പ്രീമിയർ ലീഗിൽ എന്താണ് സംഭവിക്കുന്നത്; നിലവിലെ ചാമ്പ്യൻമാർക്ക് തുടർച്ചയായ മൂന്നാം തോൽവി; ആൻഫീൽഡിൽ യുണൈറ്റഡ് ജയിച്ചത് 10 വർഷത്തിന് ശേഷം
ലിവർപൂൾ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യൻമാരായ ലിവർപൂളിന് തുടർച്ചയായ മൂന്നാം തോൽവി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡാണ് ലിവർപൂളിനെ അവരുടെ തട്ടകമായ ആൻഫീൽഡിൽ വീഴ്ത്തിയത്.
ഏകദേശം പത്തുവർഷത്തെ കാത്തിരിപ്പിനൊടുവിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആൻഫീൽഡിൽ വിജയം സ്വന്തമാക്കുന്നത്. ഈ സീസണിൽ യുണൈറ്റഡിന്റെ തുടർച്ചയായ രണ്ടാം വിജയമാണിത്.
കളി തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ ബ്രയാൻ എംബ്യുമോയിലൂടെ യുണൈറ്റഡ് മുന്നിലെത്തി. 84-ാം മിനിറ്റിൽ ഹാരി മഗ്വയർ നേടിയ നിർണായക ഗോളാണ് യുണൈറ്റഡിന് വിജയമൊരുക്കിയത്.
സമനില ഗോളിനായി ലിവർപൂൾ കിണഞ്ഞു ശ്രമിച്ചെങ്കിലും കോഡി ഗാപ്കോയുടെ ഷോട്ടുകൾ തുടർച്ചയായി പോസ്റ്റിൽ തട്ടിത്തെറിച്ചു. എങ്കിലും, 78-ാം മിനിറ്റിൽ ഗാപ്കോ ഒടുവിൽ ലക്ഷ്യം കണ്ടതോടെ ലിവർപൂൾ സമനില പിടിച്ചു. എന്നാൽ, തൊട്ടു പിന്നാലെ മഗ്വയർ വിജയഗോൾ നേടി.
തുടർച്ചയായ മൂന്നാം തോൽവിയോടെ ലിവർപൂൾ മൂന്നാം സ്ഥാനത്ത് തുടരുമ്പോൾ, യുണൈറ്റഡ് ഒൻപതാം സ്ഥാനത്തേക്ക് ഉയർന്നു.
മറ്റൊരു മത്സരത്തിൽ ആസ്റ്റൺവില്ല ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ടോട്ടൻഹാമിനെ തോൽപിച്ചു. അഞ്ചാം മിനിറ്റിൽ റോഡ്രിഗോ ബെന്റാകർ ടോട്ടനത്തിന് ലീഡ് നൽകിയെങ്കിലും, 37-ാം മിനിറ്റിൽ മോർഗാൻ റോജേഴ്സ് ആസ്റ്റൺവില്ലക്ക് സമനില സമ്മാനിച്ചു. രണ്ടാം പകുതിയിൽ എമി ബ്യൂഡിയ ആസ്റ്റൺവില്ലയുടെ വിജയഗോൾ നേടി.
പ്രീമിയർ ലീഗിൽ എട്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ 19 പോയിന്റുമായി ആഴ്സണൽ ഒന്നാം സ്ഥാനത്തും 16 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി രണ്ടാമതുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."