ലോകകപ്പ് ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യയിറങ്ങുന്നു; എതിരാളികൾ കങ്കാരുപ്പട
പൂനെ: വനിത ലോകകപ്പില്‍ ഇന്ന് ക്രിക്കറ്റ്‌പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ബ്ലോക്ബസ്റ്റര്‍ സെമി ഫൈനല്‍. ഇന്ത്യ കരുത്തരായ ആസ്‌ത്രേലിയയെയാണ് നേരിടുന്നത്. ടൂര്‍ണമെന്റില്‍ ഇന്ത്യയെ അനായാസം തോല്‍പ്പിച്ച ഏക ടീമാണ് ആസ്‌ത്രേലിയ. അപരാജിതരായിട്ടാണ് അവരുടെ മുന്നേറ്റം. മറുവശത്ത് ഇന്ത്യ തുടരെ മൂന്ന് മത്സരങ്ങള്‍ തോറ്റ് സമ്മര്‍ദത്തിലായെങ്കിലും ന്യൂസിലന്റിനെ വീഴ്ത്തി സെമി ഉറപ്പിക്കുകയായിരുന്നു. ഇന്ത്യയുടെ സെമി പ്രവേശത്തില്‍ ഭാഗ്യത്തിന്റെ അകടമ്പടി കൂടിയുണ്ട്.
ഇപ്പോഴത്തെ ആസ്‌ത്രേലിയന്‍ ടീമിനെതിരേ ഇന്ത്യയുടെ സാധ്യതകള്‍ കുറവാണെന്ന് പരിശോധിച്ചാല്‍ വ്യക്തമാണ്. പക്ഷേ കളിക്കളത്തില്‍ അത്ഭുതം കാണിക്കാന്‍ ശേഷിയുള്ളവര്‍ ടീമിലുണ്ട്. അതിലാണ് ഇന്ത്യയുടെ പ്രതീക്ഷ. എട്ടുവര്‍ഷം മുമ്പ് ഹര്‍മാന്‍പ്രീത് കൗര്‍ 115 പന്തില്‍ 171 റണ്‍സടിച്ച് ആസ്‌ത്രേലിയയെ ഞെട്ടിച്ചിരുന്നു. അന്ന് ആസ്‌ത്രേലിയയുടെ അപ്രമാദിത്വത്തെ ആണ് ഹര്‍മാന്‍ തകര്‍ത്തത്. അത്തരമൊരു പ്രകടനമാണ് ഇന്ത്യ ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. കങ്കാരുക്കളെ വീഴ്ത്തിയാല്‍ കാത്തിരിക്കുന്നത് ലോകകിരീടമാണെന്ന് ഇന്ത്യക്ക് അറിയാം. ഏഴുതവണ ചാംപ്യന്മാരായ ടീമിനെ വീഴ്ത്തുന്നത് അത്ര എളുപ്പവുമല്ല.
ഇന്ത്യക്ക് സ്ഥിരതയില്ലായ്മയാണ് ഏറ്റവും വലിയ വെല്ലുവിളി. പ്രതിക റാവല്‍ പരുക്ക് കാരണം പുറത്തായത് ഇന്ത്യക്കേറ്റ വലിയ തിരിച്ചടിയാണ്. എന്നാല്‍ ഷഫാലി വര്‍മയുടെ വരവ് ബിഗ് ഹിറ്റിങ്ങില്‍ ഇന്ത്യയെ സഹായിക്കും. ഹര്‍ലീന്‍ ഡിയോള്‍, ഷഫാലി, ഇവരിലൊരാള്‍ ഓപ്പണിങ് സ്ഥാനത്തെത്തും. ഹര്‍ലീന്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് 169 റണ്‍സടിച്ചിട്ടുണ്ട്. ക്രീപരുക്കേറ്റ റിച്ച ഘോഷ് ഇന്ത്യക്കായി കളിക്കുമെന്നാണ് വിവരം. താരം കഴിഞ്ഞ ദിവസം ടീമിനൊപ്പം പരിശീലനം നടത്തിയിരുന്നു. സ്മൃതി മന്ഥന, ഹര്‍മന്‍പ്രീത്, ജമീമ റോഡ്രിഗസ് എന്നിവര്‍ ചേരുന്ന ബാറ്റിങ് നിരയ്ക്ക് അനുയോജ്യമായ പിച്ചാണ് പൂനെയിലേത്. റണ്ണൊഴുകുന്ന പിച്ചില്‍ അധിക ബൗളറെ ഇന്ത്യ ഉപയോഗിക്കുമോ എന്ന് കണ്ടറിയണം. സ്പിന്നര്‍മാരില്‍ രാധാ യാദവിനെ ഇന്ത്യ നിലനിര്‍ത്തും. സ്‌നേഹ് റാണ റണ്‍സ് ധാരാളം വഴങ്ങുന്നതും വിക്കറ്റ് ലഭിക്കാത്തതും തിരിച്ചടിയാണ്.
അതേസമയം ആസ്‌ത്രേലിയക്ക് ഫോമില്ലാത്ത ഒരു വിഭാഗവുമില്ല. അലീസ ഹീലിയാണ് അവരുടെ കരുത്ത്. ബെഥ് മൂണിയും ഫോമിലാണ്. ഹീലി പരുക്ക് മാറിയെത്തുന്നത് ഓസീസിനെ കൂടുതല്‍ അപകടകാരികളാക്കും. ഫീബി ലിച്ച്ഫീല്‍ഡ് മികവുയര്‍ത്താനാവും ഈ മത്സരത്തില്‍ ശ്രമിക്കുക. ആഷ്‌ലി ഗാര്‍ഡ്‌നര്‍, അനബെല്‍ സതര്‍ലാന്റ്, അലന കിങ്, എന്നിവര്‍ മികവോടെ കളിക്കുന്നതിനാല്‍ ആസ്‌ത്രേലിയ ജയം അനായാസം നേടുന്നുണ്ട്. അലന കിങ് ഇതുവരെ 13 വിക്കറ്റുകളാണ് വീഴ്ത്തിയത്. ഗാര്‍ഡ്‌നര്‍ 265 റണ്‍സും 7 വിക്കറ്റുകളും വീഴ്ത്തി. സതര്‍ലാന്റാണെങ്കില്‍ 15 വിക്കറ്റുകളും അതോടൊപ്പം 114 റണ്‍സും സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഓസീസിന്റെ വമ്പന്‍ താരങ്ങളെ നേരത്തെ പുറത്താക്കാനായാല്‍ ഇന്ത്യക്ക് മത്സരത്തില്‍ വിജയസാധ്യത ശക്തമാക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."