In Depth Story : ഈ ലോക മനുഷ്യാവകാശ ദിനത്തിൽ കാശ്മീരികളെ ഓർക്കാം; ആർട്ടിക്കിൾ 370 നീക്കിയ ശേഷം 'ഭൂമിയിലെ സ്വർഗ്ഗത്തി'ൽ മാറ്റം ഉണ്ടായോ
വിഭജനാനന്തരം തൊട്ട് തന്നെ വലിയ സംഘർഷങ്ങൾക്ക് സാക്ഷ്യം വഹിച്ച പ്രദേശമാണ് കശ്മീർ. മലനിരകളും, താഴ്‌വരകളും, നദികളും അടങ്ങിയിട്ടുള്ള കശ്മീരിന്റെ മണ്ണിൽ കഴിഞ്ഞ ഏഴ് പതിറ്റാണ്ട് കാലത്തോളം മുഴങ്ങി കേട്ട വെടിയൊച്ചകൾക്ക് കണക്കില്ല. കാണാതാക്കപ്പെട്ട മനുഷ്യർ പതിനായിരത്തോളം വരും. കൊല്ലപ്പെട്ടതും, ജയിലിലാക്കപ്പെടുകയും ചെയ്ത മനുഷ്യർ വേറെയും. കശ്മീരിന്റെ മേലെയുള്ള അവകാശ വാദങ്ങൾ, ഈ അവകാശ വാദങ്ങൾക്കിടയിൽ ഉടലെടുക്കുന്ന സംഘർഷങ്ങൾ, യുദ്ധങ്ങൾ, കലാപങ്ങൾ... ഇതിന് പുറമെ കശ്മീരിന്റെ അകത്ത് തന്നെയുള്ള വിഘടന വാദികൾ വേറെയും. ഇതിനൊക്കെ ഇടയിൽ ഭൂമിയിലെ സ്വർഗ്ഗം എന്ന് ആമിർ ഖുസ്റു വിശേഷിപ്പിച്ച കശ്മീരിലെ മനുഷ്യർക്ക് സാധാരണ ജീവിതം നയിക്കാൻ സാധിക്കാതെ വീർപ്പ് മുട്ടുകയാണ്. ഡിസംബർ 10 മനുഷ്യാവകാശ ദിനമായി യു എൻ 1948ൽ പ്രഖ്യാപിക്കുന്നത് ഇന്നേ ദിവസം മനുഷ്യാവകാശ പോരാട്ടങ്ങളെ ഓർക്കുവാനും, അത് ലംഘിക്കപ്പെടുന്ന മനുഷ്യർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനും വേണ്ടിയാണ്. അത് കൊണ്ട് ഇന്ത്യയിൽ ജീവിക്കുന്ന നമ്മൾ ഇന്നേ ദിവസം കശ്മീരികളെയല്ലാതെ വേറെയാരെ ഓർക്കാൻ?
ആർട്ടിക്കൽ 370:
വിഭജന സമയത്ത് ഇന്ത്യയും പാകിസ്ഥാനും കശ്മീരിന് മേലെ അവകാശ വാദം ഉന്നയിച്ചു കൊണ്ടിരിക്കുന്ന സമയത്താണ്, കശ്മീരിലെ രാജാവ് മഹാരാജ ഹരി സിംഗ് 1947 ഒക്ടോബർ 26ന് ഇന്ത്യയുമായി 'ദി ഇൻസ്‌ട്രുമെന്റ് ഓഫ് ആക്‌സഷൻ' ഒപ്പ് വെക്കുന്നത്. ഇതോട് കൂടി കശ്മീർ ഇന്ത്യയുടെ ഭാഗമായി തീരുകയായിരുന്നു. വിഘടനവാദികളുടെയും, പാകിസ്ഥാനിന്റെയും അധിനിവേശത്തിൽ നിന്ന് കശ്മീരിനെ ഇന്ത്യ സഹായിക്കുമെന്ന ഉറപ്പിലാണ് ഈ കരാറിൽ രാജാവ് ഒപ്പ് വെക്കുന്നത്. പകരം ഇന്ത്യ കശ്മീരിനെ ഇന്ത്യയുടെ ഭാഗമായി കാണുമ്പോൾ തന്നെ നിയമ നിർമ്മാണത്തിലും, മറ്റു പല മേഖലകളിലും കശ്മീരിന് സ്വയം ഭരണവകാശം നൽകുകയും ചെയ്തു. ഇത് ഭരഘടനാപരമായി ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് ആർട്ടിക്കൽ 370 ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തുന്നത്. ഇത് കശ്മീരിന്റെ പ്രത്യേക സ്വയം ഭരണ പദവി നിലനിർത്തി.
