HOME
DETAILS

'ഹിജാബ് ധരിക്കാന്‍ പാടില്ലെന്ന നിബന്ധന സ്‌കൂളില്‍ ചേരുമ്പോള്‍ അറിയിച്ചിട്ടില്ല, ഒരു പേപ്പറിലും ഒപ്പിട്ടിട്ടുമില്ല' അധികൃതരുടെ ആരോപണങ്ങള്‍ നിഷേധിച്ച് വിദ്യാര്‍ഥിനിയുടെ പിതാവ്

  
Web Desk
October 21, 2025 | 7:15 AM

school never informed about hijab restriction claims students father amid controversy

കോഴിക്കോട്: ഹിജാബ് ധരിക്കാന്‍ പാടില്ലെന്ന നിബന്ധന സ്‌കൂളില്‍ ചേരുമ്പോള്‍ അധികൃതര്‍ അറിയിച്ചിട്ടില്ലെന്ന് പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളില്‍ ശിരോവസ്ത്ര വിലക്ക് നേരിട്ട വിദ്യാര്‍ഥിനിയുടെ പിതാവ് അനസ് നൈന. ഇത്തരത്തിലുള്ള ഒരു പേപ്പറിലും താന്‍ ഒപ്പു വെച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അഫ്‌സല്‍.എം എന്നയാള്‍ നടത്തിയ ഫോണ്‍ അഭിമുഖത്തിലാണ് അനസ് നൈന ഇക്കാര്യങ്ങള്‍ വിശദമാക്കുന്നത്. കുട്ടിയുടെ പിതാവുമൈായി നടത്തിയ അഭിമുഖം പിന്നീട് അഫസല്‍ ഫേസ്ബുക്കില്‍ പങ്കു വെക്കുകയായിരുന്നു. 

സ്‌കൂള്‍ ആരംഭിച്ചതു മുതല്‍ കുട്ടി ഹിജാബ് ധരിക്കാതെയാണ് പോയിരുന്നതെന്ന അധികൃതരുടെ വാദത്തേയും അദ്ദേഹം തള്ളുന്നു. 'തെറ്റായ കാര്യമാണത്. സ്‌കൂളില്‍ ഹിജാബ് ധരിച്ചാണ് മകള്‍ പോയിരുന്നത്. എന്നാല്‍ ക്ലാസില്‍ ഹിജാബ് ധരിക്കാന്‍ അനുവാദം ഇല്ലാതിരുന്നതിനാല്‍ മകള്‍ ഹിജാബ് അഴിച്ചു വെച്ചാണ് ക്ലാസില്‍ ഇരുന്നിരുന്നത്. അതില്‍ മാനസിക പ്രയാസവും മകള്‍ക്ക് ഉണ്ടായിരുന്നു'- അനസ് നൈന പറയുന്നു. രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ ഉള്‍പെടെ പുറത്തു നിന്നുള്ളവരാരും തനിക്ക് മേല്‍ ഒരു സമ്മര്‍ദ്ദവും ചെലുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അത്തരം ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 


അഫ്‌സല്‍ എം ഫേസ്ബുക്കില്‍ പങ്കുവെച്ച അഭിമുഖം

താങ്കളുടെ കുടുംബ പശ്ചാത്തലം ആദ്യം ഒന്ന് പരിചയപ്പെടുത്താമോ?

എന്റെ പേര് അനസ്. എറണാകുളം ജില്ലയില്‍ താമസം. ഭാര്യയും അഞ്ച് മക്കളും പ്രായമായ മാതാപിതാക്കളും അടങ്ങുന്ന കുടുംബം. നാല് പേര്‍ പെണ്‍കുട്ടികളാണ്. അതില്‍ ഒരാള്‍ റഷ്യയില്‍ പഠിക്കുന്നു, മറ്റൊരാള്‍ ലണ്ടനില്‍, ഇളയ കുട്ടികളില്‍ ഒരാളാണ് സെന്റ് റീത്താസില്‍ 8ാം ക്ലാസില്‍ പഠിക്കുന്ന മകള്‍.

താങ്കളുടെ തൊഴില്‍?

വാടകയ്ക്ക് ബോട്ട് ഓടിക്കുകയാണ്. ചെറിയ ഒരു ചെരിപ്പ് കട സ്വന്തമായുണ്ട്.

