അനീഷ് ജോർജിന്റ ആത്മഹത്യ; മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും
കണ്ണൂർ: കണ്ണൂരിലെ ബൂത്ത് ലെവൽ ഓഫീസർ അനീഷ് ജോർജിന്റ ആത്മഹത്യയിൽ അനീഷിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. ജോലി സമ്മർദത്തിന് പുറമെ വ്യത്യസ്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികളിൽ നിന്നും ഭീഷണി ഉണ്ടായെന്ന പരാതിയെ തുടർന്നാണ് ഇതെന്നാണ് പയ്യന്നൂർ ഡിവൈഎസ്പി കെ വിനോദ് കുമാർ വ്യക്തമാക്കിയത്. സിപിഎമ്മിന്റെ ഭീഷണിയാണ് അനീഷിന്റെ ആത്മഹത്യക്ക് കാരണമെന്ന് ബിജെപിയും കോൺഗ്രെസും ആരോപിച്ചിരുന്നു. അതേസമയം കോൺഗ്രസിന്റെ ഭീഷണി ഉണ്ടായിരുന്നെന്ന് സിപിഎമ്മും ആരോപിച്ചിട്ടുണ്ട്. ഇതിനെല്ലാം തുടർന്നാണ് അനീഷിന്റെ മൊബൈൽ ഫോൺ പരിശോധന നടത്തുന്നത്.
അതേസമയം അനീഷ് ജോർജിന്റ ആത്മഹത്യയിൽ ജില്ല കളക്ടർ വിശദീകരണം നൽകിയിരുന്നു. അനീഷിന് തൊഴിൽ സമ്മർദ്ദം ഇല്ലായിരുന്നെന്നും വിതരണം ചെയ്യാൻ ബാക്കിയുണ്ടായിരുന്നത് 50 ഫോമുകൾ മാത്രമായിരുന്നുവെന്നും കളക്ടർ വ്യക്തമാക്കി. അനീഷ് കൃത്യമായി ഉത്തരവാദിത്വങ്ങൾ നിറവേറ്റിയിരുന്ന ആളാണെന്നും സഹായം എന്തെങ്കിലും വേണോ എന്നറിയാനായി ഉദ്യോഗസ്ഥൻ വിളിച്ചപ്പോൾ ആവശ്യമില്ലെന്നുമായിരുന്നു മറുപടിയെന്നും കളക്ടർ പറഞ്ഞു.
പൊലിസിന്റെയും വകുപ്പ് തല അന്വേഷണത്തിലും അനീഷിന്റെ ആത്മഹത്യയിൽ തൊഴിൽ സമ്മർദ്ദം ഇല്ലെന്നാണ് കണ്ടെത്തൽ. പൊലിസിന്റെയും ഭരണപരമായ അന്വേഷണങ്ങളിലൂടെയും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എസ്ഐആറുമായി ബന്ധപ്പെട്ട ജോലികളും അനീഷിന്റെ മരണവും തമ്മിൽ വ്യക്തമായ ബന്ധം സ്ഥാപിക്കപ്പെട്ടില്ലെന്നും കളക്ടറുടെ വാർത്ത കുറിപ്പിൽ പറയുന്നുണ്ട്.
അനീഷ് ജോർജിനെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയിരുന്നത്. തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട ജോലി സമ്മർദ്ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചത്. വ്യക്തിപരമായി മറ്റു കാരണങ്ങളൊന്നുമില്ലെന്നും കുടുംബം വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."