കൈക്കൂലി 'ജി-പേ' വഴി: ഭൂമി തരംമാറ്റാൻ 4.59 ലക്ഷം; റവന്യൂ ഓഫീസുകളിലെ അഴിമതിയിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ
തിരുവനന്തപുരം: സംസ്ഥാനത്തെ റവന്യൂ ഓഫീസുകളിൽ വിജിലൻസ് നടത്തിയ 'ഓപ്പറേഷൻ ഹരിതകവചം' പരിശോധനയിൽ, ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട വൻ ക്രമക്കേടുകളും ഉദ്യോഗസ്ഥരുടെ പണമിടപാടുകളും പുറത്ത്. നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമം ലംഘിച്ച് ഉദ്യോഗസ്ഥർ വ്യാപകമായി കൈക്കൂലി വാങ്ങിയതായി കണ്ടെത്തി.ഇടനിലക്കാരുമായി ബന്ധമുള്ളതായി സംശയിക്കുന്ന ഉദ്യോഗസ്ഥരുടെയും ബന്ധുക്കളുടെയും പണമിടപാടുകൾ വിജിലൻസ് വിശദമായി പരിശോധിച്ചുവരികയാണ്.
പ്രധാന കണ്ടെത്തലുകൾ
ജി-പേ ഇടപാടുകൾ: മൂവാറ്റുപുഴ റവന്യൂ ഡിവിഷണൽ ഓഫീസിലെ (ആർ.ഡി.ഒ) ഒരു ഉദ്യോഗസ്ഥൻ ഭൂമി തരംമാറ്റൽ ഏജൻസിയിൽനിന്ന് 4,59,000 രൂപ ഗൂഗിൾ പേ (ജി-പേ) വഴി കൈപ്പറ്റിയതായി കണ്ടെത്തി. ഇതേ ഓഫീസിലെ മറ്റൊരു ഉദ്യോഗസ്ഥൻ്റെ 1,69,000 രൂപയുടെ ജി-പേ ഇടപാടിലും വിജിലൻസിന് സംശയമുണ്ട്.നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകൾ ലംഘിച്ച്, തണ്ണീർത്തടങ്ങളും നെൽവയലുകളും ഡേറ്റാബാങ്കിൽ നിന്ന് വ്യാപകമായി ഒഴിവാക്കുന്നുവെന്ന പരാതിയെ തുടർന്നാണ് വിജിലൻസ് ഈ പരിശോധന നടത്തിയത്.
മറ്റ് ക്രമക്കേടുകൾ
മലപ്പുറത്ത് ഡേറ്റാ ബാങ്കിൽനിന്ന് ഒഴിവാക്കുന്നതിനുള്ള അപേക്ഷ ആദ്യം നിരാകരിക്കുകയും, പിന്നീട് വസ്‌തു മറ്റൊരാളുടെ പേരിൽ രജിസ്റ്റർ ചെയ്ത് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തരംമാറ്റൽ ഉത്തരവ് നേടിയെടുക്കുകയും ചെയ്തതായി കണ്ടെത്തി. തളിപ്പറമ്പ് ആർ.ഡി.ഒ. ഓഫീസിൽ, കൃഷി ഓഫീസറുടെ റിപ്പോർട്ട് പോലും ഇല്ലാതെ ഡേറ്റാബാങ്കിൽ ഉൾപ്പെട്ട ഭൂമി ഒഴിവാക്കി നൽകി.പല ജില്ലകളിലും ഭൂമി തരംമാറ്റൽ അപേക്ഷകൾ വർഷങ്ങളായി തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നതായും പരിശോധനയിൽ തെളിഞ്ഞു.
സംശയമുള്ള കേസുകളിൽ റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമെൻ്റ് സെൻ്ററിൽനിന്ന് ഉപഗ്രഹചിത്രം ഉൾപ്പെടെ ശേഖരിച്ച് കൂടുതൽ ശാസ്ത്രീയമായ പരിശോധനകൾ നടത്താനാണ് വിജിലൻസിൻ്റെ തീരുമാനം. ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."