കീം: സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങി കേരള സിലബസുകാർ
കോഴിക്കോട്: കീം റാങ്ക് പട്ടിക തിരുത്തേണ്ടിവന്നതിൽ പ്രതിഷേധവുമായി കേരള സിലബസുകാർ. സർക്കാർ കൈവിട്ടതോടെ സ്വന്തംനിലയിൽ സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങുകയാണവർ.
ഇന്നലെ പുറത്തിറങ്ങിയ റാങ്ക് പട്ടിക തയാറാക്കിയപ്പോൾ 2025ൽ പ്ലസ് ടു എഴുതിയ വിദ്യാർഥിക്ക് ഒരു സ്‌കോർ നഷ്ടപ്പെടുകയും സി.ബി.എസ്.ഇക്കാർക്ക് 20 സ്‌കോർ കൂടുകയും ചെയ്തു. 2024ൽ പരീക്ഷ എഴുതിയവരിൽ കേരള വിദ്യാർഥിക്ക് നഷ്ടം 27 സ്‌കോറാണ്. സി.ബി.എസ്.ഇക്കാർക്ക് കൂടിയത് എട്ടും. മുൻവർഷം പ്ലസ്ടു കഴിയുകയും കീം റിപ്പീറ്റ് ചെയ്യുകയും ചെയ്തവർക്ക് 35 സ്‌കോറിന്റെ വിവേചനം നേരിടേണ്ടിവരുമ്പോൾ ഈ വർഷക്കാർക്ക് അത് 21ന്റേതാണ്.
റാങ്ക് പട്ടികയിൽ ആദ്യത്തെ 3000ത്തിലെങ്കിലും വന്നാലേ സംസ്ഥാനത്തെ മെച്ചപ്പെട്ട കോളജുകളിൽ പ്രവേശനം ലഭിക്കൂ. പ്രധാന ബ്രാഞ്ചുകളിലാണെങ്കിൽ ഇതും പോരാ. സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ തന്നെ കെ.ഐ.ആർ.എഫ് റാങ്കിങ്ങിൽ ആദ്യത്തെ പത്തിൽ രണ്ട് ഗവ. കോളജുകളും മൂന്ന് എയ്ഡഡ് കോളജുകളുമാണുള്ളത്. 35,000 മുതൽ 1,50,000 രൂപ വരെയാണ് സ്വാശ്രയ കോളജ് ഫീസ്. പ്രവേശന പരീക്ഷയുടെ സ്‌കോറിനൊപ്പം പ്ലസ് ടു പരീക്ഷയുടെ സ്‌കോർ പരിഗണിക്കുമ്പോൾ 21 മുതൽ 35 വരെ സ്‌കോറുകളുടെ കുറവ് കാരണം പ്രധാന കോളജുകളിൽ പ്രവേശനം ലഭിക്കാതെ വരും.
ഏതാനും വർഷങ്ങളായി കേരള സിലബസ് വിദ്യാർഥികൾ സ്‌കോർ സമീകരണത്തിലൂടെ പിറകിലാവുന്നുണ്ടെങ്കിലും ഇത്രയേറെ അത് വ്യക്തമായിരുന്നില്ല. ഇക്കുറി പുതിയ ഫോർമുല പ്രകാരം സ്‌കോർ സമീകരിച്ചതും പഴയ ഫോർമുലവച്ച് സമീകരിച്ചതുമായ പട്ടികകൾ വന്നതോടെ ഓരോ വിദ്യാർഥിക്കും തങ്ങൾ സമീകരണപ്രക്രിയയിലൂടെ എത്രമാത്രം പിറകോട്ട് പോകുന്നുവെന്ന് തിരിച്ചറിയുന്ന അവസ്ഥയുണ്ടായി.
സുപ്രിംകോടതിയിൽ അപ്പീൽ നൽകുന്നതുവരെയെങ്കിലും കീം പ്രവേശനപ്രക്രിയ നിർത്തിവയ്ക്കണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെടുന്നു. ഈ ആവശ്യം ഉന്നയിച്ച് ഗവർണർക്ക് കുട്ടികൾ കത്തെഴുതിയിട്ടുണ്ട്. മന്ത്രിമാരെയും എം.എൽ.എമാരെയും നേതാക്കളെയും സമീപിച്ചിട്ടുമുണ്ട്. ഇരകളെന്ന നിലയിൽ കോടതിയെ സമീപിക്കുകയാണെങ്കിൽ സർക്കാരിന്റെ വീഴ്ചകൾ പ്രതികൂലമായി ബാധിക്കില്ലെന്നരീതിയിൽ ഇവർക്ക് നിയമോപദേശം ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."