വ്യാജ ക്രെഡിറ്റ്കാര്‍ഡ് തട്ടിപ്പുകേസിലെ പ്രതികള്‍ പിടിയില്‍
കൊച്ചി: വ്യാജ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നും സാധനങ്ങള്‍ വാങ്ങി തട്ടിപ്പ്‌നടത്തിയ കേസിലെ പ്രധാന പ്രതികള്‍ പൊലിസ് പിടിയില്‍. കാസര്‍കോട്, ആര്‍ഡി നഗര്‍ പറക്കാട് ക്രോസ്‌റോഡ്, ഐഷ മന്‍സില്‍ നൂര്‍ മുഹമ്മദ് (32), ഇയാളുടെ സഹോദരന്‍ അജ്മല്‍(23), സൗത്ത് കന്നഡ, ബട്ടേവല്‍ താലൂക്കില്‍ പനിമംഗലൂര്‍ ഇര്‍ഫാന്‍ ഇബ്രാഹിം (25) എന്നിവരെയാണ് പൂന പൊലിസ് പിടികൂടി എറണാകുളം സെന്‍ട്രല്‍ പൊലിസിന് കൈമാറിയത്. കേസിലെ മറ്റു പ്രതികളായ കാസര്‍കോട് സ്വദേശി ചെങ്കള 4ാം മൈല്‍ സ്വദേശി മിസിറിയ വീട്ടില്‍ മുഹമ്മദ് സാബിദ്(29), സൗത്ത് കര്‍ണ്ണാടക സ്വദേശികളായ ബെന്റ്‌വാല താലൂക്ക്, നീരാരി ഹൗസില്‍ ഹംസ (36), വിടില ഹൗസില്‍ ബഷീര്‍ (28) എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. എറണാകുളം മേനകയിലെ യൂനിവേഴ്‌സല്‍ മൊബൈല്‍, പെന്റാ മേനകയിലുള്ള ഇ-സ്റ്റോര്‍ എന്നീ കടകളില്‍ കഴിഞ്ഞ ജൂലൈ 27 ന് സാധനങ്ങള്‍ വാങ്ങി പ്രതികള്‍ തട്ടിപ്പ് നടത്തിയതായി ചൂണ്ടികാട്ടി കടയുടമകള്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം സെന്‍ട്രല്‍ പൊലിസ് അന്വേഷണം നടത്തി വരവെ ഓഗസ്റ്റ് ഒന്നിന് മുഹമ്മദ് സാബിദ് ആണ് ആദ്യം പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാസര്‍കോട് നിന്നും ഹംസയും ബഷീറും പിടിയിലായത്.
തുടര്‍ന്ന് കോടതിയില്‍ ഹാരാക്കിയ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് കേസിലെ പ്രധാന പ്രതികളായ മുഹമ്മദ്, അജ്മല്‍, ഇര്‍ഫാന്‍ ഇബ്രാഹിം എന്നിവരെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇവര്‍ മൂവരും പൂനയിലേക്ക് കടന്നതായി വിവരം ലഭിച്ചു. നൂര്‍ മുഹമ്മദ്, അജ്മല്‍, ഇര്‍ഫാന്‍ എന്നിവര്‍ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാറും, ക്രെഡിറ്റ് കാര്‍ഡ് ഉണ്ടാക്കാന്‍ ഉപയോഗിച്ച മെഷിനും, ലാപ് ടോപ്, ക്രെഡിറ്റ് കാര്‍ഡിലെ ഡേറ്റ മാറ്റുന്ന റീഡര്‍ എന്നിവ പൂനെ പൊലിസ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ഇവ പൂനെ കോടതിയില്‍ നിന്നും എറണാകുളം കോടതിയിലേയ്ക്ക് മാറ്റും.
നേരത്തെ ഗള്‍ഫില്‍ ഉണ്ടായിരുന്ന നൂര്‍ മുഹമ്മദും സഹോദരന്‍ അജ്മലും ഇര്‍ഫാനും ചേര്‍ന്നാണ് വ്യാജ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉണ്ടാക്കി ഹംസയ്ക്കും ബഷീറിനും സമദിനും കൈമാറി സാധനങ്ങള്‍ വാങ്ങാനായി ഏല്‍പ്പിച്ചിരുന്നതെന്ന് പൊലിസ് പറഞ്ഞു. ഗള്‍ഫു രാജ്യങ്ങളില്‍ പര്‍ച്ചേസ് നടത്തിയവരുടെ ക്രെഡിറ്റ് കാര്‍ഡ് ഡേറ്റാകള്‍ ഗള്‍ഫില്‍ പ്രവര്‍ത്തിക്കുന്ന ഒരു മാഫിയ സംഘം മോഷ്ടിച്ചെടുത്തതിനുശേഷം ഈ ഡാറ്റാ നൂര്‍ മുഹമ്മദിന് എത്തിച്ചു കൊടുത്തിരുന്നു. നൂര്‍ മുഹമ്മദ് വ്യാജ ക്രെഡിറ്റ് കാര്‍ഡ് ഉണ്ടാകിയിരുന്നതായി പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."