ആഢ്യന്‍പാറ വെള്ളച്ചാട്ടം; തേക്കുകളുടെ പെരുമയുമായി ലോകത്തിനു മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്ന, കാടും കോടയും താണ്ടി നിലമ്പൂരിലെ ആഢ്യന്‍ പാറയിലേക്ക് ഒരു യാത്ര പോയാലോ കൂട്ടുകാരുമൊത്ത്
യാത്രപോകാന്‍ ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. മലകളും പുഴകളും കുന്നുകളും കാടുകളുമൊക്കെയായി മനോഹരമായ കാഴ്ചകള്‍ കാണാന്‍ നമുക്ക് ഇഷ്ടമാണ്. വെള്ളിയരഞ്ഞാണ്‍ പോലെ വളഞ്ഞു പുളഞ്ഞു ശക്തമായി താഴേക്ക് പതിക്കുന്ന ആഢ്യന്‍പാറയിലെ വെള്ളച്ചാട്ടം കാണാം നമുക്കൊരുമിച്ച്.
എത്രകണ്ടാലും മതിവരാത്ത ആഢ്യന്‍പാറ വെള്ളച്ചാട്ടവും കാനന ഭംഗിയും ആസ്വദിക്കാന്‍ ഇതുപോലെ ചെലവ് കുറഞ്ഞ മറ്റൊരു ഇടം ഉണ്ടോ എന്നതുതന്നെ സംശയമാണ്. ആളുകളുടെ ശ്രദ്ധയില്‍ അധികം പെടാത്ത ഈ മനോഹരസ്ഥലം കാണേണ്ടതു തന്നെയാണ്. ഒഴിവുകിട്ടുമ്പോള്‍ സംസ്ഥാനം വിടുന്ന നമ്മള്‍ നമുക്ക് ചുറ്റുമുള്ള പ്രകൃതിയിലെ മികച്ച കാഴ്ചാനുഭവങ്ങള്‍ കാണാതെ പോകുന്നു. മലമുകളില്‍നിന്ന് ഒലിച്ച് വരുന്ന വെള്ളം ശക്തിയായി വീഴുന്നത് കാണാന്‍ വല്ലാത്തൊരു ഭംഗിയാണ്.
വാഹനങ്ങള്‍ കുത്തനെയുള്ള കയറ്റം കയറിയാണ് ആഢ്യന്‍പാറയിലേക്ക് എത്തുന്നത്. ഇതൊരു അഡ്വഞ്ചര്‍ യാത്രാനുഭവവും നല്‍കുന്നു. ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണീയത പതഞ്ഞൊഴുകുന്ന തൂവെള്ള നിറത്തിലുള്ള ശുദ്ധമായ വെള്ളമാണ്. ഈ മലമുകളില്‍ സ്ഥിതി ചെയ്യുന്ന മണിച്ചിക്കല്ല് എന്നു വിളിക്കുന്ന ചെറിയ പാറയിലെ ഭീമന്‍ പാറ സഞ്ചാരികള്‍ക്ക് കൗതുകമാവും. ഇവിടേക്കെത്തുന്ന വിനോദസഞ്ചാരികള്‍ക്കായി ഭക്ഷണകേന്ദ്രങ്ങളും പാര്‍ക്കിങ് സൗകര്യങ്ങളും ധാരാളമായി ഒരുക്കിയിട്ടുണ്ട്. നാടന്‍ തേന്‍, കല്ലുവാഴ തുടങ്ങിയ പ്രകൃതിദത്ത ഉല്‍പന്നങ്ങളും ഇവിടെ നിന്ന് വാങ്ങാന്‍ പറ്റും. വെള്ളച്ചാട്ടത്തിന് സമീപത്തായി താമസസൗകര്യവുമുണ്ട്. ആവശ്യക്കാര്‍ക്ക് പ്രയോജനപ്പെടുത്താം.
വളരെ ശുചിത്വമുള്ള പരിസരവും നീന്തിത്തുടിക്കാവുന്ന നീരൊഴുക്കും ആഢ്യന്‍പാറയുടെ പ്രത്യേകതയാണ്. ഇവിടുത്തെ ജലത്തിന് ഔഷധ ഗുണമുണ്ടെന്നു പറയപ്പെടുന്നു. അ്രതിശക്തമായി ഒഴുകുന്ന വെള്ളം പാറകളില്‍ തട്ടിയും തലോടിയും ശബ്ദ സാഗരങ്ങള്‍ തീര്‍ത്ത് പതഞ്ഞു പൊങ്ങുന്നതു കാണുമ്പോള്‍ വല്ലാത്തൊരനുഭൂതിയാണ്. വയനാടന്‍ മലനിരകളുടെ അതിര്‍ത്തി പങ്കിടുന്ന തേന്‍പാറ മഞ്ഞപ്പാറ മലകളാണ് കാഞ്ഞിരപ്പുഴക്ക് ജന്മം നല്‍കിയത്.
ചെറുകിട ജലവൈദ്യുതി ഉല്‍പാദന കേന്ദ്രം
വെള്ളച്ചാട്ടത്തിന്റെ ഏതാനും മീറ്ററുകള്‍ക്കപ്പുറത്താണ് ചെറുകിട ജലവൈദ്യുത പദ്ധതി പ്രവര്‍ത്തിക്കുന്നത്. ഇവിടെയും സഞ്ചാരികള്‍ക്ക് സന്ദര്‍ശനാനുമതിയുണ്ട്. വെള്ളച്ചാട്ടത്തിന്റെ മുകളില്‍നിന്ന് മല തുരന്നെത്തുന്ന വെള്ളം പെന്‍സ്റ്റോക്ക് വഴി താഴെയുള്ള വൈദ്യുതി നിലയത്തില്‍ എത്തി ടര്‍ബയിനിലേക്ക് ശക്തമായി പതിച്ചാണ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്. വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്ക് വലിയ അറിവാണ് ഇതിലൂടെ നേരിട്ട് അനുഭവിക്കാന്‍ കഴിയുന്നത്.
നിലമ്പൂരില്‍നിന്ന് 15 കിലോമീറ്ററാണ് ചാലിയാര്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന കുറുമ്പലങ്ങോട് വില്ലേജിലെ ആഢ്യന്‍പാറയിലേക്കുള്ളത്. എല്ലാവരും കുടുംബവുമൊത്തോ സുഹൃത്തുക്കളുമൊത്തോ ഒക്കെ പോയി കാണേണ്ട സ്ഥലം തന്നയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."