തെങ്ങിന്‍ തൈകള്‍ക്ക് വില വർധിപ്പിക്കുമ്പോഴും കൃഷി വകുപ്പിന് മൗനം; പിന്നില്‍ സ്വകാര്യ നഴ്‌സറി ലോബി
കൊച്ചി:തെങ്ങിന്‍ തൈകള്‍ക്ക് കൃത്രിമമായി വില വര്‍ധിപ്പിക്കുന്നു. പൊതുവിപണിയില്‍ തേങ്ങയുടെ വില വര്‍ധിച്ചതിന്റെ മറവിലാണ് തൈകള്‍ക്കും വില കുത്തനെ ഉയര്‍ത്തുന്നത്. ഇതിനു പിന്നില്‍ സ്വകാര്യ നഴ്‌സറി ലോബിയാണെന്നാണ് ആക്ഷേപം. ഇതിന് കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നും കര്‍ഷക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
കുറ്റ്യാടി ഇനത്തില്‍ പെട്ട തെങ്ങിന്‍ തൈകള്‍ക്ക് മൂന്നുമാസം മുന്‍പ് നൂറു രൂപയില്‍ താഴെയായിരുന്നു വില. ഇപ്പോള്‍ 150 ന് മുകളിലായി. ഡി ഇൻടു ടി.ടി ഇന്‍ടുഡി തുടങ്ങിയ ഇനത്തില്‍ പെട്ട തൈകള്‍ക്ക് നാനൂറു രൂപയോളമാണ് വില.
ചെള്ളി ശല്യമുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ മൂലം കൃഷിയില്‍ നിന്ന് പിന്മാറുന്ന സാഹചര്യത്തില്‍ വില വര്‍ധന കേരകൃഷിക്ക് തിരിച്ചടിയാകും. വേനല്‍ക്കാലത്ത് ജലദൗര്‍ലഭ്യമുള്ളതിനാല്‍ തൈകള്‍ വച്ചു പിടിപ്പിക്കാറില്ലെന്നിരിക്കെ വില വര്‍ധന അനവസരത്തിലുള്ളതാണ്.
സ്വകാര്യ നഴ്‌സറികളില്‍ വില വര്‍ധനയ്ക്ക് കാരണമായി കൃഷി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള നഴ്സറികളിലെ തൈകളുടെ ലഭ്യതക്കുറവും കാരണമായി പറയുന്നു. തൈകളുടെ ഗുണനിലവാരത്തെ സംബന്ധിച്ചും വ്യാപക പരാതിയാണുള്ളത്. പുതുതായി കൃഷിയിലേക്കിറങ്ങുന്നവരാണ് സ്വകാര്യ നഴ്‌സറികളെ ആശ്രയിക്കുന്നത്. നഴ്‌സറികളുമായി ഒത്തുകളിച്ച് കൃഷി വകുപ്പും വില വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നു.
കേരളത്തില്‍ മലബാറിലാണ് തെങ്ങ് കൃഷി കൂടുതലായുഉള്ളത്. മലബാറിൽ തെങ്ങില്‍ നിന്ന് തന്നെ തൈ മുളപ്പിച്ചെടുക്കുകയാണ്. സ്വകാര്യ നഴ്‌സറികളുടെ കൊള്ളയ്ക്ക് ഇരകളാകുന്നത് തെക്കന്‍ കേരളത്തിലെ കേര കര്‍ഷകരാണ്.
നനഞ്ഞിടം കുഴിക്കുന്ന സ്വകാര്യ നഴ്‌സറികളില്‍ കര്‍ശന പരിശോധന നടത്തി ഗുണനിലവാരം ഉള്ള തൈകളാണ് വില്‍ക്കുന്നത് എന്ന് ഉറപ്പുവരുത്താന്‍ കൃഷി വകുപ്പ് നടപടി സ്വീകരിക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് നേതാവ് എബി ഐപ്പ് ആവശൃപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."