എന്നാൽ, 2019 നരേന്ദ്ര മോദി രണ്ടാമത് അധികാരത്തിലേറിയ ഉടൻ നടപ്പിലാക്കിയ തീരുമാനങ്ങളിൽ ഒന്നാണ് ആർട്ടിക്കിൾ 370 ഭരണഘടനയിൽ നിന്ന് എടുത്ത് മാറ്റിയത്. ഇതോട് കൂടി കശ്മീരിലെ പ്രത്യേക സ്വയംഭരണ പദവി ഇല്ലാതാവുകയും, കശ്മീർ കേന്ദ്ര ഭരണ പ്രദേശവുമായി തീരുകയും ചെയ്തു. നിലവിൽ കശ്മീരിലെ ജനങ്ങൾ തെരഞ്ഞെടുത്ത മന്ത്രിസഭയെ പോലും നോക്ക് കുത്തികളാക്കി കൊണ്ട് കേന്ദ്രം നിയമിച്ച ലെഫ്റ്റനന്റ് ഗവർണറിലൂടെ കേന്ദ്ര നയങ്ങൾ കശ്മീരിൽ നേരിട്ട് നടപ്പിലാക്കുകയാണ്. കശ്മീരിന്റെ മുഖ്യ മന്ത്രി ഉമർ അബ്‌ദുള്ള തന്നെ പലപ്പോഴായി ഭരണം രാജ് ഭവൻ നേരിട്ടാണ് നടത്തുന്നത്, സംസ്ഥാന സർക്കാരിനെ കാര്യങ്ങൾ അറിയിക്കുന്നില്ലെന്ന് സൂചിപ്പിക്കുകയുണ്ടായി.
ആർട്ടിക്കൽ 370 എടുത്തു കളഞ്ഞ ശേഷം:
കേന്ദ്രം ആർട്ടിക്കൽ 370 എടുത്ത് കളഞ്ഞ ശേഷം കശ്മീരിൽ നടത്തി കൊണ്ടിരിക്കുന്ന മാനുഷിക വിരുദ്ധമായിട്ടുള്ള പ്രവർത്തികളെ കുറിച്ചുള്ള പല റിപ്പോർട്ടുകളും ഇതിനോടകം തന്നെ പുറത്ത് വന്നിട്ടുണ്ട്. മാധ്യമ പ്രവർത്തകരെയും ആക്റ്റിവിസ്റ്റുകളെയും യു. എ. പി. എ, പബ്ലിക് സേഫ്റ്റി ആക്റ്റ് (പി എസ് എ) തുടങ്ങിയ കരിനിയമങ്ങൾ ചാർത്തി അറസ്റ്റ് ചെയ്യുക, പാസ്സ്പോട്ട് പിടിച്ചെടുക്കുക, ബുൾഡോസർ വെച്ച് വീടുകൾ ഇടിച്ചു നിരത്തുക, വ്യാജ ഏറ്റു മുട്ടലുകളിലൂടെ നിരപരാധികളെ വെടി വെച്ച് കൊല്ലുക, തീവ്രവാദ ബന്ധം ആരോപിച്ച് യുവാക്കളെയും, പുരുഷന്മാരെയും തട്ടി കൊണ്ട് പോവുക, ഇന്റർനെറ്റ് തടഞ്ഞു വെക്കുക തുടങ്ങി കഴിഞ്ഞ 6 വർഷത്തിനിടയിൽ കേന്ദ്രം കശ്മീരിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്നത് സമാനതകളില്ലാത്ത അവകാശ നിഷേധങ്ങളും നടപ്പാക്കി വരുന്നു. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘങ്ങൾ ഇത് സംബന്ധിച്ചുള്ള ദീർഘമായ പഠനങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്.
