അബൂദബിയിലെത്തിയിരുന്നു. അല്‍ ആരിഷ് തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന ഫ്ളോട്ടിംഗ് ഹോസ്പിറ്റലും ദക്ഷിണ ഗസ്സ മുനമ്പില്‍ ഒരു ഫീല്‍ഡ് ഹോസ്പിറ്റലും സ്ഥാപിച്ച് യു.എ..ഇ വൈദ്യസഹായം ലഭ്യമാക്കുന്നുമുണ്ട്. ഇതിനകം ഫലസ്തീനികള്‍ക്കായി ഭക്ഷണം, വെള്ളം, മെഡിക്കല്‍ വസ്തുക്കള്‍ എന്നിവയുള്‍പ്പെടെ 21,000 ടണ്‍ അടിയന്തര സാധനങ്ങള്‍ യു.എ.ഇ എത്തിച്ചിട്ടുണ്ട്. 213 വിമാനങ്ങള്‍, എട്ട് എയര്‍ഡ്രോപ്പുകള്‍, 946 ട്രക്കുകള്‍, രണ്ട് കപ്പലുകള്‍ എന്നിവയിലൂടെയാണ് സഹായങ്ങള്‍ അയച്ചത്.
ഒക്ടോബര്‍ ഏഴുമുതല്‍ നടത്തുന്ന അക്രമങ്ങളില്‍ ഇതുവരെയായി 32,552 ഫലസ്തീനികള്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്. 74,980 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."