ജിഎസ്ടി വർധന: റോയൽ എൻഫീൽഡ് ബൈക്കുകൾ വാങ്ങാൻ പ്ലാൻ ഉണ്ടോ? ഇപ്പോൾ ബുക്ക് ചെയ്യൂ
ന്യൂഡൽഹി: ഇരുചക്ര വാഹന വിപണിയിൽ അടിമുടി വൻ മാറ്റങ്ങൾക്കാണ് വഴിയൊരുങ്ങുന്നത്. 350 സിസിക്ക് മുകളിലുള്ള മോട്ടോർസൈക്കിളുകൾക്ക് 40 ശതമാനം ജിഎസ്ടി നികുതി ചുമത്താനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്. അതേസമയം, 350 സിസി വരെയുള്ള ബൈക്കുകൾക്കും സ്കൂട്ടറുകൾക്കും നികുതി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കാനും നീക്കമുണ്ട്. സെപ്റ്റംബർ 3, 4 തീയതികളിൽ ചേരാനിരിക്കുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ ആയിരിക്കും ഈ നിർദേശങ്ങൾ അന്തിമമായിരിക്കുക.
ചെറിയ ബൈക്കുകൾക്ക് ആശ്വാസം, വലിയ ബൈക്കുകൾക്ക് തിരിച്ചടി
നിലവിൽ 350 സിസിക്ക് മുകളിലുള്ള ഇരുചക്ര വാഹനങ്ങൾക്ക് 28 ശതമാനം ജിഎസ്ടിയും 3 ശതമാനം അധിക സെസും അടക്കം 31 ശതമാനം നികുതിയാണ് കേന്ദ്ര സർക്കാർ ഈടാക്കുന്നത്. എന്നാൽ, പുതിയ നിർദേശപ്രകാരം ഇവയ്ക്ക് 40 ശതമാനം ആയിരിക്കും നികുതി നൽകേണ്ടിവരിക. ഇത് റോയൽ എൻഫീൽഡ് ക്ലാസിക്, മീറ്റിയോർ, ഹോണ്ട ഹൈനസ് തുടങ്ങിയ ജനപ്രിയ മോഡലുകളുടെ ഓൺ-റോഡ് വില കുത്തനെ ഉയർത്തും. അതേസമയം, 350 സിസി വരെയുള്ള എൻട്രി ലെവൽ ബൈക്കുകൾക്കും സ്കൂട്ടറുകൾക്കും 18 ശതമാനം നികുതി മാത്രമായതിനാൽ വില കുറയും. ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയിൽ എൻട്രി ലെവൽ മോഡലുകളാണ് ഏറെയും വിറ്റഴിക്കപ്പെടുന്നതിനാൽ, ഈ മാറ്റം സാധാരണക്കാർക്ക് ഗുണകരമാകും. അതേസമയം 350 സിസിക്ക് മുകളിലുള്ള ഇരുചക്ര വാഹനങ്ങൾ വാങ്ങാൻ ഉദേശിക്കുന്നവർ സർക്കാരിന്റെ നിർദേശങ്ങൾ നടപ്പിലാക്കുന്നതിനുള്ളിൽ വാങ്ങുന്നതായിരിക്കും ഉചിതം.
ജിഎസ്ടി ലളിതവത്കരണം: പുതിയ നികുതി ഘടന
2017-ൽ അവതരിപ്പിച്ച ജിഎസ്ടി സംവിധാനത്തിൽ 5, 12, 18, 28 ശതമാനം എന്നിങ്ങനെ നാല് നികുതി സ്ലാബുകളാണ് ഉണ്ടായിരുന്നത്. ജിഎസ്ടി ഘടന ലളിതമാക്കാനാണ് ഇതു വഴി സർക്കാർ ശ്രമിക്കുന്നത്. അവശ്യവസ്തുക്കൾക്ക് 5 ശതമാനവും, സ്റ്റാൻഡേർഡ് സാധനങ്ങൾക്ക് 18 ശതമാനവും, ആഡംബര വസ്തുക്കൾക്കും പ്രീമിയം വാഹനങ്ങൾക്കും 40 ശതമാനവും നികുതി ഈടാക്കാനാണ് പുതിയ പദ്ധതികൊണ്ട് സർക്കാർ ഉദേശിക്കുന്നത്. ഈ മാറ്റങ്ങൾ നടപ്പാകുന്നതോടെ, നികുതി വർധനവിന്റെ ഭാരം നിർമാതാക്കൾ ഉപഭോക്താക്കളിലേക്ക് കൈമാറാനും സാധ്യതയുണ്ട്.
350 സിസിക്ക് മുകളിലുള്ള ബൈക്കുകൾ വാങ്ങാൻ പദ്ധതിയിടുന്നവർക്ക് പുതിയ നികുതി ഘടന വലിയ തിരിച്ചടിയാകും. വില വർധന ഓൺ-റോഡ് വിലയെ നേരിട്ട് ബാധിക്കുമെന്നതിനാൽ, റോയൽ എൻഫീൽഡ്, ഹോണ്ട, ട്രയംഫ് തുടങ്ങിയ ബ്രാൻഡുകളുടെ പ്രീമിയം മോഡലുകൾക്ക് ഡിമാൻഡ് കുറഞ്ഞേക്കാം. നികുതി വർധനവ് വിപണിയിൽ താൽക്കാലിക പ്രതിസന്ധി സൃഷ്ടിച്ചേക്കാമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
എന്താണ് ചെയ്യേണ്ടത്?
നികുതി വർധന നടപ്പാകുന്നതിന് മുമ്പ് 350 സിസിക്ക് മുകളിലുള്ള ബൈക്കുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ തന്നെ ബുക്കിംഗ് നടത്തുന്നത് ഉചിതമായിരിക്കും. സെപ്റ്റംബർ അവസാനത്തോടെ ജിഎസ്ടി കൗൺസിൽ യോഗത്തിന്റെ തീരുമാനങ്ങൾ വ്യക്തമാകും. ചെറിയ ബൈക്കുകൾ വാങ്ങാൻ പദ്ധതിയിടുന്നവർക്ക് വില കുറയുന്നതിനാൽ കാത്തിരുന്ന് വാങ്ങുന്നതാണ് ലാഭകരം.
With the recent GST hike, Royal Enfield bike prices are set to increase. If you're planning to buy one, now's the time to book and save before the new rates apply
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."