ഭര്‍തൃമാതാവിനെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ശരിവച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: ഭാര്യാമാതാവിനെ കൊലപ്പെടുത്തുകയും വേര്‍പിരിഞ്ഞ ഭാര്യയെ കൊല്ലാനും ശ്രമിച്ച പ്രതിക്ക് കീഴ്‌ക്കോടതി വിധിച്ച വധശിക്ഷ കുവൈത്ത് സുപ്രീം കോടതി ശരിവച്ചു.
ഭാര്യ ഉപേക്ഷിച്ചതിലുള്ള ദേഷ്യത്തില്‍ ഭാര്യയുടെ കുടംബത്തെ തന്നെ ഇല്ലാതാക്കാന്‍ തീരുമാനിച്ച പ്രതിയുടെ ആക്രമണത്തില്‍ യുവതിയുടെ മാതാവ് കൊല്ലപ്പെടുകയായിരുന്നു.
കലാഷ്‌നികോവ് റൈഫിള്‍ ഉപയോഗിച്ചാണ് പ്രതി കൃത്യം നടത്തിയത്.
കുവൈത്തി പൗരനായ യുവാവിനെതിരെ സുപ്രീം കോടതിയാണ് അന്തിമ വിധി പുറപ്പെടുവിച്ചത്. അപ്പീല്‍ കോടതി നേരത്തെ ഇയാളെ ഒരു മാനസികരോഗാശുപത്രിയിലേക്ക് റഫര്‍ ചെയ്തിരുന്നു. പ്രതിയുടെ പ്രവൃത്തികള്‍ക്ക് ഇയാള്‍ തന്നെയാണ് ഉത്തരവാദിയാണെന്ന് മാനസികാരോഗ്യ വിദഗ്ധര്‍ തീര്‍പ്പെഴുതിയിരുന്നു.
40 വയസ്സുകാരനായ പ്രതി ഭാര്യയുടെ കുടുംബത്തെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. കലാഷ്നിക്കോവ് തോക്ക് സംഘടിപ്പിച്ച് ഭാര്യയുടെ എസ്റ്റേറ്റിലേക്ക് പോയ പ്രതി പതിയിരുന്ന് 68 വയസ്സുള്ള ഭാര്യാമാതാവിനെ അക്രമിക്കുകയായിരുന്നു. ഇവരെ മുന്‍കൂട്ടി ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയതിനാണ് പ്രോസിക്യൂട്ടര്‍മാര്‍ ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയത്.
രക്ഷപ്പെടാന്‍ ശ്രമിച്ച ഭാര്യയെയും ഭാര്യാമാതാവിനെയും പ്രതി തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ആദ്യം ഇരുവരും രക്ഷപ്പെട്ടെങ്കിലും ഭാര്യയെ ലക്ഷ്യംവച്ചുള്ള ഒരു വെടിയുണ്ട ഭാര്യാമാതാവിന്റെ ശരീരത്തില്‍ തുളച്ചുകയറുകയായിരുന്നു. തെക്കന്‍ കുവൈത്തിലെ അല്‍ വഫ്ര പ്രദേശത്താണ് സംഭവം നടന്നത്.
പൊലിസ് സ്ഥലത്തെത്തിയപ്പോള്‍ വാഹനത്തിനുള്ളില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന സ്ത്രീയെയാണ് കണ്ടത്. വെടിയേറ്റ് വാഹനത്തിന്റെ മുന്‍വശത്തെയും പിന്‍വശത്തെയും ചില്ലുകള്‍ തകര്‍ന്നിരുന്നു. അന്വേഷണത്തില്‍ തങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെന്നും അയാള്‍ എപ്പോഴും തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പ്രതിയുടെ ഭാര്യ പറഞ്ഞു. 2023 ജൂലൈയിലാണ് പ്രതിക്ക് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."