പ്രതിപക്ഷ ബഹളത്തിനിടെ രാജ്യസഭയിൽ ഓൺലൈൻ ഗെയിമിംഗ് ബിൽ പാസാക്കി; പാർലമെന്റ് സമ്മേളനം സമാപിച്ചു
ന്യൂഡൽഹി: പാർലമെന്റ് ഓൺലൈൻ ഗെയിമിംഗ് പ്രൊമോഷൻ ആൻഡ് റെഗുലേഷൻ ബിൽ, 2025 പാസാക്കി. ബഹളങ്ങൾക്കിടയിൽ ചർച്ചയില്ലാതെ രാജ്യസഭയും അംഗീകരിച്ചതോടെയാണ് പാർലമെന്റിൽ ബിൽ പാസായത്. ഇലക്ട്രോണിക്സ്, ഐടി മന്ത്രി അശ്വിനി വൈഷ്ണവ് അവതരിപ്പിച്ച ബിൽ, ഇ-സ്പോർട്സും ഓൺലൈൻ സോഷ്യൽ ഗെയിമിംഗും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം എല്ലാത്തരം ഓൺലൈൻ മണി ഗെയിമുകളും നിരോധിക്കും.
പ്രതിപക്ഷ അംഗങ്ങൾ കൊണ്ടുവന്ന ഭേദഗതികൾ തള്ളിയതിനെ തുടർന്നാണ് ഉപരിസഭ ഇത് പാസാക്കിയത്. ഉപാധ്യക്ഷൻ ഹരിവംശ് ഉപരിസഭയിൽ നിയമനിർമ്മാണത്തിന് അംഗീകാരം നൽകിയതായി പ്രഖ്യാപിക്കുകയും തുടർന്ന് നടപടികൾ പത്ത് മിനിറ്റ് നിർത്തിവയ്ക്കുകയും ചെയ്തു.
ഇരുസഭകളിലും ബിൽ പാസായതോടെ, ഓൺലൈൻ മണി ഗെയിമുകൾ വാഗ്ദാനം ചെയ്യുന്നതോ സൗകര്യമൊരുക്കുന്നതോ മൂന്ന് വർഷം വരെ തടവോ ഒരു കോടി രൂപ വരെ പിഴയോ ലഭിക്കാവുന്ന കുറ്റമായി മാറി.
ബുധനാഴ്ചയാണ് ബിൽ ലോക്സഭ പാസാക്കിയത്. ഓൺലൈൻ മണി ഗെയിമുകളുമായി ബന്ധപ്പെട്ട പരസ്യങ്ങൾ, ബാർ, ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവ അത്തരം ഗെയിമുകൾക്ക് ഫണ്ട് കൈമാറുന്നത് എന്നിവ നിരോധിക്കുന്നതാണ് നിയമം. പണവും മറ്റ് പ്രതിഫലങ്ങളും പ്രതീക്ഷിച്ച് പണം നിക്ഷേപിച്ചാണ് ഓൺലൈൻ മണി ഗെയിമുകൾ കളിക്കുന്നത്. ഇത് ഒരുപാട് തട്ടിപ്പുകൾക്ക് കാരണമാകുന്ന സാഹചര്യത്തിലാണ് നടപടി.
അതേസമയം, പാർലമെന്റിന്റെ വർഷകാല സമ്മേളനം ഇന്നത്തോടെ സമാപിച്ചു. വോട്ടർ പട്ടിക ക്രമക്കേടിനെതിരായ കടുത്ത പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് 2 തവണ തടസ്സപ്പെട്ട ലോകസഭ 12.15 ഓടെ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞിരുന്നു. ഓൺലൈൻ ഗെയിമിംഗ് പ്രൊമോഷൻ ആൻഡ് റെഗുലേഷൻ ബിൽ പാസാക്കിയതിന് പിന്നാലെ രാജ്യസഭയും പിരിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."