അംനെസ്റ്റി ഇന്റർനേഷണൽ നടത്തിയ പഠന പ്രകാരം ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞ ശേഷം ഏതാണ്ട് 200 കശ്മീരികളുടെ പാസ്സ്പോട്ടുകൾ കേന്ദ്രം റദ്ദാക്കിയിട്ടുണ്ട്. ഇതിൽ നിലവിൽ അമേരിക്കയിൽ ജീവിക്കുന്ന മസ്രത്ത് സഹ്റ എന്ന കശ്മീരി ഫോട്ടോ ജേർണലിസ്റ്റ് അടക്കം ഉൾപ്പെടുന്നുണ്ട്. കശ്മീരിലെ ജനങ്ങളുടെ ദൈന്യത തന്റെ കാമറയിലൂടെ പകർത്തി ലോകത്ത് എത്തിച്ച സഹ്റയ്ക്ക് ഒരുപക്ഷെ കശ്മീരിലേക്ക് ഇനിയൊരു മടങ്ങി വരവ് സാധ്യമല്ല. തന്റെ കുടുംബാംഗങ്ങളെ കാണാൻ സഹ്റ വന്നാൽ അറസ്റ്റ് ചെയ്യപ്പെടാനുള്ള സാഹചര്യവും ഏറെയാണ്. സഹ്റയുടെ പേരും പറഞ്ഞു കൊണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കശ്മീരിലെ സഹ്റയുടെ ബന്ധുക്കളെ വേട്ടയാടുകയാണെന്നും സഹ്റ പറഞ്ഞു വെക്കുന്നുണ്ട്.
പല കശ്മീരികളുടെയും 'ഓവർസീസ് സിറ്റിസൻ ഓഫ് ഇന്ത്യ' (ഇന്ത്യൻ വേരുകളുള്ള വിദേശികൾക്ക് ഇന്ത്യയിൽ അനുവദിക്കപ്പെട്ടിട്ടുള്ള അവകാശങ്ങൾ) സർക്കാർ എടുത്ത് കളഞ്ഞതായും പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ഇന്ത്യയിൽ ജനിച്ച ബ്രിട്ടീഷ് മാധ്യമ പ്രവർത്തകയും, ആക്റ്റിവിസ്റ്റുമായിട്ടുള്ള 82 വയസ്സുകാരിയായ അമൃത് വിൽസണാണ് അതിലൊരാൾ. ആർട്ടിക്കിൾ 370 കേന്ദ്രം എടുത്ത് കളഞ്ഞതിനെ വിമർശിച്ചതിനെ തുടർന്ന് ദേശ വിരുദ്ധ ശക്തികളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് കേന്ദ്രം വിൽസന്റെ ഒ. സി. ഐ റദ്ദാക്കുന്നത്.
കരി നിയമങ്ങൾ ചുമത്തിയുള്ള അറസ്റ്റുകൾ:
ജൂൺ 2024ലാണ് ജമ്മു & കശ്മീർ കോർട്ട് ബാർ അസോസിയേഷൻ മുൻ പ്രസിഡന്റ് മിയാൻ അബ്‌ദുൾ ഖയൂമിനെയും മറ്റു മൂന്ന് അഭിഭാഷകരെയും സുരക്ഷ സേന അറസ്റ്റ് ചെയ്യുന്നത്. അവർക്ക് മേലെ ചാർത്തപ്പെട്ട കുറ്റം ദേശ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട പ്രതികൾക്ക് സൗജന്യ നിയമ സഹായം നൽകുന്നു എന്നതാണ്. ഇനി കേന്ദ്രം ആരോപിക്കുന്നത് പോലെ ഈ മനുഷ്യർ ദേശ വിരുദ്ധരും, ഭീകരവാദികൾ ആണെന്ന് വെച്ചാൽ തന്നെയും അവർക്ക് വേണ്ടി വക്കാലത്ത് എടുക്കുന്നതോ, നിയമസഹായം നൽകുന്നതോ ദേശ വിരുദ്ധ പ്രവർത്തനമാകുന്നത് എങ്ങനെയാണ്? ഏത് കേസിലാണെങ്കിലും പോലീസ് പിടിച്ചു കൊണ്ട് പോയാൽ, ആ പ്രതിക്കും തന്റെ വാദം മുന്നോട്ട് വെക്കാനുള്ള അവകാശം ഭരണഘടന ഉറപ്പ് നൽകുന്ന ഒന്നാണ്. ഇനി ഇവർ ദേശ വിരുദ്ധരെന്ന പേരിൽ പിടിച്ച് കൊണ്ട് പോകുന്ന എല്ലാവരെയും കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ടോ? 