'നായകള്‍ക്കും മുസ്ലിംകള്‍ക്കും പ്രവേശനമില്ല' ഡല്‍ഹി സ്‌ഫോടനത്തിന് പിന്നാലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഹോസ്റ്റലില്‍ വിദ്വേഷ ചുവരെഴുത്തുകള്‍
കൊല്‍ക്കത്ത: രാജ്യത്തെ നടുക്കിയ ഡല്‍ഹി സ്ഫോടനത്തിന്റെ ചുവട് പിടിച്ച് പതിവ് പോലെ മുസ്‌ലിം വിദ്വേഷ പ്രചാരണവും ശക്തമായിരിക്കുകയാണ്. കൊല്‍ക്കത്തയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ.എസ്.ഐ) ക്യാംപസില്‍ മുസ്ലിംവിരുദ്ധ ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടതാണ് അതില്‍ ഒടുവിലത്തേത്. 'നായകള്‍ക്കും മുസ്ലിംകള്‍ക്കും പ്രവേശനമില്ല' എന്ന ഗ്രാഫിറ്റികളാണ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ചുവരുകളില്‍ പ്രത്യക്ഷപ്പെട്ടത്.
നവംബര്‍ 11 ചൊവ്വാഴ്ച രാവിലെയാണ് ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികളുടെ ഹോസ്റ്റലിന്റെ പ്രധാന പ്രവേശന കവാടത്തിന്റെ ഇരുവശത്തും ചുവരെഴുത്തുകള്‍ കണ്ടത്.
രാജ്യത്തെ പ്രമുഖ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ ഒന്നാണ് 1931ല്‍ കൊല്‍ക്കത്തയില്‍ പ്രഫസര്‍ പ്രശാന്ത ചന്ദ്ര മഹലനോബിസ് സ്ഥാപിച്ച ഐ.എസ്.ഐ . 1959 മുതല്‍ ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളില്‍ ഒന്നുമായി ഇത്. ഡല്‍ഹി, ബംഗളൂരു, ചെന്നൈ, തേസ്പൂര്‍ എന്നിവിടങ്ങളില്‍ ഐ.എസ്.ഐക്ക് ശാഖകളുണ്ട്.

ഹോസ്റ്റല്‍ പ്രവേശന കവാടത്തിന്റെ ഒരു വശത്ത് 'നായകള്‍ക്ക് പ്രവേശനമില്ല' എന്ന് കറുത്ത നിറത്തില്‍ എഴുതിയത് വര്‍ഷങ്ങളായി ഉണ്ട്. അതിന് മുകളില്‍ ആരോ വെളുത്ത ചോക്ക് ഉപയോഗിച്ച് 'മുസ്‌ലിംകള്‍' എന്ന് കൂടി കൂട്ടിച്ചേര്‍ക്കുകയാണ് ചെയ്തിരിക്കുന്നത്. 'മുസ്‌ലിംകളും നായയും പരിസരത്ത് പ്രവേശിക്കാന്‍ പാടില്ല' എന്ന് വായിക്കുന്ന വിധത്തിലാണ് ഇപ്പോള്‍ എഴുത്ത്. മറുവശത്ത് 'മുസ്‌ലിംകളെ അനുവദിക്കില്ല' നോ മുസ്‌ലിം എന്നും എഴുതിയിരിക്കുന്നു.
ഹോസ്റ്റലിന്റെ രണ്ടാം നിലയില്‍ സൂക്ഷിച്ചിരുന്ന ഒരു ചവറ്റുകൊട്ടയില്‍ 'മുസ്‌ലിംകള്‍ക്കുള്ള ഏക സ്ഥലം' എന്നും എഴുതിയിട്ടുണ്ട്. ഇതിനും പുറമേ ഹോസ്റ്റലിന്റെ ഈസ്റ്റ് വിങ് സ്‌റ്റെയര്‍കേസിന്റെ കൈവരിയിലും 'നോ ഡോഗ്‌സ് നോ മുസ്‌ലിംസ്' എന്ന് എഴുതിയിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെ 6.30നും 7.30നും ഇടയിലാണ് ഈ എഴുത്തുകുത്ത് പണികള്‍ നടത്തിയതെന്നാണ് ഹോസ്റ്റല്‍നിവാസികള്‍ പറയുന്നത്. രാത്രി വൈകുവോളം തങ്ങള്‍ പഠിച്ചിരുന്നുവെന്നും അപ്പോഴൊന്നും ഇത് കണ്ടില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ചായകുടിക്കാനായി രാവിലെ 6.30 സമയത്ത് പുറത്ത് പോയപ്പോഴാണ് ഇത് ശ്രദ്ധയില്‍ പെടുന്നത്. സംഭവത്തെ കോളജ് അധികൃതര്‍ അപലപിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും നടപടിയെടുക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.
നവംബര്‍ 10ന് വൈകുന്നേരം 6.50 ഓടെ ഡല്‍ഹിയിലെ ചെങ്കോട്ടക്ക് സമീപം സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഒരു കാര്‍ പൊട്ടിത്തെറിക്കുന്നത്. സംഭവത്തില്‍ എട്ടു പേര്‍ തല്‍ക്ഷണം മരിച്ചു. അഞ്ച് പേര്‍ പിന്നീടും മരണത്തിന് കീഴടങ്ങി. ബോംബ് സ്‌ഫോടനത്തില്‍ കാറോടിച്ചത് ഡോക്ടര്‍ ഉമര്‍ മുഹമ്മദാണെന്ന് എന്‍.ഐ.എ സ്ഥിരീകരിച്ചിരുന്നു. ഡി.എന്‍.എ ടെസ്റ്റിലാണ് സ്ഥിരീകരിച്ചത്. ആക്രമണത്തിന്റെ സൂത്രധാരന്‍ ഇയാളൊണെന്നാണ് അന്വേഷണ സംഘം പറയുന്നത്.
hate messages like 'no entry for dogs and muslims' were found on the walls of the indian statistical institute hostel in delhi following the blast incident. police have launched an investigation into the communal graffiti.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."