മകളെ സ്‌കൂളില്‍ ചേര്‍ക്കുന്നതിന് മുന്‍പ് ഹിജാബ് ധരിക്കാന്‍ പാടില്ല എന്ന നിബന്ധന സ്‌കൂള്‍ അധികൃതര്‍ അറിയിച്ചിരുന്നില്ലേ? ഫോമില്‍ താങ്കള്‍ ഒപ്പിട്ടിരുന്നു എന്നാണ് സ്‌കൂളിന്റെ വാദം.

ഇല്ല. അങ്ങനെ ഒരു നിബന്ധന സ്‌കൂള്‍ അറിയിച്ചിട്ടില്ല. ഞാന്‍ എവിടെയും ഒപ്പും ഇട്ടിട്ടില്ല. സ്‌കൂള്‍ അധികൃതര്‍ കാണിച്ച പേപ്പറില്‍ എന്റെ ഒപ്പും ഇല്ല.

സ്‌കൂള്‍ ആരംഭിച്ച അന്ന് മുതല്‍ നാല് മാസത്തോളം കുട്ടി ഹിജാബ് ധരിക്കാതെയാണ് സ്‌കൂളില്‍ പോയത്, ഇപ്പോള്‍ മനഃപൂര്‍വം പ്രശ്‌നം ഉണ്ടാക്കാനുള്ള ശ്രമം ആണ് എന്നാണ് പ്രചരിക്കുന്ന വാദം. മറുപടി?

തെറ്റായ കാര്യമാണത്. സ്‌കൂളില്‍ ഹിജാബ് ധരിച്ചാണ് മകള്‍ പോയിരുന്നത്. എന്നാല്‍ ക്ലാസില്‍ ഹിജാബ് ധരിക്കാന്‍ അനുവാദം ഇല്ലാതിരുന്നതിനാല്‍ മകള്‍ ഹിജാബ് അഴിച്ചു വെച്ചാണ് ക്ലാസില്‍ ഇരുന്നിരുന്നത്. അതില്‍ മാനസിക പ്രയാസവും മകള്‍ക്ക് ഉണ്ടായിരുന്നു.

പിന്നെ എങ്ങനെയാണ് ഈ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്?

ഈ മാസം ആദ്യം സ്‌കൂളില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ ക്ലാസ് ടൈം അല്ലല്ലോ എന്ന ധാരണയില്‍ മകള്‍ ഹിജാബ് ഇട്ടുകൊണ്ട് പങ്കെടുത്തു. ഇതേതുടര്‍ന്ന് സ്‌കൂളിലെ അദ്ധ്യാപകര്‍ ക്ലാസ് ഇല്ലാത്ത അവസരത്തിലായിട്ടും കുട്ടിയെ ഹിജാബിന്റെ പേരില്‍ മറ്റ് കുട്ടികളുടെ മുന്‍പില്‍ വെച്ച് പരസ്യമായി ശാസിക്കുകയും, ഹിജാബ് അഴിപ്പിക്കുകയും ചെയ്തു. വളരെയധികം മാനസിക പ്രയാസം ഉണ്ടാവുന്ന തരത്തിലാണ് അധ്യാപകരും പ്രിന്‍സിപ്പലും കുട്ടിയോട് പെരുമാറിയത്.

ഇക്കാര്യം അന്വേഷിക്കാനായി ഞാന്‍ സ്‌കൂളില്‍ എത്തിയപ്പോള്‍ അധ്യാപകരും പ്രിന്‍സിപ്പലും എന്നോടും വളരെ മോശമായാണ് പെരുമാറിയത്. കുട്ടിയെ മാനസിക സമ്മര്‍ദം ചെലുത്തിയ കാരണത്താല്‍ പൊലീസില്‍ പരാതി പറയും എന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് അക്കാര്യത്തില്‍ ഭയമില്ല, നിങ്ങള്‍ പരാതി കൊടുത്തോളൂ എന്നായിരുന്നു അവരുടെ മറുപടി. അതെന്നെ വളരെ പ്രയാസത്തില്‍ ആക്കി.

പിടിഎ പ്രസിഡന്റ് എന്നവകാശപ്പെടുന്ന ഒരു വ്യക്തി, അദ്ദേഹം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ് കൂടെയാണ്, അദ്ദേഹം വളരെ മോശമായാണ് ഞങ്ങളോട് സംസാരിച്ചത്. ഈ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാകുന്നതിന് മുന്‍പ് തന്നെ അദ്ദേഹം ഒരു സഭയുടെ യൂട്യൂബ് ചാനലില്‍ പോയി സമൂഹത്തില്‍ വര്‍ഗീയത പ്രചരിപ്പിക്കുന്ന തരത്തില്‍ അഭിമുഖം പോലും നല്‍കി. ആ സമയം ഇതൊരു പ്രശ്‌നം ആയിട്ടുണ്ടായിരുന്നില്ല. പിടിഎ പ്രസിഡന്റിന്റെ ഇടപെടല്‍ ആണ് കാര്യങ്ങള്‍ വഷളാക്കിയത്.

