സൈക്കിളിലെത്തി ആഡംബര കാറുടമകളെ പിഴിഞ്ഞ ഭിക്ഷാടകൻ 20,000 ദിർഹവുമായി പിടിയിൽ; മുന്നറിയിപ്പുമായി ദുബൈ പൊലിസ്
ദുബൈ: വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ചുള്ള ജനങ്ങളുടെ ഉദാരമനസ്കത മുതലെടുത്ത് തട്ടിപ്പ് നടത്തുന്നവർക്കെതിരെ നടപടിയുമായി ദുബൈ പൊലിസ്. പാർക്കിംഗ് ഏരിയ കേന്ദ്രീകരിച്ച് ആഡംബര കാറുടമകളെ ലക്ഷ്യമിട്ട് യാചന നടത്തിയിരുന്ന ഒരാളെ 20,000 ദിർഹവുമായി (ഏകദേശം നാലര ലക്ഷത്തിലധികം ഇന്ത്യൻ രൂപ) പൊലിസ് അറസ്റ്റ് ചെയ്തു. നഗരത്തിലുടനീളം പൊലിസ് നടത്തിവരുന്ന റമദാൻ യാചന വിരുദ്ധ കാമ്പയിനിനിടെയാണ് ഇയാൾ പിടിയിലായത്.
സൈക്കിളിൽ കറങ്ങി നടന്ന് ട്രാഫിക് സിഗ്നലുകളിലും പാർക്കിംഗ് മൈതാനങ്ങളിലും ആഡംബര കാറുകൾ പാർക്ക് ചെയ്യുന്നവരെ നിരീക്ഷിച്ചായിരുന്നു ഇയാളുടെ തട്ടിപ്പ്. ഭക്ഷണം വാങ്ങാൻ പോലും പണമില്ലാത്ത ദയനീയാവസ്ഥയിലാണെന്ന് വിശ്വസിപ്പിച്ച് ഡ്രൈവർമാരിൽ നിന്ന് പണം തട്ടുകയായിരുന്നു ഇയാളുടെ രീതി എന്ന് ദുബൈ പൊലിസിലെ ബ്രിഗേഡിയർ അലി അൽ ഷംസി വ്യക്തമാക്കി. പിടിയിലായ ഇയാളുടെ പക്കൽ നിന്ന് വലിയൊരു തുകയും പൊലിസ് കണ്ടെടുത്തു.
യാചകർ പലപ്പോഴും കെട്ടിച്ചമച്ച കഥകൾ പറഞ്ഞാണ് ആളുകളുടെ സഹതാപം പിടിച്ചുപറ്റുന്നതെന്നും ഇത്തരം തന്ത്രങ്ങളിൽ വീഴരുതെന്നും പൊലിസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. "യാചന നിയമവിരുദ്ധമാണ്. പള്ളികൾ, ക്ലിനിക്കുകൾ, ആശുപത്രികൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിൽ ഇത്തരം സംഘങ്ങൾ തമ്പടിക്കാറുണ്ട്. അർഹരായവർക്ക് സഹായം എത്തിക്കാൻ ഔദ്യോഗിക ചാരിറ്റി സംഘടനകളെ സമീപിക്കണം," ബ്രിഗ് അൽ ഷംസി കൂട്ടിച്ചേർത്തു.
യുഎഇ നിയമപ്രകാരം യാചന മൂന്ന് മാസം വരെ തടവും 5,000 ദിർഹം പിഴയും ലഭിക്കാവുന്ന കുറ്റമാണ്. കഴിഞ്ഞ വർഷം റമദാനിലെ ആദ്യ രണ്ടാഴ്ചകളിൽ മാത്രം 127 പേരെ ദുബൈ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. 2024-ൽ ആകെ 384 പേരെയും 2023-ൽ 499 പേരെയും യാചനയുമായി ബന്ധപ്പെട്ട് പൊലിസ് പിടികൂടിയിരുന്നു.
ദുബൈ മുനിസിപ്പാലിറ്റി, ആർടിഎ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ഈ കാമ്പയിൻ നടക്കുന്നത്. സംശയാസ്പദമായ രീതിയിൽ ആരെങ്കിലും യാചന നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 901 എന്ന ഹോട്ട്‌ലൈൻ വഴിയോ ദുബൈ പൊലിസ് ആപ്പിലെ 'പൊലിസ് ഐ' സേവനം വഴിയോ റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
a beggar who allegedly approached luxury car owners on a bicycle and collected large sums was arrested in dubai with 20000 dirhams. authorities have warned residents against giving money to street beggars and urged donations through approved channels.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."