ക്രിക്കറ്റിലെ എന്റെ റോൾ മോഡൽ ആ താരമാണ്: സൂര്യകുമാർ യാദവ്
ഏഷ്യ കപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ കളത്തിലിറങ്ങാൻ ഇനി മണിക്കൂറുകൾ മാത്രമേ ബാക്കിയുള്ളൂ. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ യുഎഇയാണ് ഇന്ത്യയുടെ എതിരാളികൾ. ഈ മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ഏകദിന ക്യാപ്റ്റൻ രോഹിത് ശർമയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇന്ത്യൻ ടി-20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. രോഹിത് ശർമയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ കളിച്ചപ്പോൾ ധാരാളവും കാര്യങ്ങൾ താൻ പഠിച്ചുവെന്നും രോഹിത് തന്റെ റോൾ മോഡലാണെന്നുമാണ് സ്‌കൈ പറഞ്ഞത്.
''ഞാൻ രോഹിത് ഭായിക്കൊപ്പം ഏകദേശം 7-8 വർഷം ഫ്രാഞ്ചൈസി ക്രിക്കറ്റിൽ കളിച്ചിട്ടുണ്ട്. അദ്ദേഹം ടി-20 ഫോർമാറ്റിൽ ഇന്ത്യയെ നയിച്ചപ്പോൾ ഞാൻ ഏകദേശം മൂന്ന് നാല് വർഷം ടീമിൽ ഉണ്ടായിരുന്നു. അദ്ദേഹത്തിൽ നിന്നും ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു. ഒരു ക്യാപ്റ്റനെന്ന നിലയിൽ അദ്ദേഹം ഒരു റോൾ മോഡലാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിൽ നിന്നും ഞാൻ ധാരാളം കാര്യങ്ങൾ പഠിച്ചു'' സ്‌കൈ സോണി സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഏഷ്യ കപ്പിൽ സൂര്യകുമാർ യാദവിന് ടി-20യിലെ ഒരു തകർപ്പൻ നേട്ടവും സ്വന്തമാക്കാനുള്ള അവസരമുണ്ട്. ഇന്റർനാഷണൽ ടി-20യിൽ 150 സിക്സുകൾ പൂർത്തിയാക്കാനുള്ള അവസരമാണ് സ്‌കൈയുടെ മുന്നിലുള്ളത്. ഇതുവരെ 146 സിക്സുകൾ നേടിയ ഇന്ത്യൻ ക്യാപ്റ്റന് നാല് സിക്സുകൾ കൂടി നേടിയാൽ 150 സിക്സുകളെന്ന നേട്ടം കൈവരിക്കാൻ സാധിക്കും. ഇന്റർനാഷണൽ ക്രിക്കറ്റിൽ 150 സിക്സുകൾ നേടുന്ന അഞ്ചാമത്തെ താരമായും രോഹിത് ശർമക്ക് ശേഷം ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാവാനും സ്കൈക്ക് സാധിക്കും.
പരുക്കിൽ നിന്നും മുക്തി നേടിയാണ് സൂര്യകുമാർ യാദവ് ഏഷ്യ കപ്പ് കളിക്കാനെത്തുന്നത്. ഏഷ്യാ കപ്പ് ആരംഭിക്കുമ്പോഴേക്കും താരം ഫിറ്റ്നസ് വീണ്ടെടുക്കുകയായിരുന്നു. ജൂണിൽ നടന്ന മുംബൈ ടി-20 ലീഗിലാണ് സൂര്യകുമാർ യാദവ് അവസാനമായി കളിച്ചത്. തിരിച്ചുവരവിൽ സ്‌കൈ മികച്ച പ്രകടനം തന്നെ പുറത്തെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Indian T20 captain Suryakumar Yadav has spoken about Indian ODI captain Rohit Sharma. He said that Rohit is his role model.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."