തിരുവനന്തപുരം കോർപ്പറേഷനിൽ സിപിഐഎം-ബിജെപി ഒത്തുകളിയെന്ന് ആരോപണം: പിന്നാലെ അംഗത്തെ പുറത്താക്കി സിപിഐഎം
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ സിപിഐഎം-ബിജെപി 'ഡീൽ' ഉണ്ടെന്ന ഗുരുതര ആരോപണം ഉന്നയിച്ച ചെമ്പഴന്തി ലോക്കൽ കമ്മിറ്റി അംഗം ആനി അശോകനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി സിപിഐഎം. ചെമ്പഴന്തി ലോക്കൽ കമ്മിറ്റി യോഗത്തിലാണ് ആനി അശോകനെതിരെ സിപിഐഎം അച്ചടക്ക നടപടിയെടുത്തത്. തുടർ നടപടികൾ ജില്ലാ കമ്മിറ്റി സ്വീകരിക്കും.
മുൻ മന്ത്രിയും കഴക്കൂട്ടം എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രനെതിരെയായിരുന്നു ആനി അശോകൻ രൂക്ഷ വിമർശനവും ആരോപണങ്ങളും ഉന്നയിച്ചത്. മാധ്യമപ്രവർത്തകരോടുള്ള പ്രതികരണമാണ് വിവാദമായതും പാർട്ടിയുടെ നടപടിക്ക് കാരണമായതും.
തിരുവനന്തപുരം കോർപ്പറേഷനിൽ സിപിഐഎം-ബിജെപി ഡീൽ ഉണ്ട്. ഇതിന് പിന്നിൽ കടകംപള്ളി സുരേന്ദ്രനാണ്, കോർപ്പറേഷനിൽ ബിജെപിക്ക് വോട്ട് മറിക്കാൻ ധാരണയുണ്ട് ഇതിന് പ്രത്യുപകാരമായി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി കടകംപള്ളിക്ക് വോട്ട് നൽകും.
കോർപ്പറേഷനിലേക്കുള്ള സിപിഐഎമ്മിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം തന്നെ ബിജെപിക്ക് വോട്ട് മറിയാൻ ലക്ഷ്യംവെച്ചുള്ളതാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ കടകംപള്ളി സുരേന്ദ്രന് സീറ്റ് ഉറപ്പിക്കാനാണ് നീക്കം. കഴക്കൂട്ടം നിയോജക മണ്ഡലത്തിൽ കടകംപള്ളി സുരേന്ദ്രന്റെ ഏകാധിപത്യമാണ്. അതിന്റെ ഭാഗമായാണ് കോർപ്പറേഷനിലേക്കുള്ള സ്ഥാനാർഥി നിർണ്ണയം. കോർപ്പറേഷൻ തെരെഞ്ഞെടുപ്പ് അടുത്ത് നടക്കാനിരിക്കെയാണ് ഗുരുതര ആരോപണങ്ങളുമായി ആനി അശോകൻ പാർട്ടികളെ വെട്ടിലാക്കികൊണ്ട് എത്തിയിരിക്കുന്നത്.
കഴിഞ്ഞ തവണയും ചെമ്പഴന്തി, ചെല്ലമംഗലം വാർഡുകളിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ പാർട്ടിക്കുള്ളിൽ എതിർപ്പുണ്ടായിരുന്നെന്നും, പാർട്ടിക്കാർ തന്നെയാണ് ചിലരെ തോൽപ്പിച്ചതെന്നും ആനി അശോകൻ ആരോപിച്ചിരുന്നു. ഗുരുതരമായ ഈ ആരോപണങ്ങൾ പാർട്ടി അച്ചടക്കത്തിന് വിരുദ്ധമാണെന്ന് വിലയിരുത്തിയാണ് ആനി അശോകനെ പുറത്താക്കാൻ സിപിഐഎം തീരുമാനമെടുത്തത്.
A CPIM local committee member, Annie Ashokan, was expelled from the party following her explosive allegation of an electoral 'deal' or collusion between the CPIM and the BJP in the Thiruvananthapuram Corporation elections.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."