സലീമിൻ്റെ കൈവശമുണ്ട്....ഗാന്ധിജിയെക്കുറിച്ചുള്ള ഐൻസ്റ്റീൻ്റെ ആ വാചകങ്ങൾ അടങ്ങിയ അപൂർവ പുസ്തകം
തേഞ്ഞിപ്പലം: ഇങ്ങനെയൊരു മനുഷ്യൻ ഭൂമുഖത്തു ജീവിച്ചിരുന്നുവെന്ന് ഭാവിതലമുറകൾ വിശ്വസിക്കുവാൻ ഇടയില്ലെന്ന, ഗാന്ധിജിയെക്കുറിച്ചുള്ള ആൽബർട്ട് ഐൻസ്റ്റീൻ്റെ വാക്കുകൾ വിഖ്യാതമാണ്. എന്നാൽ 1944 ഒക്ടോബർ രണ്ടിന് ഗാന്ധിജിയുടെ 75ാം ജൻമദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ, അദ്ദേഹത്തിൻ്റെ ജീവിതവും പ്രവർത്തനവും വിശദീകരിക്കുന്ന പുസ്തകത്തിന് ആശംസ അറിയിച്ചു കൊണ്ടാണ് ആൽബർട്ട് ഐൻസ്റ്റീൻ ഇങ്ങനെ പറഞ്ഞതെന്ന് അധികം ആർക്കും അറിയാൻ സാധ്യതയില്ല. 1500 കോപ്പികൾ മാത്രം പ്രസിദ്ധീകരിച്ച ഇൗ അപൂർവ പുസ്കതത്തിൻ്റെ പ്രതികളിലൊന്ന് നിധി പോലെ കൈവശം വയ്ക്കുന്ന ഒരാൾ ഇവിടെ മലപ്പുറത്ത് മഞ്ചേരിയിലുണ്ട്, പുരാരേഖകളുടെ സൂക്ഷിപ്പുകാരനായ മഞ്ചേരിയിലെ ഗിന്നസ് സലീമിന്റെ കൈവശമാണ് ഈ പുസ്തകം ഉള്ളത്.
അമേരിക്കയിലെ ന്യുജേഴ്സിയിലെ പ്രിൻസ്റ്റൺ സർവകലാശാലയിൽ നിന്നാണ്, പുസ്കത്തിന് വേണ്ടി തൻ്റെ ഒപ്പോടെയുള്ള ഈ ജന്മദിന സന്ദേശം ഐൻസ്റ്റീൻ അയച്ചിരിക്കുന്നത്. ഗാന്ധിജിയുടെ പൂർണ സമ്മതത്തോടെയാണ് ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. ദരിദ്രരായ മനുഷ്യരുടെ സഹായത്തിനാണ് ഇതിലെ വരുമാനം വിനിയോഗിക്കുകയെന്ന് ഗാന്ധിജി തന്നെ പുസ്തകത്തിൽ എഴുതിയ സന്ദേശത്തിൽ പറയുന്നു. ന്യൂയോർക്കിലെ കൃഷ്ണലാൽ ശ്രീധരണിയാണ് ആൽബർട്ട് ഐൻസ്റ്റീനടക്കമുള്ളവരിൽ നിന്ന് ആശംസകൾ ശേഖരിച്ചതെന്നും പുസ്തകത്തിലുണ്ട്. കർണാടക പ്രിന്റിങ് പ്രസ്, അഹമ്മദാബാദിലെ നവജീവൻ പ്രസ് എന്നിവരുടെ നേതൃത്വത്തിൽ 1500 കോപ്പികൾ മാത്രമാണ് പുസ്തകം പുറത്തിറക്കിയത്. അതിലൊരു കോപ്പിയാണ് സലീം നിധി പോലെ സൂക്ഷിക്കുന്നത്. കർണാടക പബ്ലിഷിങ് ഹൗസാണ് ഈ വിലപ്പെട്ട ഗ്രന്ഥം അക്കാലത്ത് വായനക്കാരിലെത്തിച്ചത്. ബി.ജി ടെൻഡുൽക്കറിൻ്റെ നേതൃത്വത്തിലാണ് പുസ്തകം തയാറാക്കിയത്.
ജവഹർലാൽ നെഹ്‌റു, കൂടാതെ പ്രശസ്ത എഴുത്തുകാരൻ പേൾ എസ് ബക്ക്, മഹാദേവ് ദേശായ്, കമല ദേവി, ജി.എ നടേശൻ, മിനു ആർ മസാനി, ഹുമയൂൺ കബീർ, കെ.എ അബ്ബാസ് എന്നിവരുടെ ലേഖനങ്ങൾ ഈ പുസ്തകത്തെ വിലപ്പെട്ട ചരിത്ര രേഖയാക്കുന്നു. ഗാന്ധിജിയുടെ രാഷ്ട്രീയ ജീവിതത്തിലെ കാമറാ ചിത്രങ്ങളാണ് ഈ പുസ്തകത്തിൻ്റെ മറ്റൊരു അപൂർവത. 'കസ്തൂർബ' എന്ന ലേഖനത്തിലൂടെ ഗാന്ധിജി ഈ പുസ്തകത്തിൽ തൻ്റെ പ്രിയ പത്നിയുടെ ത്യാഗത്തിൻ്റെ മഹത്വം എഴുതിച്ചേർത്തിട്ടുണ്ട്.
സലീം സൂക്ഷിച്ചുവച്ച വിലപ്പെട്ട രേഖകൾ കാണുന്നതിനായി മഞ്ചേരിയിലുള്ള അദ്ദഹത്തിൻ്റെ വീട്ടിൽ കാലിക്കറ്റ് സർവകലാശാല ഹിസ്റ്ററി അധ്യാപകൻ ഡോ. ശിവദാസൻ എത്തിയപ്പോഴാണ് ഈ അപൂർവ പുസ്തകം കാണാൻ ഇടയായത്. ഇതുപോലെ നശിച്ചുപോകുമായിരുന്ന നിരവധി പുരാരേഖകളുടെയും പുരാവസ്തുക്കളുടെയും ശേഖരമാണ് സലീമിൻ്റെ കൈവശമുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."