സ്പിൻ കെണിയിൽ വീഴ്ത്തി; ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം, പരമ്പരയിൽ 2-1ന് മുന്നിൽ
കാൻബെറ: ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടി20യിൽ ഇന്ത്യയ്ക്ക് 48 റൺസിന്റെ തകർപ്പൻ ജയം. ഇന്ത്യൻ സ്പിന്നർമാർ ഓസ്‌ട്രേലിയൻ ബാറ്റിംഗ് നിരയെ എറിഞ്ഞിട്ടതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 2-1 ന്റെ നിർണ്ണായക ലീഡ് സ്വന്തമാക്കി.
കാരറ ഓവലിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, ശുഭ്മാൻ ഗില്ലിന്റെ (46) മികച്ച പ്രകടനത്തിന്റെ പിൻബലത്തിലാണ് 8 വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തത്. ഓസ്‌ട്രേലിയക്കായി നഥാൻ എല്ലിസും ആദം സാംപയും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി.
ഓസ്ട്രേലിയ 119-ന് ഓൾ ഔട്ട്
168 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്‌ട്രേലിയക്ക് ഇന്ത്യൻ സ്പിന്നർമാർക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. കൃത്യതയാർന്ന ബൗളിംഗ് പ്രകടനത്തിലൂടെ ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻമാരെ ഇന്ത്യ വരിഞ്ഞുമുറുക്കി. 18.2 ഓവറിൽ വെറും 119 റൺസിന് ഓസ്‌ട്രേലിയ ഓൾ ഔട്ടായി.
ഇന്ത്യൻ സ്പിന്നർമാരാണ് വിജയത്തിൽ നിർണ്ണായക പങ്ക് വഹിച്ചത്. വാഷിംഗ്ടൺ സുന്ദർ 1.2 ഓവറിൽ വെറും 3 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തി. അക്‌സർ പട്ടേലും ശിവം ദുബൈയും 2 വിക്കറ്റുകൾ വീതം നേടി. കേവലം 28 റൺസിനിടെയാണ് ഓസ്ട്രേലിയയ്ക്ക് അവസാന ഏഴ് വിക്കറ്റുകൾ നഷ്ടമായത്. 30 റൺസെടുത്ത ക്യാപ്റ്റൻ മിച്ചൽ മാർഷ് ആണ് ഓസ്‌ട്രേലിയയുടെ ടോപ് സ്കോറർ.
പരമ്പരയിൽ 2-1 ന് മുന്നിലെത്തിയതോടെ ഇന്ത്യ തോൽക്കില്ലെന്ന് ഉറപ്പായി. പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ശനിയാഴ്ച ബ്രിസ്‌ബേനിൽ നടക്കും.
team india delivered a dominant spin performance to outclass australia, securing a thumping win and taking a 2-1 lead in the series.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."