വന്ദേഭാരത് ഉദ്ഘാടനത്തിനിടെ വിദ്യാര്‍ഥികളെക്കൊണ്ട് ഗണഗീതം പാടിപ്പിച്ചു; വീഡിയോ പങ്കുവെച്ച് ദക്ഷിണ റെയില്‍വേ
കൊച്ചി: എറണാകുളം- കെ.എസ്.ആര്‍ ബംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ ഉദ്ഘാടന സ്‌പെഷല്‍ ട്രെയിന്‍ യാത്രയ്ക്കിടെ ഗണഗീതവും. ഉദ്ഘാടന ചടങ്ങിനിടെ വിദ്യാര്‍ഥികള്‍ ആര്‍.എസ്.എസിന്റെ ഗണഗീതം ചൊല്ലുന്ന ദൃശ്യങ്ങള്‍ ദക്ഷിണ റെയില്‍വേ പങ്കുവെച്ചു. ആദ്യയാത്രയില്‍ പങ്കെടുത്ത വിദ്യാര്‍ഥികളാണ് ഗണഗീതം പാടിയത്.
'എറണാകുളം-കെ.എസ്.ആര്‍ ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് ഉദ്ഘാടനത്തില്‍ സന്തോഷത്തിന്റെ ഈണം. ഈ നിമിഷത്തിന്റെ ചൈതന്യം ആഘോഷിക്കുന്നതിന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ദേശഭക്തി ഗാനം പാടി'- എന്ന ക്യാപ്ഷനോടെയാണ് റെയില്‍വേ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഇന്ന് രാവിലെ എട്ട് മണിയോടെയാണ് എറണാകുളം -ബെംഗളൂരു വന്ദേഭാരത് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫഌഗ് ഓഫ് ചെയ്തത്. ഓണ്‍ലൈനായാണ് ഫഌഗ് ഓഫ് നിര്‍വഹിച്ചത്. ചടങ്ങിനായി എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ പ്രത്യേക വേദി സജ്ജമാക്കിയിരുന്നു. എറണാകുളം ബെംഗളൂരു കൂടാതെ, ബനാറസ് ഖജുരാഹൊ, ലക്‌നൌ, ഫിറോസ്പൂര്‍ ദില്ലി ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫ് കര്‍മ്മവും മോദി നിര്‍വഹിച്ചു.
എറണാകുളം-ബെംഗളൂരു റൂട്ടിലോടുന്ന വന്ദേഭാരതിന്റെ ട്രയല്‍ റണ്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. എറണാകുളം സൗത്ത് സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട് വൈകിട്ട് ബെംഗളൂരുവില്‍ എത്തിച്ചേരും. എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, പാലക്കാട്, പൊദന്നൂര്‍, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ടൈ, കൃഷ്ണരാജപുരം, കെഎസ്ആര്‍ ബെംഗളൂരു എന്നിങ്ങനെ ആകെ 11 സ്റ്റേഷനുകളാണ് നിശ്ചയിച്ചിട്ടുള്ളത്. 9 മണിക്കൂര്‍ കൊണ്ട് 608 കിലോമീറ്റര്‍ പിന്നിടും. കൊച്ചിയില്‍ നിന്ന് ഉച്ചയ്ക്ക് പുറപ്പെടുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 2.20ന് എറണാകുളത്തു നിന്ന് പുറപ്പെട്ട് രാത്രി 11 മണിക്ക് ബെംഗളൂരു സിറ്റിയിലെത്തുമെന്നാണ് അറിയിപ്പ്. ബെംഗളൂരുവില്‍ നിന്ന് പുലര്‍ച്ചെ 5.10ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50ന് എറണാകുളത്തുമെത്തും.
English Summary: During the inauguration journey of the Ernakulam–KSR Bengaluru Vande Bharat Express, students sang the Ganageetham, a song associated with the RSS. The Southern Railway shared a video of the performance on its official social media, captioned: “A tune of joy at the inauguration of the Ernakulam–KSR Bengaluru Vande Bharat Express. School students sang a patriotic song to celebrate the moment.”
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."