2022ൽ ക്രൈം റെക്കോർഡ് ബ്യൂറോ പുറത്ത് വിട്ട കണക്കുകൾ അനുസരിച്ച് ഇന്ത്യയിൽ ഒട്ടാകെ ചാർജ് ചെയ്യുന്ന യു എ പി എ കേസുകളുടെ 37% ചാർജ് ചെയ്യപ്പെടുന്നത് കശ്മീരിലാണ്. വെറും 3% കേസുകൾ മാത്രമേ കുറ്റക്കാരാണെന്ന് കോടതിക്ക് കണ്ടെത്താൻ സാധിച്ചുള്ളൂ. 2019ന് ശേഷം ഇത്തരത്തിൽ പി എസ് എ, യു എ പി എ ചുമത്തി സുരക്ഷ സേന അറസ്റ്റ് ചെയ്തവരിൽ ഭൂരിഭാഗവും മാധ്യമ പ്രവർത്തകരോ ആക്റ്റിവിസ്റ്റുകളോ ആണെന്ന് കൂടി ഓർക്കണം. അതിൽ ഖുറം പർവേസ്, ഇർഫാൻ മെഹ്റജ് പോലെയുള്ള ലോക ശ്രദ്ധ പിടിച്ചു പറ്റിയ മാധ്യമ പ്രവർത്തകരും, ആക്റ്റിവിസ്റ്റുകളുമുണ്ട്.
സംസ്ഥാനത്തെ നോക്ക് കുത്തിയാക്കി ഭരണം പിടിച്ചെടുത്ത കേന്ദ്രം:
ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞ ശേഷം കശ്മീർ പിന്നീട് കേന്ദ്ര ഭരണ പ്രദേശമായി മാറി. സംസ്ഥാന സർക്കാരിന്റെ അധികാരം സമ്പൂർണ്ണമായി ഇല്ലാതാക്കുന്ന തരത്തിൽ 2024 ജൂലൈ 12ന് അധികാരം മുഴുവനായും ലെഫ്റ്റനന്റ് ഗവർണർക്ക് നൽകി. നിലവിൽ പ്രാദേശിക കാര്യങ്ങളിൽ പോലും തീരുമാനങ്ങൾ എടുക്കുന്നത്, കേന്ദ്രത്തിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് ഈ ഗവർണ്ണറാണ്. മാത്രമല്ല ആഭ്യന്തര കാര്യങ്ങളുടെ നിയന്ത്രണം കേന്ദ്രം സുരക്ഷ സേനയിലൂടെ നേരിട്ട് ഏറ്റെടുത്തിരിക്കുകയാണ്. ഇതിലൂടെ സർക്കാരിന് എതിരെ ശബ്ദിക്കുന്നവരുടെ വീടുകൾ മറ്റു ബി ജെ പി സംസ്ഥാനങ്ങളിലേത് പോലെ സർക്കാർ കശ്മീരിലും ഇടിച്ചു നിരത്തുകയാണ്. പ്രാദേശിക തലങ്ങളെയോ, സർക്കാർ സംവിധാനങ്ങളെയോ അറിയിക്കാതെ രാജ് ഭവൻ നേരിട്ടാണ് ഇതൊക്കെ നടപ്പിലാക്കുന്നതെന്ന് ജമ്മു & കശ്മീർ മുഖ്യ മന്ത്രി ഉമർ അബ്‌ദുള്ള പറയുകയും ചെയ്തു.
2019നും 2021നുമിടയിൽ 500 ദിവസത്തോളം കേന്ദ്ര സർക്കാർ ഇന്റർനെറ്റ് കശ്മീരിൽ തടഞ്ഞു വെച്ചതും നാം ഇതിനോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്. അങ്ങേയേറ്റം ജനാധിപത്യ വിരുദ്ധമായ ഈ നീക്കത്തെ കേന്ദ്രം ന്യായീകരിച്ചത് രാജ്യ സുരക്ഷ സംരക്ഷണം എന്ന പേരിലാണ്.
