അമീബിക് മസ്തിഷ്‌ക ജ്വരം: തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന വയോധിക മരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പോത്തന്‍കോട് സ്വദേശിയായ 78 വയസുകാരിയാണ് മരിച്ചത്. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ് മരണം. രണ്ട് ദിവസത്തിനിടെ തലസ്ഥാനത്ത് രണ്ട് പേരാണ് അമീബിക്ക് മസ്തിഷ്‌ക ജ്വരം മൂലം മരിച്ചത്. ഇന്നലെ കുളത്തൂര്‍ സ്വദേശിയായ പതിനെട്ടു വയസുകാരി മരിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ആകെ റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ കേസുകളാണ് ഈ മാസം മാത്രം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ മാസം മാത്രം 45 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 7 പേര്‍ മരിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം 38 പേര്‍ക്കാണ് രോഗം ബാധിച്ചിരുന്നെങ്കിലും ഈ വര്‍ഷം ഇതുവരെ 133 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മരണസംഖ്യ 29 ആയി.
അമീബിക് മസ്തിഷ്‌ക ജ്വരം
അപൂര്‍വവും എന്നാല്‍ അതീവ ഗുരുതരവുമായ ഈ രോഗം തലച്ചോറിനെയാണ് ബാധിക്കുന്നത്. ജലത്തില്‍ കാണപ്പെടുന്ന നെഗ്ലേറിയ ഫൗളേറി (Naegleria fowleri) എന്ന അമീബയാണ് രോഗത്തിന്റെ പ്രധാന കാരണം.
മലിനമായ കുളങ്ങളിലോ പുഴകളിലോ കെട്ടിക്കിടക്കുന്ന വെള്ളത്തിലോ കുളിക്കുമ്പോള്‍ ഈ അമീബ മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്നു. തുടര്‍ന്ന് തലച്ചോറിലെത്തി അണുബാധയുണ്ടാക്കുന്നു. മൂക്കിനെയും മസ്തിഷ്‌കത്തെയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയിലെ സുഷിരങ്ങള്‍ വഴിയോ കര്‍ണ പടലത്തിലെ സുഷിരങ്ങള്‍ വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുന്നു. ഇത് മെനിഞ്ചോ എന്‍സെഫലൈറ്റിസ് എന്ന അവസ്ഥയ്ക്ക് കാരണമാകുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള ഈ രോഗം മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."