'തുണ്ടം കണ്ടിച്ചിട്ടാലും എന്റെ മക്കള്‍ ബി.ജെ.പിയില്‍ പോകില്ല' കുടുംബസമേതം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുമെന്ന് മറിയാമ്മ ഉമ്മന്‍
കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുടുംബം ഒന്നാകെ ഇറങ്ങുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്‍. 'ഉമ്മന്‍ ചാണ്ടിയില്ലാത്ത ആദ്യ തെരഞ്ഞെടുപ്പാണിത്. ഇതുവരെ താന്‍ ഒരു തെരഞ്ഞെടുപ്പിനും പ്രചാരണത്തിന് ഇറങ്ങിയിട്ടില്ല. മകളായ അച്ചു ഉമ്മന്‍ ബി.ജെ.പിയില്‍ പോകുമെന്ന സംസാരം ഉണ്ടെന്ന് താന്‍ ഇന്നലെ കേട്ടു. ചാണ്ടി ഉമ്മനെക്കുറിച്ചും കേട്ടു. തന്റെ മക്കളെ തുണ്ടം കണ്ടിച്ചിട്ടാലും അവര്‍ ബി.ജെ.പിയില്‍ പോകില്ല. അത് അറിയിക്കാന്‍ കൂടി വേണ്ടിയാണ് പ്രചാരണത്തിന് ഇറങ്ങുന്നത്..മറിയാമ്മ മാധ്യമങ്ങളോട് പറഞ്ഞു.
ജീവിതത്തില്‍ ആദ്യമായി താന്‍ പ്രചാരണത്തിനിറങ്ങുകയാണെന്ന് അവര്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. അനാരോഗ്യം വകവെക്കാതെയാണ് താന്‍ ഇറങ്ങുന്നതെന്നും മകന്‍ ചാണ്ടി ഉമ്മനൊപ്പം മക്കള്‍ മറിയ ഉമ്മനും , അച്ചു ഉമ്മനും പ്രചരണപ്രവര്‍ത്തനങ്ങളില്‍ സജീവമായും ഉണ്ടാകുമെന്നും അവര്‍ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് വിശദീകരണമായാണ് അവരുടെ പ്രതികരണം. .
'പത്തനംതിട്ടയില്‍ യു.ഡി.എഫിന് വേണ്ടി പ്രചാരണത്തിന് പോകണമെന്ന് ആഗ്രഹം. ഞങ്ങളുടെ കല്യാണം കഴിഞ്ഞതുമുതല്‍ എ.കെ ആന്റണിയുടെ കുടുംബവുമായി നല്ല ബന്ധമാണ്. അനില്‍ ആന്റണിയുമായുള്ളത് വ്യക്തിബന്ധമാണ്. ചാണ്ടി ഉമ്മനെ പോലെ തന്നെയാണ് അനിലും. അനിലും പത്മജയും ബി.ജെ.പിയില്‍ പോയത് ഒരുപാട് വേദനിപ്പിച്ചു. ഏറ്റവും വേദനിച്ചത് അനില്‍ പോയപ്പോഴാണ്'..മറിയാമ്മ മാധ്യമങ്ങളോട് പറഞ്ഞു.
'രാഷ്ട്രീയത്തില്‍ ചാണ്ടി ഉമ്മന്‍ മതിയെന്ന് പറഞ്ഞത് ഉമ്മന്‍ ചാണ്ടിയാണ്. അച്ചുവിന്റെ പേര് വീട്ടില്‍ ചര്‍ച്ചയായപ്പോള്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞതാണ്. ഉമ്മന്‍ ചാണ്ടിക്ക് ശേഷം ചാണ്ടി വരട്ടെയെന്ന് ഉമ്മന്‍ ചാണ്ടി ആഗ്രഹിച്ചിരുന്നു.അതിന്റെ ചില സൂചനകളും നല്‍കിയിരുന്നു. രാഷ്ട്രീയത്തില്‍ സജീവമായി നില്‍ക്കുക ചാണ്ടിയാണ്. 'ഇന്‍ഡ്യ മുന്നണി ജയിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്. അതിന് വേണ്ടി താന്‍ പ്രാര്‍ഥിക്കുന്നുണ്ട്. പ്രചാരണത്തിന് മാത്രമാണ് കുടുംബം ഒന്നടങ്കം ഇറങ്ങുന്നത്. '.. മറിയാമ്മ ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."