താങ്കളോടൊപ്പം ഒരു എസ്ഡിപിഐ നേതാവ് ഉണ്ടായിരുന്നു എന്നാണ് ആരോപണം. അതിന്റെ യാഥാര്‍ത്ഥ്യം എന്താണ്?

എനിക്ക് അദ്ദേഹത്തെ അറിയുക പോലുമില്ല. സ്‌കൂള്‍ പരിസരത്ത് റോഡ് പണി നടക്കുന്നുണ്ടായിരുന്നു. അദ്ദേഹം ഞാന്‍ വിളിച്ചിട്ടോ, എന്റെ ഒപ്പമോ വന്ന ആളല്ല. ഈ പ്രശ്‌നങ്ങള്‍ അറിഞ്ഞു വന്ന ആളാണ്. എനിക്ക് അദ്ദേഹവുമായി ഒരു ബന്ധവുമില്ല.

ഇതൊരു ക്രമസമാധാന പ്രശ്‌നമായ ശേഷം സ്‌കൂള്‍ അടച്ചിടുകയാണ് ചെയ്തത്. സ്‌കൂള്‍ മുന്നോട്ട് വെച്ച വാദം എന്തായിരുന്നു? അവരുടെ ന്യായം എന്തായിരുന്നു?

ഇതേ ക്രമസമാധാന പ്രശ്നത്തിന്റെ ന്യായം തന്നെയാണ് സ്‌കൂള്‍ പറഞ്ഞത്. പ്രശ്‌നത്തെ വഷളാക്കുവാനുള്ള ശ്രമം സ്‌കൂളിന്റെ ഭാഗത്തു നിന്ന് ആദ്യമേ ഉണ്ടായിരുന്നു എന്ന് ഞാന്‍ പറഞ്ഞല്ലോ, ഹിജാബ് അനുവദിക്കില്ല എന്ന വാദത്തില്‍ അവര്‍ ഉറച്ചു നിന്നു. ഞാന്‍ മുഖ്യമന്ത്രിക്കും, വിദ്യാഭ്യാസ മന്ത്രിക്കും മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും പരാതി നല്‍കി. കാരണം എനിക്ക് ഒപ്പം നില്‍ക്കാന്‍ അപ്പോള്‍ ആരും ഉണ്ടായിരുന്നില്ല.

പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം താങ്കളെ കാണാന്‍ വന്നിരുന്നോ? ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, എംപി ഹൈബി ഈഡന്‍ എന്നിവരുടെ നിലപാട് എന്തായിരുന്നു?

കോണ്‍ഗ്രസ് നേതാക്കള്‍ സമവായത്തിനാണ് ശ്രമിച്ചത്. അവര്‍ക്കിതൊരു മുസ്ലിം-ക്രിസ്ത്യന്‍ പ്രശ്‌നം ആവാന്‍ ഒട്ടും താല്‍പ്പര്യം ഉണ്ടായിരുന്നില്ല. കോടതി വിധി വരുന്നത് വരെ തല്‍ക്കാലം വീട്ടില്‍ നിന്ന് തട്ടം ഇട്ട് സ്‌കൂളില്‍ പോയ ശേഷം പിന്നീട് മറ്റൊരു സ്‌കൂളിലേക്ക് മാറാന്‍ അവര്‍ ആവശ്യപ്പെട്ടു. അതുവരെ സ്‌കൂളില്‍ നിന്ന് മാറരുത് എന്നവര്‍ ആവശ്യപ്പെട്ടു. എംഎല്‍എ കെ.ബാബുവും മറ്റും ഇതേ കാര്യം ആവശ്യപ്പെട്ടു. ചര്‍ച്ച എന്ന പേരില്‍ എന്നെ സ്‌കൂളില്‍ വിളിച്ചു വരുത്തിയെങ്കിലും സ്‌കൂള്‍ അധികൃതര്‍ പങ്കെടുത്തില്ല. അവര്‍ കോടതിയില്‍ പോയിരുന്നു. അപ്പോഴേയ്ക്കും വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട് വന്നു.

വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട് വന്ന ശേഷം എന്തായിരുന്നു സ്‌കൂളിന്റെ നിലപാട്?

അവര്‍ അംഗീകരിച്ചില്ല. അവര്‍ വീണ്ടും കോടതിയില്‍ പോയി.

സ്‌കൂളിന്റെ അഭിഭാഷകയായ സ്ത്രീയെ പരിചയം ഉണ്ടോ?

ഇല്ല, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സാറിന്റെ സോഷ്യല്‍ മീഡിയ മാനേജര്‍ ആണെന്നും, കോണ്‍ഗ്രസ് ലീഗല്‍ ഓഫീസില്‍ ജോലി ചെയ്യുന്നുണ്ട് എന്നും കേള്‍ക്കുന്നു. മറ്റൊന്നും അറിയില്ല.

സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് നിങ്ങള്‍ക്ക് പിന്തുണ ലഭിച്ചോ?

ലഭിച്ചു. സത്യത്തില്‍ സര്‍ക്കാര്‍ മാത്രമാണ് ഞങ്ങള്‍ക്കൊപ്പം നിന്നത്. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ ഓഫീസില്‍ നിന്ന് അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം എന്നെ വിളിച്ചിരുന്നു. കുട്ടിക്ക് കേരളത്തില്‍ ഏത് സ്‌കൂളില്‍ വേണമെങ്കിലും പ്രത്യേക ഓര്‍ഡര്‍ ഇറക്കി അഡ്മിഷന്‍ വാങ്ങി നല്‍കാം എന്നും, കുട്ടിക്ക് ആവശ്യമായ കൗണ്‌സിലിംഗ്, നിയമ സഹായം, എന്തെങ്കിലും മാനസിക പ്രയാസം ഉണ്ടായിട്ടുണ്ടെങ്കില്‍ സ്‌കൂളിനെതിരെ നടപടി എടുക്കാം എന്നും അദ്ദേഹം അറിയിച്ചു. ശിശുക്ഷേമ വകുപ്പില്‍ നിന്ന് അഡ്വക്കേറ്റ് കെ.എസ് അരുണ്‍ കുമാര്‍ വീട്ടില്‍ വന്നിരുന്നു. എല്‍ഡിഎഫ് കൗണ്‌സിലര്‍ വന്നിരുന്നു. സര്‍ക്കാര്‍ ഇടപെടലില്‍ തൃപ്തരാണ്.

ടിസി വാങ്ങി പോകുന്ന കാര്യം ചാനലുകളില്‍ അറിയിച്ചപ്പോള്‍ താങ്കളുടെ കൂടെ നിന്ന അഭിഭാഷകന്‍ അമീന്‍ ഹസനെ എങ്ങനെയാണ് പരിചയം, അദ്ദേഹം ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തകനാണെന്നും, അവരുടെ ഗൂഢാലോചന ആണ് ഈ കേസെന്നും ചിലരുടെ കമന്റുകള്‍ കണ്ടിരുന്നു.

അമീന്‍ ഹസനെ എനിക്ക് മുന്‍പേ അറിയില്ല. ഈ വിഷയം ചര്‍ച്ചയായ ഒരു ദിവസം മാതൃഭൂമി ചാനലില്‍ ഞങ്ങളെ പിന്തുണച്ചു കൊണ്ട് അദ്ദേഹം ചര്‍ച്ചയില്‍ പങ്കെടുത്തപ്പോഴാണ് ഞാന്‍ അദ്ദേഹത്തെ ആദ്യമായി കാണുന്നത്. ഞാന്‍ അങ്ങോട്ട് ബന്ധപ്പെട്ട് നിയമസഹായം അവശ്യപ്പെട്ടതാണ്. എന്റെ മകള്‍ തട്ടം ഇട്ടു വരുന്നത് കൊണ്ട് മറ്റുള്ള കുട്ടികളില്‍ ഭയം ഉണ്ടാവുന്നു എന്ന സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ പരാമര്‍ശം കൂടി ആയപ്പോള്‍ എനിക്ക് സമ്മര്‍ദം താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു. ഞാനും കുടുംബവും സമൂഹത്തില്‍ ഒറ്റപ്പെട്ടവരെപ്പോലെ ആയി. മകള്‍ക്ക് ആ സ്‌കൂളില്‍ നിന്ന് ഏത് വിധേനയും ടി.സി വാങ്ങി പോയാല്‍ മതി എന്നായി. അതുകൊണ്ടാണ് അദ്ദേഹത്തെ ബന്ധപ്പെട്ടത്. ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും അനുഭാവിയോ, പ്രവര്‍ത്തകനോ അല്ല.

ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ താങ്കളെ ഇതുവരെ (20/10/2025) ബന്ധപ്പെടുകയോ, പിന്തുണ നല്‍കുകയോ ചെയ്തിട്ടുണ്ടോ? എല്‍ഡിഎഫ്, യുഡി.എഫ്, മുസ്‌ലിം ലീഗ്, ജമാഅത്തെ ഇസ്‌ലാമി, എസ്ഡിപിഐ മറ്റേതെങ്കിലും മുസ്‌ലിം സംഘടനകള്‍?

ഇല്ല. എന്നെ ഒരു രാഷ്ട്രീയ പാര്‍ട്ടികളും ബന്ധപ്പെടുകയോ, ഏതെങ്കിലും തരത്തിലുള്ള സഹായം നല്‍കാമെന്ന് അറിയിക്കുകയോ ചെയ്തിട്ടില്ല. എനിക്ക് ന്യായമായതും, നീതിയുക്തമായതുമായ സഹായമേ ആവശ്യമുള്ളൂ. മറ്റൊന്നും ഞാന്‍ പ്രതീക്ഷിക്കുന്നില്ല



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തെ അഴിമതി മുക്തമാക്കാനുള്ള ലോക്പാലിന് ആഡംബര വാഹനങ്ങൾ വേണം; 70 ലക്ഷം വിലയുള്ള ഏഴ് ബിഎംഡബ്ല്യു കാറിന് ടെൻഡർ വിളിച്ചു, വിവാദം

National
  •  35 minutes ago
No Image

ഉയർച്ച താഴ്ചകളിൽ ഒപ്പം നിന്ന ബന്ധം: തുർക്കി പ്രസിഡണ്ട് ഔദ്യോ​ഗിക സന്ദർശനത്തിനായി ഇന്ന് കുവൈത്തിലെത്തും

Kuwait
  •  42 minutes ago
No Image

ധനാനുമതി ബില്‍ വീണ്ടും പാസായില്ല; യു.എസിലെ ഷട്ട്ഡൗണ്‍ മൂന്നാമത്തെ ആഴ്ചയിലേക്ക്

International
  •  an hour ago
No Image

പി.എം.ശ്രീ പദ്ധതിയിൽ ഉടക്കി സിപിഐ; മുന്നണി യോഗം വിളിച്ച് അനുസരിപ്പിക്കാൻ സിപിഎം, യുടേണിൽ വീണ്ടും യുടേൺ അടിക്കുമോ? 

Kerala
  •  an hour ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം: തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന വയോധിക മരിച്ചു 

Kerala
  •  an hour ago
No Image

ഗുരുതര നിയമലംഘനങ്ങൾക്ക് ഡ്രൈവിങ്ങ് ലൈസൻസ് റദ്ദാക്കലും, അറസ്റ്റും ഉൾപ്പെടെ കടുത്ത ശിക്ഷ: പുതിയ ട്രാഫിക് നിയമവുമായി യുഎഇ

uae
  •  an hour ago
No Image

വർക്ക് പെർമിറ്റ് ഫീസ് ഗാർഹിക തൊഴിലാളികളിൽ നിന്ന് ഈടാക്കുന്നത് വിലക്കി സഊദി; നിയമലംഘകർക്ക് കനത്ത പിഴ

latest
  •  2 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; അറബിക്കടലിനു പിന്നാലെ ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദം; നാളെ 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്‌

Kerala
  •  2 hours ago
No Image

പിവിസി പൈപ്പ് കൊണ്ട് ക്രൂരമായി തല്ലി; അഞ്ചാം ക്ലാസ് വിദ്യാർഥിയെ വൈകീട്ടുവരെ മുറിയിൽ പൂട്ടിയിട്ടു; പ്രിൻസിപ്പലിനും അധ്യാപികയ്ക്കുമെതിരെ കേസ്

crime
  •  3 hours ago
No Image

ഈ ശൈത്യകാലത്ത് ക്യാമ്പിംഗിന് പോകാൻ പദ്ധതിയിടുന്നുണ്ടോ? ദുബൈ വിന്റർ ക്യാമ്പ് പെർമിറ്റിനുള്ള ബുക്കിംഗ് ആരംഭിച്ചു

uae
  •  3 hours ago