കുരുക്കിട്ട് പൂട്ടാൻ എക്‌സൈസും: പിടിവീണത് കോടികളുടെ ലഹരികൾക്ക്
തിരുവനന്തപുരം: മയക്കുമരുന്നിനെതിരേ എക്‌സൈസ് നടപ്പാക്കിയ ഓപറേഷൻ ക്ലീൻ സ്ലേറ്റിലൂടെ സംസ്ഥാനത്ത് രണ്ടാഴ്ചയ്ക്കിടെ നടത്തിയത് 6,683 റെയ്ഡുകൾ. 2.37 കോടിയുടെ ലഹരിവസ്തുക്കൾ പിടികൂടി. 873 പേരാണ് അറസ്റ്റിലായത്. ആകെ 874 കേസുകളെടുത്തു, 901 പേരെ പ്രതിചേർത്തിട്ടുമുണ്ട്. മാർച്ച് 5 മുതൽ 19 വരെയുള്ള ദിവസത്തെ കണക്കുകളാണ് ഇത്. എക്‌സൈസ് മാത്രം നടത്തിയത് 6,506 റെയ്ഡുകളാണ്. മറ്റ് സേനകളുമായി ചേർന്ന് 177 പരിശോധനകളും നടത്തി. 60,240 വാഹനങ്ങൾ പരിശോധിച്ചു. മയക്കുമരുന്ന് കടത്തുകയായിരുന്ന 46 വാഹനങ്ങൾ പിടിച്ചു. ഒളിവിലിരുന്ന 49 പ്രതികളെയും പിടികൂടിയിട്ടുണ്ട്. 123.88 ഗ്രാം എം.ഡി.എം.എ, 40.5 ഗ്രാം മെത്താഫിറ്റമിൻ, 12.82 ഗ്രാം നെട്രോസെഫാം ഗുളികകൾ, 14.5 ഗ്രാം ബ്രൗൺ ഷുഗർ, 60.8 ഗ്രാം ഹെറോയിൻ, 31.7 ഗ്രാം ഹാഷിഷ് ഓയിൽ, 179.35 കിലോ കഞ്ചാവ്, 148 കിലോ കഞ്ചാവ് കലർത്തിയ ചോക്ലേറ്റ് എന്നിവ പിടികൂടി.
സ്‌കൂൾ പരിസരത്ത് 1,763, ബസ് സ്റ്റാൻഡ് പരിസരത്ത് 542, റെയിൽവേ സ്റ്റേഷൻ പരിസരത്ത് 179, ലേബർ ക്യാംപുകളിൽ 328 എന്നിങ്ങനെയാണ് പരിശോധനകൾ നടത്തിയത്. മയക്കുമരുന്നിന്റെ വഴി തേടി സംസ്ഥാനത്തിന് പുറത്തുള്ള സ്ഥലങ്ങളിലുൾപ്പെടെ പോയി പ്രതികളെ എക്‌സൈസ് പിടികൂടി. സ്‌കൂളുകൾ കേന്ദ്രീകരിച്ചുള്ള നിരീക്ഷണം വരുന്ന ആഴ്ച കൂടുതൽ ശക്തമാക്കുമെന്നാണ് എക്‌സൈസ് അറിയിക്കുന്നത്. അതിർത്തിയിൽ കർശന ജാഗ്രത തുടരാനും തീരുമാനമുണ്ട്. പരിശോധനകളുടെ ഭാഗമായി 800 അബ്കാരി കേസുകളും പിടികൂടാൻ കഴിഞ്ഞു. 3,688 പുകയില കേസുകളിലായി 3,635 പേരെ പ്രതിചേർക്കുകയും 465.1 കിലോ പുകയില ഉൽപന്നങ്ങൾ പിടികൂടുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."