ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച; അറസ്റ്റിലായ പ്യൂണിനെ സ്‌കൂള്‍ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തു
കോഴിക്കോട്: ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ അറസ്റ്റിലായ പ്യൂണ്‍ അബ്ദു നാസറിനെ സ്‌കൂള്‍ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തു. മലപ്പുറത്തെ ഒരു അണ്‍ എയ്ഡഡ് സ്‌കൂളില്‍ ജോലി ചെയ്യുകയായിരുന്ന അബ്ദുല്‍ നാസര്‍. എംഎസ് സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയത് ഇയാളാണെന്ന് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ തെളിഞ്ഞു.
അബ്ദുല്‍ നാസര്‍ സ്‌കൂളിലെ മുന്‍ അധ്യാപകനായ ഫഹദിനാണ് ചോദ്യപേപ്പര്‍ കൈമാറിയതെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. ഫഹദ് നേരത്തെ ഈ സ്‌കൂളില്‍ ജോലി ചെയ്തിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചോര്‍ച്ചയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് അന്വേഷണ സംഘം നിഗമനത്തിലെത്തിയത്.
ക്രിസ്മസ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോര്‍ച്ചയിലായിരുന്നു ക്രൈംബാഞ്ച് കേസെടുത്തത്. എംഎസ് സൊല്യൂഷന്‍സിനെതിരെ ഗൂഢാലോചനയുള്‍പ്പെടെയുള്ള ഏഴു വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസ്. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, ഓണപരീക്ഷാ സമയത്ത് ചോദ്യ പേപ്പര്‍ ചോര്‍ന്നെന്ന് പരാതി നല്‍കിയ അധ്യാപകര്‍ എന്നിവരുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായതിന് ശേഷമായിരുന്നു ക്രൈംബ്രാഞ്ച് സംഘം കൊടുവള്ളി ആസ്ഥാനമായുള്ള എംഎസ് സൊല്യൂഷന്‍സിനെതിരെ കേസെടുത്തത്. ഗൂഢാലോചന, വിശ്വാസ വഞ്ചന, തട്ടിപ്പ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിരുന്നു. എംഎസ് സൊല്യൂഷന്‍സ് ജീവനക്കാരേയും ചില എയ്ഡഡ് സ്‌കൂള്‍ അധ്യാപകരേയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ക്രിസ്തുമസ്അര്‍ധ വാര്‍ഷിക പരീക്ഷയില്‍ പ്ലസ് വണ്‍ കണക്കുപരീക്ഷയുടെയും എസ്എസ്എല്‍സി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ പരാതിയിലായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സംഭവത്തില്‍ എംഎസ് സൊല്യൂഷന്‍സ് യൂട്യൂബ് ചാനലിനെതിരെ താമരശ്ശേരി ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തിലും അന്വേഷണം നടത്തിയിരുന്നു. എസ്.എസ്.എല്‍.സിയുടെയും പ്ലസ് വണിന്റെയും ചോദ്യപേപ്പറുകളാണ് പരീക്ഷയുടെ തലേ ദിവസം യൂ ട്യൂബ് ചാനലുകള്‍ ചോര്‍ത്തി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."