ദുബൈയിലെ കനത്ത മഴയ്ക്കിടയിൽ ട്രാഫിക് നിയന്ത്രിച്ച് 'അജ്ഞാത നായകൻ'; വീഡിയോ വൈറൽ
ദുബൈ: യുഎഇയിൽ കനത്ത മഴയും കാറ്റും തുടരുന്നതിനിടയിൽ ദുബൈ ബിസിനസ് ബേയിൽ നിന്നുള്ള ഹൃദയസ്പർശിയായ ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. തോരാതെ പെയ്യുന്ന മഴയെയും വെള്ളക്കെട്ടിനെയും അവഗണിച്ച്, നടുറോഡിൽ ഒറ്റയ്ക്ക് നിന്ന് ഗതാഗതം നിയന്ത്രിക്കുന്ന ഒരു വ്യക്തിയുടെ ദൃശ്യങ്ങളാണ് ജനശ്രദ്ധ പിടിച്ചുപറ്റിയത്.
വെള്ളക്കെട്ടിൽ കുടുങ്ങിയ വാഹനയാത്രികർക്ക് വഴികാട്ടിയായി മാറിയ ഈ അജ്ഞാത നായകന്റെ ധീരതയെയും ഉത്തരവാദിത്തബോധത്തെയും പ്രശംസകൊണ്ട് മൂടുകയാണ് സൈബർ ലോകം. ദുബൈയിലെ പ്രതികൂല കാലാവസ്ഥയ്ക്കിടയിലും സഹജീവികളെ സഹായിക്കാൻ മുന്നിട്ടിറങ്ങിയ അദ്ദേഹത്തിന്റെ പ്രവർത്തനം മാനവികതയുടെ മികച്ച ഉദാഹരണമായാണ് പലരും വാഴ്ത്തുന്നത്.
കനത്ത മഴയെത്തുടർന്ന് ദുബൈ നഗരത്തിലെ യാത്രാ സൗകര്യങ്ങളിൽ വലിയ മാറ്റങ്ങളാണ് അധികൃതർ വരുത്തിയിരിക്കുന്നത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ദുബൈ, ഷാർജ, അജ്മാൻ എമിറേറ്റുകൾക്കിടയിലുള്ള ഇന്റർസിറ്റി ബസ് സർവീസുകൾ ആർടിഎ (RTA) താൽക്കാലികമായി നിർത്തിവച്ചു.
കൂടാതെ, ദുബൈ-ഷാർജ ഫെറി സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. റോഡുകളിൽ വെള്ളം ഉയർന്ന സാഹചര്യത്തിൽ യാത്രക്കാർ പുറപ്പെടുന്നതിന് മുൻപ് ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
മഴക്കെടുതി നേരിടാൻ ദുബൈ പൊലിസ്, മുനിസിപ്പാലിറ്റി, ആർടിഎ എന്നിവയുടെ സംയുക്ത സംഘങ്ങൾ 24 മണിക്കൂറും കർമ്മനിരതരാണ്. റോഡുകളിലെ വെള്ളക്കെട്ട് നീക്കം ചെയ്യാനും ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ചെറിയ അപകടങ്ങൾ സംഭവിക്കുന്ന പക്ഷം ഗതാഗത തടസ്സം ഒഴിവാക്കാൻ വാഹനങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണമെന്നും ഇന്ധന പമ്പുകളിലെ 'ഓൺ യുവർ വേ' (On Your Way) സേവനം വഴി വിവരങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നും പൊലിസ് നിർദ്ദേശിച്ചു. വരും മണിക്കൂറുകളിലും മഴ തുടരാൻ സാധ്യതയുള്ളതിനാൽ താമസക്കാർ അതീവ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ദുബൈ പൊലിസ് ഓർമ്മിപ്പിച്ചു.
A heartwarming video from Dubai Business Bay is making waves on social media as heavy rain and wind continue to batter the UAE. The footage of a man standing alone in the middle of the road, ignoring the relentless rain and waterlogging, has captured the attention of the public.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."