മലപ്പുറത്ത് യു.കെ.ജി വിദ്യാർഥിയെ സ്കൂൾ ബസിൽ കയറ്റാത്ത സംഭവം: നിയമനടപടിയുമായി കുടുംബം; സ്കൂൾ അധികൃതരോട് വിശദീകരണം തേടി ബാലാവകാശ കമ്മിഷൻ
മലപ്പുറം: ചേലേമ്പ്രയിൽ ഫീസ് അടയ്ക്കാൻ വൈകിയതിന്റെ പേര് പറഞ്ഞ് അഞ്ച് വയസുകാരനെ സ്കൂൾ ബസിൽ കയറ്റാത്ത സംഭവത്തിൽ ചേലേമ്പ്ര എ.എൽ.പി സ്കൂൾ അധികൃതർക്കെതിരെ കുടുംബം നിയമനടപടികളുമായി മുന്നോട്ട്. ഇനി ഒരു ഒത്തുതീർപ്പിനും തയ്യാറല്ലെന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കുട്ടിയുടെ അമ്മ വ്യക്തമാക്കി.
സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പും ബാലാവകാശ കമ്മീഷനും സ്കൂൾ അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഫീസ് കുടിശിക ശ്രദ്ധയിൽപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും കുട്ടിയെ ബസിൽ കയറ്റാതിരുന്നിട്ടില്ലെന്നുമാണ് സ്കൂൾ മാനേജ്മെന്റിന്റെ വിശദീകരണം. കുട്ടിയോടൊപ്പം ഉണ്ടായിരുന്നവർ സ്വമേധയാ പിൻമാറുകയായിരുന്നുവെന്നും സ്കൂൾ അവകാശപ്പെടുന്നു.
എന്നാൽ, സ്കൂൾ അധികൃതരുടെ വാദം കുട്ടിയുടെ അമ്മ പൂർണമായും തള്ളി. കുഞ്ഞിനുണ്ടായ മാനസിക വേദന പരിഹരിക്കാൻ യാതൊരു നടപടിയും സ്കൂളിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്ന് ആരോപിച്ചു. “വിവരക്കേട് കാണിക്കേണ്ടത് കുഞ്ഞുങ്ങളോടല്ലല്ലോ,” അമ്മ പറഞ്ഞു. ആയിരം രൂപയുടെ കുടിശിക അടച്ചെങ്കിലും കുട്ടിയെ ഇനി ഈ സ്കൂളിലേക്ക് വിടില്ലെന്നും അവർ വ്യക്തമാക്കി.
കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സംഭവം. മറ്റു കുട്ടികൾക്കൊപ്പം സ്‌കൂൾ ബസിൽ കയറാൻ എത്തിയ കുട്ടിയെ ബസിൽ കയറ്റാതെ വഴിയിൽ ഉപേക്ഷിച്ചു പോയെന്നാണ് പരാതി. ബസിൽ കയറ്റാൻ സമ്മതിക്കാതിരുന്നപ്പോൾ കുട്ടി കരഞ്ഞുകൊണ്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പരാതിയുമായി രക്ഷിതാവ് സ്‌കൂളിൽ എത്തിയപ്പോൾ സ്‌കൂൾ മാനേജറും മോശമായി പെരുമാറിയതായി കുടുംബം ആരോപിച്ചിരുന്നു.
സംഭവത്തിൽ വിദ്യാഭ്യാസമന്ത്രിക്കും ബാലാവകാശ കമ്മിഷനും പൊലിസിലും പരാതി നൽകിയതിന് പിന്നാലെയാണ് ഇപ്പോൾ സകൂൾ അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ടത്. നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് കുടുംബത്തിന്റെ തീരുമാനം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.
family takes legal action after malappuram school denies ukg student bus ride; child rights commission seeks explanation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."