ബസുമതി റൈസ് എത്തുന്നത് ബിരിയാണി അരിയായി
തിരൂര്‍: നികുതി വെട്ടിക്കാന്‍ ബസുമതി റൈസ് എത്തിക്കുന്നത് ബിരിയാണി അരിയെന്ന ലേബലില്‍. ബസുമതി റൈസിന് പുതിയ സര്‍ക്കാരിന്റെ ബജറ്റില്‍ 10 ശതമാനത്തോളം നികുതി വര്‍ധിപ്പിച്ചതോടെയാണ് വെട്ടിപ്പും തുടങ്ങിയത്.
അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ലോഡുകണക്കിന് പല വിധ അരിയാണ് ട്രെയിന്‍ മാര്‍ഗവും ചരക്കുലോറികളിലും ദിനംപ്രതി എത്തുന്നത്. ഇതില്‍ ബസുമതി റൈസ് എന്ന് ചാക്കില്‍ രേഖപ്പെടുത്താതെ പകരം ബിരിയാണി അരിയെന്ന് കാണിച്ചാണ് നികുതിവെട്ടിപ്പ്. ചെക് പോസ്റ്റുകളില്‍ ഉദ്യോഗസ്ഥരെ 'കാണേണ്ട പോലെ കണ്ടും' ലോറികള്‍ കേരളത്തിലേക്ക് കടക്കുന്നു.
കേരള മാര്‍ക്കറ്റില്‍ കാര്യമായ പരിശോധനയും നടപടിയുമില്ലാത്തതിനാല്‍ നികുതി വെട്ടിപ്പ് നിര്‍ബാധം തുടരുന്നു. ബസുമതി റൈസിന് പുറമേ സര്‍ക്കാര്‍ നികുതി വര്‍ധിപ്പിച്ച മറ്റ് അവശ്യസാധനങ്ങളിലും നികുതി വെട്ടിപ്പുണ്ട്. മൊത്ത പലവ്യഞ്ജന കച്ചവടക്കാര്‍ സര്‍ക്കാരിലേക്ക് നികുതിയിനത്തില്‍ നല്‍കേണ്ട നല്ലൊരു സംഖ്യ മാസം തോറും ഇത്തരത്തില്‍ വെട്ടിക്കുന്നുണ്ട്. നികുതി നല്‍കാതെയുള്ള സാധനങ്ങള്‍ ചെറുകിട കച്ചവടക്കാര്‍ക്ക് താരതമ്യേന വിലകുറച്ച് നല്‍കി കച്ചവടം ഉറപ്പുവരുത്താനും മറ്റ് സാധ്യതകള്‍ക്കുമായി ഉപയോഗപ്പെടുത്തുകയും ബാക്കി വരുന്ന തുക ലാഭത്തിലേക്ക് വരവു വയ്ക്കുകയുമാണ് മൊത്ത കച്ചവടക്കാര്‍.
എന്നാല്‍ ഇതെല്ലാം ശ്രദ്ധയില്‍പ്പെട്ടിട്ടും ലക്ഷങ്ങളുടെ വില്‍പന നികുതി ചോര്‍ച്ച തടയാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നില്ല. ഇടവിട്ട് പരിശോധന നടത്തി നിയമ ലംഘനത്തിന് നടപടിയെടുക്കേണ്ടവര്‍ കണ്ണടക്കുന്നതാണ് നികുതി വെട്ടിപ്പിനും കളമൊരുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."