ബിജെപിയെ മടുത്ത് കെജരിവാളിനെ 'മിസ്' ചെയ്ത് ഡൽഹി ജനത; ദീപാവലിക്ക് പിന്നാലെ വായുനിലവാരം തകർന്നതിൽ ബിജെപി സർക്കാരിന് വിമർശനം
ന്യൂഡൽഹി: ഒക്ടോബർ 21 ന് ദീപാവലിക്ക് ശേഷം ഡൽഹിയിൽ കഴിഞ്ഞ നാല് വർഷത്തിനിടയിൽ ഉണ്ടായ ഏറ്റവും മോശം വായു നിലവാരം രേഖപ്പെടുത്തി. രാത്രിയിൽ മലിനീകരണ തോത് കുത്തനെ ഉയർന്നു. PM2.5 സാന്ദ്രത 675 ആയി ഉയർന്നു, 2021 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതോടെ ജനങ്ങൾ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ മുൻമുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ ആയിരുന്നെങ്കിൽ സ്ഥിതി മെച്ചമായിരുന്നേനെ എന്നഭിപ്രായപ്പെട്ടു.
“കെജ്‌രിവാൾ ഇപ്പോൾ മുഖ്യമന്ത്രിയായിരുന്നെങ്കിൽ ഇപ്പോഴത്തെ ഡൽഹി” എന്ന് കുറിച്ചുകൊണ്ട്, ഒരു റെഡ്ഡിറ്റ് ഉപയോക്താവ് ഡൽഹിയിൽ നിന്ന് ദൃശ്യമാകുന്ന ഹിമാലയത്തിന്റെ ഒരു AI ചിത്രം പോസ്റ്റ് ചെയ്തു.
"എനിക്ക് അദ്ദേഹത്തെ ഒരുപാട് മിസ് ചെയ്യുന്നു" എന്ന് മറ്റൊരു നെറ്റിസൺ സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഡൽഹിയിലെ വായു ഗുണനിലവാര സൂചിക (എക്യുഐ) നിയന്ത്രിക്കുന്നതിനുള്ള ആം ആദ്മി പാർട്ടിയുടെ പ്രതിരോധ നടപടികളും ബിജെപിയുടേതും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചൂണ്ടികാണിക്കുന്നു. റെഡ്ഡിറ്റ് പ്ലാറ്റഫോമിലാണ് പ്രധാനമായും ചർച്ചകൾ നടക്കുന്നതായി മിന്റ് റിപ്പോർട്ട് ചെയ്യുന്നു.
ഭൂരിഭാഗം ഉപയോക്താക്കളും ഡൽഹിയിലെ വായു ഗുണനിലവാര സൂചികയെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവെക്കുന്നുണ്ട്. "ഡൽഹിയിലെ പുകവലിക്കാത്തവർ പോലും 24/7 പാസീവ് ചെയിൻ സ്മോക്കിംഗ് ചെയ്യുകയാണിപ്പോൾ" എന്ന് ഒരാൾ കുറിച്ചു.
"നമ്മൾ ബി.ജെ.പി.യെയും എ.എ.പി.യെയും കുറിച്ച് തർക്കിക്കുമ്പോൾ ഡൽഹിയുടെ പകുതി പേർ ശ്വാസകോശ അർബുദം ബാധിച്ച് മരിക്കും" എന്ന് മറ്റൊരു യൂസർ അഭിപ്രായപ്പെട്ടു.
അതേസമയം, ദീപാവലി ആഘോഷങ്ങൾക്കു പിന്നാലെ രാജ്യതലസ്ഥാനത്തെ വായു ഗുണനിലവാരം കുത്തനെ ഇടിഞ്ഞ് വളരെ മോശം അവസ്ഥയിലെത്തി. ദീപാവലി ദിവസം രാത്രി 10 മണിക്ക് ഡൽഹിയിലെ നാല് നിരീക്ഷണ കേന്ദ്രങ്ങളിലും വായു ഗുണനിലവാര സൂചിക ഏറ്റവും അപകടകരമായ തോതായ 400ന് മുകളിൽ കടന്നിരുന്നു. വളരെ മോശം നിലയായ 347 ആയിരുന്നു ഇന്നലെ ഡൽഹിയിലെ ശരാശരി വായു ഗുണനിലവാര സൂചിക. ഡൽഹിയിലെ മിക്കയിടങ്ങളും ഇന്നലെ കനത്ത ചാരനിറത്തിലുള്ള പുകമഞ്ഞു മൂടിയ നിലയിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."