2020ൽ കശ്മീരിലെ മാധ്യമങ്ങളുടെ മേൽ കൊണ്ട് വന്നിട്ടുള്ള സെൻസറിങ്ങും കേന്ദ്രത്തിന്റെ അടിച്ചമർത്തൽ മനോഭാവത്തെ വ്യക്തമാക്കുന്ന ഒന്നാണ്. ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻഫോമേഷൻ ആൻഡ് പബ്ലിക്ക് റിലേഷന് മാധ്യമ സ്ഥാപനങ്ങളെയും, മാധ്യമ പ്രവർത്തകരെയും നിയന്ത്രിക്കാനുള്ള അധികാരം കേന്ദ്ര സർക്കാർ നൽകിയിരിക്കുകയാണ്. വ്യാജ വാർത്തകളും, ദേശ വിരുദ്ധ വാർത്തകളും തടയാനാണത്രെ അത്.
ഇങ്ങനെ എല്ലാ തലങ്ങളിലും കശ്മീരികളുടെ അവകാശങ്ങൾ നിഷേധിച്ചു കൊണ്ടിരിക്കുകയാണ് കേന്ദ്ര സർക്കാർ.
ആംഡ് ഫോഴ്സ് സ്പെഷ്യൽ പവർ ആക്റ്റിലൂടെ സൈന്യം വ്യാജ ഏറ്റു മുട്ടലുകളിലൂടെ കൊന്ന് കളഞ്ഞ മനുഷ്യർ അനേകമാണ്. 1989 മുതൽ 2015 വരെ സൈന്യം പിടിച്ചു കൊണ്ട് പോയി കാണാതായ കശ്മീരികളുടെ എണ്ണം ഏതാണ്ട് 8,000 മുതൽ 10,000 വരെ വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇങ്ങനെ കാണാതാക്കപ്പെട്ട മനുഷ്യരുടെ വിധവകൾക്ക് വേണ്ടി നിലകൊള്ളുന്ന എ.പി.ഡി.പി പോലെയുള്ള അനേകം മനുഷ്യാവകാശ സംഘടനകളും കശ്മീരിൽ പ്രവർത്തിക്കുന്നുണ്ട്.
സങ്കുചിത താത്പ്പര്യങ്ങളുടെയും, ഇസ്‌ലാമോഫോബിയയുടെയും ഏറ്റവും വലിയ ഇരകളാണ് കഴിഞ്ഞ ഏഴ് പതിറ്റാണ്ടോളമായി കശ്മീരിലെ ജനങ്ങൾ.
Summary : On World Human Rights Day, Kashmir stands as one of the most painful reminders of prolonged conflict, state suppression, and the struggle for dignity. Since Partition, the valley—once praised by Amir Khusrau as heaven on earth—has witnessed decades of gunfire, disappearances, custodial killings, and unending political turmoil. After Maharaja Hari Singh signed the Instrument of Accession in 1947, Article 370 of the Indian Constitution granted Jammu and Kashmir special autonomy, but its abrogation in 2019 under the Modi government erased this status and brought the region directly under central control. Over the past six years, reports from international human-rights organisations detail arbitrary arrests using UAPA and PSA, passport cancellations, bulldozing of homes, media censorship, prolonged internet shutdowns, and allegations of fake encounters. Journalists, activists, lawyers, and ordinary citizens have faced unprecedented restrictions—many detained, silenced, or stripped of their Overseas Citizen of India status for criticising government actions. Kashmir’s governance now rests almost entirely with the Lieutenant Governor, sidelining elected representatives and local institutions. Between 1989 and 2015, an estimated 8,000–10,000 people were disappeared, while rights groups like APDP continue to document the suffering of families seeking justice. As the world observes Human Rights Day, the ongoing denial of democratic rights, suppression of civil freedoms, and humanitarian violations in Kashmir compel us to remember the valley’s people—who remain among the greatest victims of geopolitical interests and rising Islamophobia.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."