ബോണ്ടി ബീച്ച് വെടിവയ്പ് ഹീറോ മുൻ സിറിയൻ സൈനികൻ
സിഡ്‌നി: ആസ്‌ത്രേലിയയിലെ സിഡ്‌നിയിൽ 15 പേരെ വെടിവച്ചുകൊന്ന അക്രമിയെ നിരായുധനാക്കിയ ഹീറോ മുൻ സിറിയൻ സൈനികൻ. മകൻ പൊലിസിലും സിറിയൻ കേന്ദ്ര സുരക്ഷാ സേനയിലും ജോലി ചെയ്തിട്ടുണ്ടെന്ന് പിതാവ് മുഹമ്മദ് ഫതാഹ് അൽ അഹ്മദ് പറഞ്ഞു. മകൻ ഹീറോയായതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബോണ്ടി ബീച്ചിൽ പഴക്കച്ചവടം നടത്തുന്ന 43കാരനായ അഹ്‍മദ് അൽ അഹ്‍മദ് തോക്ക് ചവിട്ടിത്തെറിപ്പിച്ചില്ലായിരുന്നെങ്കിൽ കൂടുതൽ പേർ ജൂത ആഘോഷത്തിനിടെ കൊല്ലപ്പെടുമായിരുന്നു.
അഹ്‍മദ് അക്രമിയുടെ തോക്ക് തെറിപ്പിക്കുന്നത് ഒരാൾ വിഡിയോയിൽ പകർത്തിയിരുന്നു. ഇത് പുറത്തുവന്നതോടെയാണ് അഹ്‍മദ് നാട്ടിലെ ഹീറോ ആയത്. എന്നാൽ ഇദ്ദേഹം അക്രമിയുടെ കൂടെയുള്ളയാളാണെന്ന് തെറ്റിദ്ധരിച്ച് പൊലിസും ആൾക്കൂട്ടവും ക്രൂരമായി മർദിച്ചിരുന്നു.
പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അഹ്‍മദിനെ ആസ്‌ത്രേലിയൻ പ്രധാനമന്ത്രി അന്റോണി ആൽബനീസ് ഉൾപ്പെടെ സന്ദർശിച്ചു. ആസ്‌ത്രേലിയൻ ജനതയുടെ ഐക്യത്തെയാണ് അഹ്‍മദിന്റെ ധീരപ്രവൃത്തി കാണിക്കുന്നതെന്ന് ആൽബനീസ് പറഞ്ഞു.
ബോണ്ടി ബീച്ചിൽ ജൂതന്മാരുടെ ആഘോഷമായ ഹനൂക്ക നടക്കുമ്പോൾ 50കാരനായ യുവാവും 24കാരനായ മകനും വിവേചനമില്ലാതെ വെടിവയ്ക്കുകയായിരുന്നു. പൊലിസിന്റെ വെടിവയ്പിൽ 50കാരനായ അക്രമി കൊല്ലപ്പെടുകയും ചെയ്തു.
സിറിയൻ പൗരനായ അഹ്‍മദ് 2006ലാണ് ആസ്‌ത്രേലിയയിലെത്തിയത്. സിറിയയിലെ ഇദ്‌ലിബാണ് സ്വദേശം. അതേസമയം, അഹ്മദ് ലബനാനിയായ ക്രൈസ്തവനാണെന്നും ജൂതനാണെന്നും നിരവധി സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പ്രചരിപ്പിച്ചിരുന്നു. എന്നാൽ അദ്ദേഹം ആസ്‌ത്രേലിയൻ പൗരനാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
അഹ്്മദിന് വേണ്ടി ഒഴുകിയെത്തിയത് 15 ലക്ഷം ഡോളർ
സിഡ്‌നി: ചികിത്സയിലുള്ള അഹ്്മദിനു വേണ്ടി ഗോഫണ്ട്മിയിലൂടെ ഒരു ആസ്‌ത്രേലിയക്കാരൻ നടത്തിയ ഫണ്ട് ശേഖരണത്തിൽ ഇതുവരെ ഒഴുകിയെത്തിയത് 15 ലക്ഷം ഡോളർ(13.55 കോടി രൂപ). അമേരിക്കൻ ശതകോടീശ്വരൻ ബിൽ അകാമാൻ മാത്രം 66,000 ഡോളർ സംഭാവന നൽകി. 40,000ത്തിലേറെ പേർ ഇതിനകം സംഭാവന നൽകിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."