ദേശീയപാതയിൽ വീണ്ടും വിള്ളൽ; വടകരയിൽ പാലത്തിന് സമീപം റോഡ് തകർന്നു, പാത അടച്ചു
കോഴിക്കോട്: കേരളത്തിൽ നിർമാണം പുരോഗമിക്കുന്ന ദേശീയപാതയിൽ വീണ്ടും വിള്ളൽ റിപ്പോർട്ട് ചെയ്തു. വടകര മൂരാട് പാലത്തിന് സമീപമാണ് ദേശീയപാതയിൽ വിള്ളൽ രൂപപ്പെട്ടത്. ഇതേത്തുടർന്ന് ആറ് വരി പാതയിൽ കോഴിക്കോട് ഭാഗത്ത് നിന്നും കണ്ണൂർ ഭാഗത്തേക്ക് പോകുന്ന രണ്ട് വരി പാത അടച്ചു. ഇതുവഴി യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണം.
ഇന്നലെ രാത്രിയോടെയാണ് മൂരാട് പാലത്തിന് സമീപത്തെ റോഡിൽ വിള്ളൽ ശ്രദ്ധയിൽപെട്ടത്. പത്ത് മീറ്ററോളം നീളത്തിലാണ് റോഡിലെ ടാർ പൊളിഞ്ഞ് വിള്ളൽ രൂപപ്പെട്ട നിലയിലാണ് ഉള്ളത്. കണ്ണൂർ ഭാഗത്തേക്ക് പോകുന്ന പടിഞ്ഞാറ് ഭാഗത്തെ റോഡിലാണ് വിള്ളൽ ഉള്ളത്. ഇതേത്തുടർന്നാണ് ഈ വരിയും തൊട്ടടുത്ത വരിയും അടച്ചത്.
നിർമാണം പൂർത്തിയായ റോഡിലാണ് വിള്ളൽ എന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. മഴയുടെ തുടക്കത്തിൽ തന്നെ ഉണ്ടായ വിള്ളൽ മഴ ശക്തമായാൽ വലുതാകാനും കൂടുതൽ നീളത്തിലേക്ക് വ്യാപിക്കാനും സാധ്യതയുണ്ട്. സംഭവത്തിൽ, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ ഇന്ന് സ്ഥലത്ത് പരിശോധന നടത്തും. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലിസ് സ്ഥലത്തെത്തി വിള്ളലുള്ള ഭാഗത്തെ റോഡ് അടച്ച് ഗതാഗതം നിരോധിച്ചു.
അതേസമയം, റോഡ് തകർന്നു വീണ മലപ്പുറം കൂരിയാട് ഭാഗത്ത് ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ തുടങ്ങി. മണ്ണ് നീക്കുന്ന പ്രവർത്തിയാണ് ആരംഭിച്ചത്. റോഡിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള സർവിസ് റോഡ് വഴി ഗതാഗതം പുനരാരംഭിക്കാനാണ് തുടക്കത്തിൽ നീക്കം നടക്കുന്നത്. നിലവിൽ തിരൂരങ്ങാടി വഴി കക്കാട് ഭാഗത്തേക്ക് വാഹനങ്ങൾ വഴി തിരിച്ചുവിടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."