നികുതി വെട്ടിപ്പിലൂടെ ഭൂട്ടാൻ വഴി വാഹനങ്ങൾ വാങ്ങിച്ചു?; പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ കസ്റ്റംസ് റെയ്ഡ്
കൊച്ചി: മലയാള സിനിമ അഭിനേതാക്കളായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ കസ്റ്റംസ് റെയ്ഡ് നടത്തുന്നു. ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി രാജ്യവ്യാപകമായി നടക്കുന്ന റെയ്ഡിന്റെ ഭാഗമായാണ് സിനിമാ താരങ്ങളുടെ വീട്ടിലും കസ്റ്റംസ് എത്തിയത്. പൃഥ്വിരാജിന്റെയും ദുൽഖറിന്റെയും കൊച്ചിയിലെ വീടുകളിലാണ് റെയ്ഡ്. സിനിമ താരമായ അമിത് ചക്കാലക്കലിന്റെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്.
വ്യാജ രജിസ്ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്ക് വാഹനം എത്തിക്കുന്നവരെ കണ്ടുപിടിക്കാനുള്ള റെയ്ഡാണ് ഓപ്പറേഷൻ നുംഖോർ. ഭൂട്ടാൻ ഭാഷയിൽ വാഹനം എന്നർത്ഥം വരുന്ന വാക്കാണ് നുംഖോർ. ഇന്ന് രാജ്യവ്യാപകമായി പരിശോധന നടന്നുവരികയാണ്.
ഭൂട്ടാനില്‍ നിന്ന് പട്ടാളം ഉപേക്ഷിച്ച വാഹനങ്ങള്‍ ഇന്ത്യയിലേക്ക് കടത്തി എന്ന പരാതി നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. 40ഓളം വാഹനങ്ങളാണ് ഇത്തരത്തിൽ എത്തിയതെന്നാണ് കണക്കാക്കുന്നത്. വാഹനങ്ങള്‍ ഹിമാചല്‍ പ്രദേശിലെത്തിച്ച് രജിസ്ട്രേഷന്‍ ചെയ്ത് രാജ്യമെമ്പാടും വില്‍പ്പന നടത്തിയെന്നാണ് പരാതി.
പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടിൽ കസ്റ്റംസ് എത്തിയെങ്കിലും വാഹനങ്ങളൊന്നും കാണാത്തതിനാൽ മടങ്ങുകയായിരുന്നു. കേരളത്തിൽ 30 ഇടങ്ങളിൽ പരിശോധന നടക്കുന്നുണ്ടെന്നാണ് ലഭ്യമായ വിവരം. തട്ടിപ്പിലൂടെ 20 വാഹനങ്ങൾ കേരളത്തിലെത്തി എന്നാണ് കസ്റ്റംസിന്റെ കണക്കുകൂട്ടൽ. പ്രധാനമായും സിനിമാ താരങ്ങളാണ് ഇത്തരം വാഹനങ്ങൾ വാങ്ങിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."