ഡിസംബര്‍ 31-നകം സ്വദേശിവല്‍ക്കരണ ലക്ഷ്യം കൈവരിക്കണം: വീഴ്ച വരുത്തിയാല്‍ കനത്ത പിഴയെന്ന് മുന്നറിയിപ്പ്; പ്രവാസികള്‍ ആശങ്കയില്‍
അബൂദബി: സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്കുള്ള സ്വദേശിവല്‍ക്കരണ (എമിറേറ്റൈസേഷന്‍) ലക്ഷ്യങ്ങള്‍ കൈവരിക്കുന്ന കാര്യത്തില്‍ കടുത്ത നിലപാടുമായി മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം (MoHRE). വരുന്ന ഡിസംബര്‍ 31-നകം നിര്‍ബന്ധിത ക്വാട്ട നിറവേറ്റാത്ത കമ്പനികള്‍ സാമ്പത്തിക പിഴകളും നിയമനടപടികളും നേരിടേണ്ടിവരുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഈ വര്‍ഷം അവസാനിക്കാന്‍ ഇരിക്കെ, വൈദഗ്ധ്യമുള്ള തസ്തികകളിലേക്ക് ഇമാറാത്തി പൗരന്മാരെ നിയമിക്കാനുള്ള ശ്രമങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ സ്വകാര്യ സ്ഥാപനങ്ങളോട് MoHRE ആവശ്യപ്പെട്ടു.
എമിറേറ്റൈസേഷന്‍ ചട്ടങ്ങള്‍ക്ക് വിധേയമായ കമ്പനികള്‍ 2025-ലെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.
50-ഉം അതില്‍ കൂടുതലും ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ വര്‍ഷാവസാനത്തിന് മുമ്പ് വൈദഗ്ധ്യമുള്ള തസ്തികകളിലെ ഇമാറാത്തി ജീവനക്കാരുടെ എണ്ണം പ്രതിവര്‍ഷം 2 ശതമാനം വര്‍ദ്ധിപ്പിക്കണം. 20 മുതല്‍ 49 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ 2026 ജനുവരി 1-ന് മുമ്പ് കുറഞ്ഞത് ഒരു ഇമാറാത്തി പൗരനെയെങ്കിലും നിയമിക്കുകയും നിലനിര്‍ത്തുകയും ചെയ്യണം.
മേല്‍പ്പറഞ്ഞ ലക്ഷ്യം കൈവരിക്കാത്ത സ്ഥാപനങ്ങള്‍ 2026 ജനുവരി 1 മുതല്‍ നിശ്ചിത സാമ്പത്തിക സംഭാവനകള്‍ (പിഴകള്‍) നല്‍കേണ്ടിവരുമെന്ന് MoHRE വ്യക്തമാക്കി. പിഴ കൂടാതെ, കമ്പനി വര്‍ഗ്ഗീകരണം തരംതാഴ്ത്തല്‍, മറ്റ് നിയമപരമായ പ്രത്യാഘാതങ്ങള്‍ എന്നിവയും നേരിടേണ്ടിവരും.
ഇമാറാത്തി തൊഴിലന്വേഷകരുമായി ബന്ധപ്പെടുന്നതിനും സ്വദേശിവല്‍ക്കരണ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനും നഫിസ് (Nafis) പോലുള്ള പ്ലാറ്റ്ഫോമുകള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ സ്ഥാപനങ്ങളോട് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
വ്യാജ സ്വദേശിവല്‍ക്കരണത്തിനെതിരെ ജാഗ്രത
സ്വദേശിവല്‍ക്കരണ നിയമങ്ങള്‍ പാലിക്കുന്നതില്‍ സ്വകാര്യമേഖല നല്‍കിയ സംഭാവനകളെ മന്ത്രാലയം അഭിനന്ദിച്ചെങ്കിലും, നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പ് നല്‍കി.
നിയമപരമായ ആവശ്യകതകള്‍ ഒഴിവാക്കാനായി മാത്രം ഇമാറാത്തി പൗരന്മാരെ നിയമിക്കുകയും മതിയായ ജോലി നല്‍കാന്‍ തയ്യാറാകാതിരിക്കുകയും ചെയ്യുന്ന 'വ്യാജ എമിറേറ്റൈസേഷന്‍' കേസുകള്‍ കണ്ടെത്താന്‍ മന്ത്രാലയം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) അടിസ്ഥാനമാക്കിയുള്ള നിരീക്ഷണ സംവിധാനങ്ങള്‍ വിപുലീകരിച്ചിട്ടുണ്ട്. 2025-ന്റെ ആദ്യ പകുതിയില്‍ മാത്രം 405 'വ്യാജ എമിറേറ്റൈസേഷന്‍' കേസുകളാണ് മന്ത്രാലയം കണ്ടെത്തിയത്.
നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, ഔദ്യോഗിക കോള്‍ സെന്റര്‍, ഡിജിറ്റല്‍ ആപ്പ് അല്ലെങ്കില്‍ വെബ്സൈറ്റ് വഴി രഹസ്യാത്മകമായി റിപ്പോര്‍ട്ട് ചെയ്യണമെന്ന് മന്ത്രാലയം ഇമാറാത്തി പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു. സ്വദേശിവല്‍ക്കരണ ലക്ഷ്യങ്ങള്‍ മറികടക്കുന്ന കമ്പനികള്‍ക്ക് MoHRE ആകര്‍ഷകമായ ആനുകൂല്യങ്ങളും അധികൃതര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വദേശിവല്‍ക്കരണ ലക്ഷ്യങ്ങള്‍ മറികടക്കുന്ന കമ്പനികള്‍ക്ക് നഫീസ് പ്രോഗ്രാം, എമിറേറ്റൈസേഷന്‍ പാര്‍ട്‌ണേഴ്സ് ക്ലബ് തുടങ്ങിയ പദ്ധതികളില്‍ അംഗത്വവും മന്ത്രാലയം മുഖേനയുള്ള സേവനങ്ങളിലെ ഫീസില്‍ 80 ശതമാനം വരെ ഇളവും ലഭിക്കും.
സ്വകാര്യമേഖലയിലെ ഇമാറാത്തി ജീവനക്കാര്‍
2025 ജൂണ്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം, യുഎഇയിലെ 29,000 കമ്പനികളിലായി ജോലി ചെയ്യുന്ന ഇമാറാത്തി പൗരന്മാരുടെ എണ്ണം 152,000 കവിഞ്ഞു. ബിസിനസ് സേവനങ്ങള്‍, സാമ്പത്തിക ഇടനില, വ്യാപാരം, നിര്‍മ്മാണം തുടങ്ങിയ ആറ് പ്രധാന സാമ്പത്തിക മേഖലകളിലാണ് ഇവര്‍ പ്രധാനമായും ജോലി ചെയ്യുന്നത്.
അതേസമയം സ്വദേശിവല്‍ക്കരണം ശക്തിയാര്‍ജ്ജിക്കുമ്പോള്‍ തങ്ങളുടെ തൊഴില്‍ നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് പ്രവാസികളില്‍ പലരും. കേരളത്തില്‍ നിന്നുള്ള ഭൂരിഭാഗം വരുന്ന പ്രവാസി മലയാളികളും യുഎഇയിലെ സ്വകാര്യ മേഖലയിലാണ് ജോലി ചെയ്യുന്നത്.
mohre pressures uae private sector to meet 2% emiratesation goals. failure means financial penalties, raising job loss concerns for expat professionals.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."