മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടം; ശ്രീനിവാസനെ അനുസ്മരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: അന്തരിച്ച നടന്‍ ശ്രീനിവാസനെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണ് ശ്രീനിവാസന്റെ വേര്‍പാടെന്ന് മുഖ്യമന്ത്രി അനുസ്മരണക്കുറിപ്പില്‍ പറഞ്ഞു. മലയാള സിനിമകളിലെ പല മാമൂലുകളും ശ്രീനിവാസന്‍ തകര്‍ത്തു. കടുത്ത വിയോജിപ്പുള്ളവരും ശ്രീനിവാസനിലെ പ്രതിഭയെ ആദരിച്ചു. തന്റെ സാമൂഹ്യ കാഴ്ചപ്പാടുകളെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നതില്‍ വിജയിച്ച ചലച്ചിത്രകാരന്‍ കൂടിയാണ് ശ്രീനിവാസനെന്നും ശ്രീനിയുടെ സിനിമകളിലെ കഥാപാത്രങ്ങള്‍ മലയാളിയുടെ മനസ്സില്‍ എക്കാലവും മായാതെ നില്‍ക്കുമെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ അനുശോചന സന്ദേശം:
മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണ് ശ്രീനിവാസന്റെ വേര്‍പാടെന്ന് മുഖ്യമന്ത്രി. ചലച്ചിത്രത്തിന്റെ സമസ്ത രംഗങ്ങളിലും നായക സ്ഥാനത്ത് എത്തിയ പ്രതിഭയാണ് മറയുന്നത്. പച്ച മനുഷ്യന്റെ ജീവിതം വെള്ളിത്തിരയില്‍ എത്തിക്കുന്നതിലും ചിരിയിലൂടെയും ചിന്തയിലൂടെയും പ്രേക്ഷകനെ താന്‍ ഇച്ഛിക്കുന്ന ബോധ തലങ്ങളിലേക്ക് എത്തിക്കുന്നതിലും ഇതുപോലെ വിജയിച്ച ചലച്ചിത്രകാരന്മാര്‍ വേറെ അധികമില്ല. സിനിമയില്‍ നിലനിന്നു പോന്ന പല മാമൂലുകളെയും തകര്‍ത്തുകൊണ്ടാണ് ശ്രീനിവാസന്‍ ചുവടുവെച്ചത്. താന്‍ പ്രകാശിപ്പിക്കുന്ന ആശയം കടുത്ത വിമര്‍ശനത്തിന് വിധേയമാകുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ സരസമായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കടുത്ത വിയോജിപ്പുള്ളവരും ശ്രീനിവാസനിലെ പ്രതിഭയെ ആദരിച്ചു.
മലയാള ചലച്ചിത്ര രംഗത്തെ ആസ്വാദന തലത്തെ ഭാവാത്മകമാവിധം മാറ്റുന്നതിന് ശ്രീനിവാസന്‍ പ്രയത്‌നിച്ചു. തന്റെ സാമൂഹ്യ കാഴ്ചപ്പാടുകളെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നതില്‍ വിജയിച്ച ചലച്ചിത്രകാരന്‍ കൂടിയാണ് ശ്രീനിവാസന്‍. കഥ, തിരക്കഥ, സംവിധാനം തുടങ്ങി അഭിനയം വരെയുള്ള മേഖലകളിലായി വ്യാപരിക്കുകയും പ്രവര്‍ത്തിച്ച മേഖലകളിലെല്ലാം അസാധാരണമാംവിധം സ്വന്തം വ്യക്തിത്വം സ്ഥാപിച്ചെടുക്കുകയും ചെയ്തു ശ്രീനിവാസന്‍. അദ്ദേഹത്തിന്റെ ഒട്ടേറെ സിനിമകളിലെ കഥാപാത്രങ്ങള്‍ മലയാളിയുടെ മനസ്സില്‍ എക്കാലവും മായാതെ നില്‍ക്കും.
എന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായി കൂടി ഒരു നഷ്ടമാണ് ശ്രീനിവാസന്റെ വിയോഗം ഉണ്ടാക്കുന്നത്. ഒരു അഭിമുഖത്തിനായി ഞങ്ങള്‍ ഒരുമിച്ചിരുന്നതും നര്‍മ്മമധുരമായ സംഭാഷണങ്ങളിലൂടെ അദ്ദേഹം മനസ്സില്‍ സ്ഥാനം ഉറപ്പിച്ചതും ഓര്‍മിക്കുന്നു. വ്യക്തിപരമായി ഹൃദ്യമായ അടുപ്പം സൂക്ഷിച്ചിരുന്ന ശ്രീനിവാസന്‍ സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകം കൂടിയായി അനുഭവപ്പെട്ടിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ പാട്യത്ത് ജനിച്ചുവളര്‍ന്ന് സിനിമയോടുള്ള അഭിനിവേശം സ്വപ്രയത്‌നത്തിലൂടെ പ്രായോഗിക തലത്തില്‍ എത്തിച്ച ശ്രീനിവാസന്റെ ജീവിതം പരിശ്രമശാലികള്‍ക്കുള്ള പാഠപുസ്തകമാണ്.
Chief Minister Pinarayi Vijayan paid tribute to late actor and filmmaker Sreenivasan, describing his demise as an irreparable loss to Malayalam cinema. In his condolence message, the Chief Minister said Sreenivasan was a rare talent who excelled across all facets of cinema, including acting, screenplay, direction, and storytelling. He noted that Sreenivasan broke several long-standing conventions in Malayalam films and successfully presented strong social perspectives through satire and humor.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."